ഇറാനിൽ ഇന്നു രാത്രി അതിശക്തമായ ആക്രമണം; ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുന്നതിനിടെ ഇറാനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം നടത്തുമെന്നും, രാജ്യത്തെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് അധികം വൈകാതെ അമേരിക്കൻ സൈന്യം പിടിച്ചെടുക്കുമെന്നും ട്രംപ് പറഞ്ഞു.
അമേരിക്ക ഇപ്പോഴും ഇറാനുമായി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും, ഇറാന്റെ എണ്ണ അടിസ്ഥാന സൗകര്യ കേന്ദ്രമായ ഖാർഗ് ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് താൻ മുൻഗണന നൽകുന്നതെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
ഇറാന്റെ നാവികസേന, വ്യോമസേന, റഡാർ സംവിധാനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഭൂരിഭാഗം പ്രതിരോധ സംവിധാനങ്ങളും, ഒപ്പം അവരുടെ ആക്രമണ ശേഷിയുടെ ഭൂരിഭാഗവും ഇല്ലാതായിക്കഴിഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ന് രാത്രി ഇറാനെതിരെ അതിശക്തമായി ആഞ്ഞടിക്കും," ട്രംപ് കുറിച്ചു.
"അധികം വൈകാതെ തന്നെ നമ്മൾ ഖാർഗ് ദ്വീപും മറ്റ് എണ്ണ അടിസ്ഥാന സൗകര്യങ്ങളും പിടിച്ചെടുക്കും. വെനിസ്വേലയിൽ ചെയ്തതുപോലെ ഇറാന്റെ എണ്ണ, വാതക വിപണികളുടെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും. ഇത് വെനിസ്വേലയ്ക്കും അമേരിക്കയ്ക്കും ഒരുപോലെ മികച്ച രീതിയിലാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്," ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.