കോഴിക്കോട്ടെ നിപ ബാധ ; പൂനെയിലെ പരിശോധനാ ഫലവും പോസിറ്റീവ്, രോഗിയുടെ നില ഗുരുതരം

Jun 11, 2026 - 16:04
 0  7
കോഴിക്കോട്ടെ  നിപ ബാധ ; പൂനെയിലെ പരിശോധനാ ഫലവും പോസിറ്റീവ്, രോഗിയുടെ നില ഗുരുതരം

സംസ്ഥാനത്ത് വീണ്ടും ആശങ്ക പരത്തി കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ രോഗബാധ സ്ഥിരീകരിച്ചു. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലവും പോസിറ്റീവ് ആയി പുറത്തുവന്നു. രാമനാട്ടുകര നഗരസഭാ പരിധിയിൽ ഫറോക്ക് കോളേജിന് സമീപം താമസിക്കുന്ന രോഗിയുടെ ആരോഗ്യനില നിലവിൽ അതീവ ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഐസൊലേഷൻ വാർഡിലെ വെന്റിലേറ്ററിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. മുൻപ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ഗവ. മെഡിക്കൽ കോളേജിലെ വിആർഡിഎൽ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ആദ്യം രോഗബാധ കണ്ടെത്തിയത്.

നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആർആർടി സംഘം അടിയന്തര യോഗം ചേർന്ന് ശക്തമായ നടപടികൾ ആരംഭിച്ചു. രാമനാട്ടുകര അഞ്ചാം ഡിവിഷനിലെ 50 വീടുകൾ വീതം ഉൾപ്പെടുത്തി പ്രത്യേക ക്ലസ്റ്ററുകൾ രൂപീകരിക്കാനാണ് തീരുമാനം. ആർആർടി സംഘം ഈ വീടുകളിൽ നേരിട്ടെത്തി പരിശോധന നടത്തുകയും ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിക്കുകയും ചെയ്യും.

നിലവിൽ രോഗിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയ 13 പേരെ ഒരു വീട്ടിൽ കർശന ക്വാറന്റൈനിലാക്കിയിട്ടുണ്ട്. ഇതുവരെ 14 കുടുംബാംഗങ്ങളും 58 ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ ആകെ 77 പേരുടെ സമ്പർക്കപ്പട്ടികയാണ് ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുള്ളത്. നിലവിൽ ഈ പട്ടികയിലുള്ള ആർക്കും തന്നെ രോഗലക്ഷണങ്ങൾ ഇല്ലെന്നും, പുതിയതായി ആർക്കെങ്കിലും ലക്ഷണം കണ്ടെത്തിയാൽ മാത്രമേ പ്രദേശം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം, രോഗബാധിതന്റെ കൃത്യമായ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും അത് ഉടൻ തന്നെ പുറത്തുവിടുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗി സന്ദർശിച്ച ഗോഡൗണിൽ നിന്നും സ്വന്തം വീട്ടുവളപ്പിൽ നിന്നും ശേഖരിച്ച് കഴിച്ച സപ്പോട്ട പഴത്തിൽ നിന്നാകാം വൈറസ് ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കുന്നതിനായി പഴ സാമ്പിളുകൾ ഉൾപ്പെടെയുള്ളവ നിലവിൽ വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.