തീയേറ്റർ കഥകൾ; Mary Alex

തീയേറ്റർ കഥകൾ; Mary Alex

 

     അമേരിക്കയിലേക്കുള്ള മൂന്നാമത്തെ യാത്രയിലാണ് അതുണ്ടായത്. ഒന്നാമത്തേത് റിട്ടയർമെന്റ് ത്രില്ലിൽ ആയിരുന്നു. ആദ്യവിമാനയാത്ര മുതൽ ഓരോന്നും ആസ്വദിച്ചു, ഓരോരോ പുതിയ കാഴ്ചകൾ. പുതിയ അനുഭവങ്ങൾ, അനുഭൂതികൾ. രണ്ടാമത്തേത് കൊച്ചു പുത്രന്റെ മാമോദീസക്ക്. ആദ്യത്തേത് ഇവിടെയായിരുന്നു. എന്റെ അവകാശം. ഇതു കുഞ്ഞിന്റെ വല്യപ്പച്ചന് . നാട്ടു നടപ്പ്. തലതൊട്ടപ്പനാകാൻ. രണ്ടു യാത്രയിലും കാണാത്ത രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നു. നായാഗ്ര വെള്ളച്ചാട്ടവും, പേരുകേട്ട ഒരു തീയേറ്ററിലെ സിനിമയും.രണ്ടും ഈ യാത്രയിൽ സാധ്യമായി. മക്കളുടെ മാതാപിതാക്കളോടുള്ള കാഴ്ചപ്പാടിനുംമഹാമനസ്കതക്കും എത്ര നന്ദി പറഞ്ഞാലും അതു കൂടിപ്പോവുകയില്ല.

   മകന്റെ താമസസ്ഥലമായ ഫിലദൽഫിയയിൽ ലങ്കാസ്റ്റർ എന്ന സ്ഥലത്തെ ഒരു തീയേറ്റർ. പേര് 'സൈറ്റ് ആൻഡ്‌  സൗണ്ട് '(Sight and Sound )അഞ്ചാറേക്കർ സ്ഥലത്തെ ഒരു തീയേറ്റർ. തീയേറ്റർ എന്നു പറഞ്ഞെങ്കിലും അവിടെ കാണിക്കുന്നത് സിനിമ അല്ല. സിനിമാറ്റിക് ഡ്രാമ. ബൈബിൾ കഥകൾ
മാത്രമേ ചിത്രീകരിക്കൂ. ഒരു കഥ നാലു മാസം മുതൽ ആറു മാസം വരെ തുടരും.
പിന്നെ കുറേ നാൾ തീയേറ്റർ ക്ലോസ് ചെയ്തിരിക്കും. അടുത്തതിനുള്ള തയ്യാറെടുപ്പ്. ഓരോ കഥക്കും ഓരോരോ  രംഗങ്ങൾ ആയിരിക്കുമല്ലോ, നാടകം പോലെ.

ഞങ്ങൾ കണ്ടത് ജീസസ്.
അതിന്റെ സെറ്റിംഗ്സ് തന്നെ വ്യത്യസ്തം. സീറ്റിങ് എല്ലാം സാധാരണ തീയേറ്റർ പോലെ. തീയേറ്ററിന്റ മദ്ധ്യഭാഗത്തുനിന്നും തുടങ്ങി മുൻവശവും ചേർത്തു മൂന്നുഭാഗത്ത് സ്റ്റേജ് . അതോ  180 ഡിഗ്രിയിൽ. ടിക്കറ്റ് നേരത്തെ ബുക്ക്‌ ചെയ്തിരുന്നു. യേശുക്രിസ്തുവിന്റെ ജനനം മുതൽ ബാല്യകാലം വരെയെ നമുക്ക് അറിയൂ. അതിനു ശേഷം കാണുന്നത് മുപ്പതാം വയസ്സിലാണ്. മുപ്പത്തിമൂന്നാം വയസ്സിൽ ക്രൂശിക്കപ്പെടുകയും ചെയ്തു. ആ മൂന്നു വർഷക്കാലമാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. യേശുവിന്റെ പരസ്യശുശ്രുഷയുടെ കാലം. യേശുവിനു മുൻപേ ജനിച്ച യോഹന്നാൻ സ്നാപകൻ  ദൈവരാജ്യത്തെ കുറിച്ച് സംസാരിച്ചുകൊണ്ട് വിവിധ സ്ഥലങ്ങളിൽ  മനുഷ്യരെ സ്നാനം ചെയ്യിച്ചിരുന്നു. ആ  സ്നാപകനിൽ നിന്ന് ജോർദാൻ നദിയിൽ വച്ച് യേശു സ്നാനം ഏറ്റു. ആ സമയത്ത് സ്വർഗ്ഗത്തിൽ നിന്ന് പരിശുദ്ധ റൂഹ (പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് ഇവർ മൂ ന്നും ഒത്തു ചേരുന്നതാണ് ത്രീത്വം ) പ്രാവിന്റെ രൂപത്തിൽ ഇറങ്ങി,തലയിൽ വന്നിരുന്നു. കൂടെ ഒരു അശരീരിയും കേട്ടു. "ഇവൻ എന്റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. " 


 കരയിൽ നിന്നവർ അതു കേട്ട് ഇവൻ ദൈവത്തിന്റെ പുത്രനോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. പിന്നെ പരിശുദ്ധാത്മാവ് യേശുവിനെ മരുഭൂമിയിലേക്ക് കൊണ്ടു പോയി. നാല്പതു പകലും നാൽപ്പത് രാവും യേശു അവിടെ ഉപവസിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നു. സാത്താന്റെ പരീക്ഷണങ്ങൾ തുടരെ യേശുവിനെ പിന്തുടർന്നെങ്കിലും  യേശു അതിനെയെല്ലാം ജയിച്ചു തിരികെ എത്തി. ദൈവരാജ്യം സമീപിച്ചിരിക്കുന്നു മനസാന്തരപ്പെടുവിൻ എന്നു ജനങ്ങളെ   ഉൽബോധിപ്പിച്ചു കൊണ്ടു നടന്നു  തുടങ്ങി .ദേവാലയങ്ങളിലും സിനഗോഗുകളിലും  കടന്നുചെന്ന് ആധികാരികമായി വചനങ്ങൾ പ്രഘോഷിച്ചു.  മീൻ പിടിച്ചു
നടന്നിരുന്നവരിൽ നിന്നും,മറ്റു തൊഴിലുകളിൽ ഉൾപ്പെട്ടവരിൽ നിന്നും  അനുയായികൾ ആക്കി കൂട്ടത്തിൽ കൂട്ടി അതിൽ നിന്ന് പേരു ചൊല്ലിവിളിച്ചു ശിഷ്യൻമാരാക്കി, പത്രോസിന്റെ നേതൃത്വത്തിൽ  പന്ത്രണ്ടുപേരെ തികച്ചു. അങ്ങനെ തുടങ്ങുന്നു പരസ്യ ശുശ്രുഷാകാലം.


      ഇടതു വശം കടൽത്തീരം അവിടെ മുക്കുവക്കുടിലുകളും സ്ത്രീകളുടെ സംഭാഷണങ്ങളും  കുട്ടികളുടെ കളിചിരികളും. ഇടയിലൂടെ വളർത്തുനായകളും പൂച്ചകളും കോഴികളും കഴുതകുട്ടികളും അങ്ങനെ പലതും. പുരുഷന്മാർ പലരും മീൻ പിടിക്കാൻ കടലിൽ വള്ളത്തിൽ പോയിരിക്കുന്നു. അവരുടെ വരവിനായികാത്തിരിക്കുന്ന കാഴ്ച്ച. മുൻവശത്തു ഇളകിമറിയുന്ന കടൽ. അകലെ കാണാം
വഞ്ചികളുടെ നിരകൾ ചിലത് ഉൾക്കടലിലേക്ക് ചിലത് കര ലക്ഷ്യമാക്കി. നോക്കിയിരിക്കെ വള്ളം അടുക്കുന്നതും സ്ത്രീകൾ ഓടി അടുത്ത് വല വലിക്കാനും
മീൻ പെറുക്കാനും തുടങ്ങുന്നതും. ചിലർ ചെറിയ കുട്ടകളിൽ മീനുമായി വീടുകളിലേക്ക് പോകുന്നു. പുരുഷന്മാർ എത്തുമ്പോഴേക്കും ഭക്ഷണത്തിനു മീൻ വിളമ്പണമല്ലോ.

   കണ്ണു തുറന്നിരിക്കെത്തന്നെ  വലതു വശത്തെ ഭാഗം തെളിഞ്ഞു വന്നതു
ബഥാനിയ എന്ന ഗ്രാമത്തിലെ ഒരു ഭവനം.മാർത്തയുടെയും മറിയയുടെയും അവരുടെ സഹോദരൻ ലാസറിന്റെയും. അവർ പല ജോലികളിൽ ഏർപ്പെട്ടു തമ്മിൽ സംസാരിക്കുന്നതും പാട്ടുകൾ പാടി നടക്കുന്നതും ഒക്കെയായി നല്ല രംഗങ്ങളുടെ  ഒരവതരണം. അവിടെയാണ് മാർത്ത ക്ഷണിച്ചിട്ടു പിന്നീട് പലപ്പോഴായി യേശുവും ശിഷ്യന്മാരും കടന്നു ചെല്ലുന്നതും മറിയ യേശുവിന്റെ
പാദത്തിനരികിൽ ഇരുന്ന് വചനം ശ്രവിക്കുന്നതും മാർത്ത എല്ലാവർക്കുമുള്ള ഭക്ഷണം തയ്യാറാക്കി വിഷമിക്കുന്നതും മറിയയെ തന്റെ സഹായത്തിനു കിട്ടാത്തതിൽ യേശുവിനോട് പരിഭവം പറയുന്നതും. അപ്പോൾ യേശു പറയുന്നു. മാർത്തെ! അവൾ നല്ലതു തെരഞ്ഞെടുത്തിരിക്കുന്നു. നീയോ ലോകത്തിനുവേണ്ടിയുള്ളതും. പിന്നൊരിക്കൽ യേശു കടന്നു വരുന്നതു മരിച്ചു നാലുദിവസമായ അവരുടെ സഹോദരൻ ലാസറിനെ ഉയർപ്പിക്കാനാണ്. ലാസർ മരിച്ചിട്ടില്ല, ഉറങ്ങുകയാണ് എന്നു പറഞ്ഞു കല്ലറ തുറപ്പിച്ച് എഴുനേൽപ്പിക്കുകയാണ്.

         ക്രിസ്തുവിന്റെ പ്രവർത്തികൾ ഒന്നുപോലും വിടാതെ ഒരു കലാകാരനും ചിത്രീകരിക്കാനാവില്ല. എങ്കിലും പ്രധാനമായ എല്ലാം തന്നെ അതിൽ നമുക്ക് കാണാൻ കഴിയും. കുരുടന്റെ കണ്ണു തുറപ്പിക്കുന്നതും കുഷ്ടരോഗിയെ സൗഖ്യപ്പെടുത്തിയതും  ആരോടും പറയരുത് എന്നു അനുശാസിച്ചുകൊണ്ട്. യേശു പരസ്യമായ ഒരു അത്ഭുതം പ്രവർത്തിച്ചു തുടങ്ങിയത് കാനാവിലെ കല്യാണവിരുന്നിൽ വീഞ്ഞു തീർന്നപ്പോൾ മാതാവ് അതു മനസ്സിലാക്കി അവർക്കുവേണ്ടി അതു ചെയ്യുവാൻ ആവശ്യപ്പെട്ടതു മുതലാണ് . ആദ്യം തടസ്സം പറഞ്ഞെങ്കിലും പരിചാരകരോട് അവൻ എന്തു പറഞ്ഞാലും അതു ചെയ്യുക എന്നു പറഞ്ഞു. യേശു അവരോട് ഉള്ള കൽഭരണികളിൽ  വെള്ളം നിറക്കാൻ പറയുകയും നിറച്ചു കഴിഞ്ഞപ്പോൾ ഇനി വിരുന്നുകാർക്ക് വിളമ്പിക്കൊള്ളുവാൻ പറയുകയും ചെയ്ത് കടന്നുപോയി. അവർ വിളമ്പിയപ്പോൾ അതുവരെ വിളമ്പിയതിലും മേൽത്തരം വീഞ്ഞായിക്കണ്ട് നല്ലതു ഒളിപ്പിച്ചുവച്ചിട്ടാണോ കൊള്ളാത്തതു വിളമ്പി ഞങ്ങളെ കളിപ്പിച്ചത് എന്നു പറഞ്ഞ് ക്ഷോഭിച്ചു.                          
  ശിഷ്യന്മാരെയും കൂട്ടി പല പല സ്ഥലങ്ങളിൽ കടന്നു ചെന്ന്
ഉപമകളിലൂടെ ദൈവരാജ്യത്തെ കുറിച്ചു സംസാരിക്കുന്നതും  അവർക്കും കൂടെക്കൂ ടുന്ന ജനങ്ങൾക്കും വിശന്നപ്പോൾ ഒരു ബാലന്റെ കയ്യിൽ ഉണ്ടായിരുന്ന അഞ്ചപ്പവും രണ്ടു മീനും പിന്നീടൊരിക്കൽ
ഏഴപ്പവും പരിപോഷിപ്പിക്കുന്നതും എല്ലാവരും തിന്നു തൃപ്തരായതിനുശേഷം കുട്ടകളിൽ നിറക്കുന്നതും, നിർത്താതെ തുടർന്ന പ്രസംഗം മൂലം യേശു ക്ഷീണിതനാകുന്നതും ജനത്തെ വിട്ട്
പടകിൽ കയറി അക്കരക്കു തുഴയിപ്പിക്കുന്നതും അതിൽ ഇരുന്ന് ഉറങ്ങിപ്പോയ യേശുവിനെ കടലിലെ പ്ര  ക്ഷോഭം കണ്ട് ഭയന്ന ശിഷ്യന്മാർ എഴുന്നേൽപ്പിക്കുന്നതും യേശു കടലിനെ ശാസിച്ചു ശാന്തമാക്കുന്നതും ശിഷ്യന്മാരോട് അൽപവിശ്വാസികളെ നിങ്ങൾക്ക് എന്ത്‌? എന്നു ചോദിക്കുന്നതും
പിന്നൊരിക്കൽ പത്രോസും കൂട്ടരും പടകിൽ ഇരിക്കുമ്പോൾ യേശു കടലിനു മീതെ നടന്നു വരുന്നതു കാണുന്നതും പത്രോസും വെള്ളത്തിനു മീതെ നടക്കാൻ ആഗ്രഹിച്ചു ചവിട്ടുമ്പോൾ കാൽ താഴ്ന്നു
വീഴാൻ ഭാവിക്കുന്നതും യേശു ദൈവത്തിന്റെ നാമത്തിൽ ധൈര്യമായി നടക്ക എന്നു പറഞ്ഞു നടത്തുന്നതും എല്ലാം കണ്മുന്നിൽ സംഭവങ്ങൾ ആയി കാണുമ്പോൾ നാം എന്താണ് പറയേണ്ടത്.


പിന്നെയും പലപല അത്ഭുതങ്ങൾ യേശുപ്രവർത്തിക്കുന്നുണ്ട്. യായിറോസിന്റെ മകളെ ഉയർപ്പിക്കുന്നത്, ഭൂതങ്ങളെ മനുഷ്യരിൽ നിന്ന് പുറത്താക്കുന്നത്, പന്ത്രണ്ടു വർഷമായി രക്തസ്രാവം മൂലം
വിഷമിക്കുന്ന ഒരു സ്ത്രീ തന്റെ വസ്ത്രത്തിന്റെ അരികിൽ തൊട്ടപ്പോൾ
തന്നിൽ നിന്നും ശക്തി പുറത്തേക്കു വന്നു അവളുടെ വിശ്വാസം കണ്ട് അവളെ  സൗഖ്യമാക്കുന്നതും ഇങ്ങനെ എണ്ണിയാൽ തീരാത്ത അടയാളങ്ങൾ ക്രിസ്തുവിൽ നിന്ന് കണ്ട് ഇവൻ നമുക്ക് എതിരാളി
എന്നു യഹുദപുരോഹിതന്മാർ മനസ്സിലാക്കി അവനെ പിടിക്കുവാൻ ആലോചന നടത്തുന്നു.
  എല്ലാം തികഞ്ഞവനായി രണ്ട്ശി ഷ്യന്മാരും ഒത്തു ഒരു മലയിൽ കയറിയിരുന്ന് പ്രാർത്ഥിക്കുമ്പോൾ യേശുവിനൊപ്പം, നേരത്തെ മരിച്ച് കബറടക്കപ്പെട്ട  മോശയെയും ഏലിയാവിനെയും കാണുകയും യേശുവിനു ചുറ്റും ദിവ്യവെളിച്ചം ചുറ്റപ്പെട്ടുയേശുവിന്റെ മുഖം പ്രകാശിതമാകുകയും
ചെയ്ത കാഴ്ച ശിഷ്യന്മാർക്കു ഒരു പ്രത്യേക അനുഭവമായി. കണ്ടിരിക്കുന്ന
നമുക്കും അത് രോമാഞ്ചമണിയിക്കുന്നതായിരുന്നു.

   ഇവക്കെല്ലാം അതീതമായി ഇരുവശത്തും ഇരിക്കുന്ന കാണികൾക്കിടയിലൂടെ കഴുതപ്പുറത്തിരുന്ന് കടന്നു വരുന്ന യേശുവും ഓശാന പാടിക്കൊണ്ട് ശിഷ്യരും പൂക്കളും കൊമ്പുകളും വിതറി അനുയായികളും യെരുശലേമിന്റെ തെരുവീഥികളിൽ കൂടി നടക്കുന്നതും, അതിനുശേഷം കടന്നു വരുന്നവ്യാഴാഴ്ചയിൽ  യേശു ശിഷ്യന്മാരുടെ കാലുകൾ കഴുകി തിരുവത്താഴം ഒരുക്കുന്നതും അത്താഴത്തിനിരിക്കെ അപ്പം മുറിച്ച് ഇതുഎന്റെ ശരീരമാകുന്നു എന്നും വീഞ്ഞു പകർന്ന് ഇതെന്റെ രക്തമാകുന്നു എന്നും പറഞ്ഞ് എല്ലാവർക്കും നൽകുകയും അതോടൊപ്പം ഇന്ന് എന്നോടൊപ്പം ഭക്ഷിക്കുന്ന  ഒരാൾ എന്നെ ഒറ്റികൊടുക്കും എന്നു പറഞ്ഞ് ഭക്ഷണം കഴിക്കുകയും ചെയ്തു . അവർ പരസ്പരം നോക്കി ഞാനോ? ഞാനോ?എന്നു  ചോദിച്ചു. പിറ്റേന്ന് രാവിലെ  കുതിരപ്പുറത്തു വന്ന പടയാളികൾ, ശിഷ്യനായ യൂദാ മുപ്പതു വെള്ളികാശിന്  യേശുവിനെ ചുംബനം കൊണ്ട് ഒറ്റികൊടുത്തതിനാൽ  പിടിക്കുന്നതും പീലാത്തോസിന്റെ  മുമ്പാകെ എത്തിക്കുന്നതും ഇവനിൽ ഞാനൊരുകുറ്റവും കാണുന്നില്ല എന്നു പറഞ്ഞ് പീലാത്തോസ് കൈകഴുകുന്നതും അടുത്ത ആളിന്റെ അടുക്കൽ എത്തുമ്പോൾ രണ്ടുകള്ളന്മാരോടൊപ്പം ക്രൂശിൽ തറക്കുവാൻ
വിധിക്കപ്പെട്ട് അപ്രകാരം ഗോഗുൽത്താ മലയിൽ നാട്ടപ്പെട്ട മൂന്നു കുരിശുകളിൽ
നടുവിലത്തേതിൽ നഗ്നനായി തലയിൽ മുൾക്കിരീടം വച്ച് കയ്യിലും കാലിലും കാരിരുമ്പാണികൾ  തറച്ച്  തൂക്കപ്പെടുകയും ചെയ്തു.ഇവൻ യഹൂ ദന്മാരുടെ രാജാവ് എന്നു സ്വയം വിശേഷിപ്പിക്കുന്നതിനാൽ ഇവന്റെ തലയിൽ ഇതുകൂടി ഇരിക്കട്ടെ എന്നുപറഞ്ഞ് INRI എന്ന് ആലേഘനം ചെയ്ത ഒരു ബോർഡും വച്ചുകൊടുത്തു.


ഹീബ്രു, ഗ്രീക്ക്,ലാറ്റിൻ  എന്നീ മൂന്നു ഭാഷകൾ ചേർന്ന നസറെത്തിലേ യേശു യഹുദന്മാരുടെ രാജാവ് എന്നർത്ഥം വരുന്ന  Iesue Nazarenus Rex Ludaeorum
എന്നതിന്റെ ആദ്യക്ഷരങ്ങൾ. ദാഹിച്ചപ്പോൾ പുളിച്ച കാടി വായിൽ ഇറ്റിച്ചു കൊടുത്ത് പടയാളികൾ പരിഹസിച്ചു. യേശുവിന്റെ മരണസമയത്ത് ആകാശം ഇരുണ്ടു, മിന്നലും ഇടിയും ഉണ്ടായി.പരിഹസിച്ച പടയാളികൾ ഇടിമിന്നലിന്റെ ശക്തിയിൽ താഴെ വീണു. ദേവാലയത്തിലെ തിരശീല മേൽതൊട്ട് അടിവരെ രണ്ടായി കീറി. ഇത്രയും കണ്ടപ്പോൾ പടയാളികൾ അവൻ ദൈവപുത്രൻ തന്നെ എന്ന് തമ്മിൽ പറഞ്ഞു. മരിച്ചു എന്ന് ഉറപ്പു വരുത്താൻ യേശുവിന്റെ
ചങ്കിൽ കുന്തം കൊണ്ട് കുത്തി രക്തവും വെള്ളവും കലർന്നു ഒഴുകിയത് കണ്ട് ഉറപ്പു വരുത്തി.
 യേശുവിന്റെ അനുയായികൾ യേശുവിന്റെ മൃതശരീരം കുരിശിൽ നിന്നിറക്കി ആരെയും അടക്കിയിട്ടില്ലാത്ത ഒരു കല്ലറയിൽ അടക്കി. ഒരു വലിയ കല്ല്ഉരുട്ടി വച്ച് വാതിൽ അടച്ച് പടയാളികൾ കാവലിരുന്നു,മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കും എന്ന പ്രവചനംമൂലം.അവർ പോലും അറിയാതെ അതു സംഭവിക്കുകയും ചെയ്തു. ആകാശത്തു നിന്ന് സമാധാനത്തിന്റെ പ്രതീകമായ പ്രാവുകൾ ആ കല്ലറക്കു ചുറ്റും പറന്നു നടന്നു. മാലാഖമാർ മുകളിൽ നിന്നും പറന്നു വന്ന് സ്തുതിഗീതങ്ങൾ പാടി.ഉണർന്നു നോക്കുന്ന പടയാളികൾ കാണുന്നത് വാതിൽ അടച്ചു വച്ചിരുന്ന കല്ല് മാറിയിരിക്കുന്നു. യേശു അതിനു
ള്ളിൽ ഇല്ല താനും. അവർ ഭയന്നു വിവരം മേലധികാരികളെ  അറിയിക്കാൻ ഓടി. യേശുവിന്റെ അനുയായികളായ രണ്ടു സ്ത്രീകൾ അതിരാവിലെ കല്ലറക്കൽ എത്തി കല്ലറ തുറന്നു കിടക്കുന്നതും ഉള്ളിൽ ആരും ഇല്ലാതിരിക്കുന്നതും കണ്ട്  ദുഃഖിച്ചു അവർക്കു മുന്നിൽ യേശു പ്രത്യക്ഷപെട്ടു. തുടർന്നു പിന്നാലെ വന്ന മാതാവിനും   മറ്റ് അനുയായികൾക്കും  മാലാഖമാരോടൊപ്പം അവരും യേശുവിന്റെ ഉയർപ്പിൽ സന്തോഷിച്ച് ആനന്ദം പങ്കുവച്ചു. എല്ലാം കണ്ട് സായുജ്യമടഞ്ഞ മനസ്സോടെ തീയേറ്റർ വിട്ട് ഇറങ്ങുമ്പോൾ മനസ്സിൽ ഓടിവന്നത് ഒന്നു മാത്രം.

        കോട്ടയം സി എം എസ് കോളേജിൽ ശ്രീ സൂര്യാ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ ഈ ബാലെ അരങ്ങേറിയപ്പോൾ കാണണം എന്ന ആഗ്രഹം കലശലായി ഉണ്ടായി. ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ മഴ കനത്ത് ഷോ നിർത്തി വച്ചു. പിന്നെ ആരംഭിച്ചപ്പോൾ ആദ്യം ബുക്ക് ചെയ്തവർക്ക് മാത്രമായി നടത്തുന്ന ഷോ എന്നു പറഞ്ഞു മടക്കി. അന്ന് കാണാൻ  തരപ്പെടാതെ വന്നതിന്റെയും കണ്ടു വന്നവർ പറഞ്ഞു കേട്ട അനുഭവം കൊണ്ട് അതു തീരാ നഷ്ടമായി പോയതിന്റെ
ദുഃഖം മാറി. ഒപ്പം ജീവിതത്തിൽ കൈവന്ന ഒരു ഭാഗ്യമായി കണ്ട് നിർവൃതി അടഞ്ഞു.


എന്റെ തീയേറ്റർ കഥകൾ ഇവിടെ അവസാനിക്കുന്നു.

 

മണിയ (Mary Alex)