ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം

ഇറാനിലേക്കും ഇസ്രായേലിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കോ ഇസ്രായേലിലേക്കോ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് എല്ലാ ഇന്ത്യൻ പൗരന്മാരോടും വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം.

ഇരു രാജ്യങ്ങളും തമ്മില്‍ സംഘർഷ സാധ്യത വർധിച്ചതിനെ തുടർന്നാണ് നിർദേശം പുറപ്പെടുവിച്ചത്.

ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്ന ഇന്ത്യൻ പൗരൻമാർ അടുത്തുള്ള എംബസികളുമായി ബന്ധപ്പെടുകയും അവിടങ്ങളില്‍ രജിസ്റ്റർ ചെയ്യുകയും വേണം. പൗരൻമാർ അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യരുതെന്നും നിർദേശത്തില്‍ വ്യക്തമാക്കുന്നു.

സിറിയയിലെ ഇറാൻ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയതില്‍ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൗരൻമാർക്ക് ഇന്ത്യ നിർദേശം നല്‍കിയത്.

ഏപ്രില്‍ ഒന്നിന് ഡമസ്കസിലെ എംബസി വളപ്പിലുണ്ടായ ആക്രമണത്തില്‍ ഇറാന്റെ ഉന്നത ജനറലും മറ്റു ആറ് ഇറാനിയൻ സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.