ഒട്ടക പക്ഷിയുടെ ആക്രമണത്തിൽ വിറച്ചുപോയ നിമിഷങ്ങൾ

ഒട്ടക പക്ഷിയുടെ ആക്രമണത്തിൽ വിറച്ചുപോയ നിമിഷങ്ങൾ

  ലീലാമ്മ തോമസ് 

ബോട്സ്വാനയിൽ ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന മൊളാപ്പോ (Molappo) എസ്റ്റേറ്റിൽ നിരവധി ഒട്ടകപക്ഷി (Ostrich)കളെ കാണാം.

കാട്ടിൽനിന്നും  ചിലപ്പോൾ ഒട്ടകപ്പക്ഷികളുടെ  മുട്ട കിട്ടും .പക്ഷെ മുട്ട എടുക്കാൻ നമുക്ക് അവകാശമില്ല . വൈൽഡ് ലൈഫ് കേന്ദ്രത്തിൽ അറിയിച്ച് അവരുടെ അനുവാദത്തോടെയേ മുട്ട എടുക്കാൻ സാധിക്കൂ .

 ഒരു ദിവസം  വൈൽഡ് ലൈഫ് അധികൃതരിൽ നിന്ന് അനുവാദം വാങ്ങി മുട്ടയെടുക്കാൻ ഞാൻ പുല്ലിനിടയിലേക്ക് കുനിഞ്ഞു .

പെട്ടെന്ന് എന്നെ ഭയപ്പെടുത്തികൊണ്ട് ഒരു ഒട്ടകപക്ഷിയെന്റെ ദേഹത്തുചാടി വീണു. ഞാൻ പേടിച്ചുവീണുപോയി. ഭയങ്കരഭാരമാണ് ഈ ഒട്ടകപക്ഷികൾക്ക്. എന്നെ  കൊത്തി തിന്നുമെന്നുള്ള വാശിയോടാണ് അത്  എന്റെ ദേഹത്തു ചാടി വീണത്  . എന്നേ സഹായിക്കാൻ കൂടെവന്ന ബുഷ്മാനാകട്ടെ , പക്ഷി  എന്നെ ആക്രമിക്കുന്നതു  നോക്കിനിൽക്കുന്നത് കണ്ട് എനിക്കു സങ്കടം വന്നു.
സാധാരണ അങ്ങനെനോക്കി നിൽക്കുന്നവനല്ല ബുഷ്മാൻ. എന്നോടു നല്ല സ്നേഹമാണ്. എന്നാൽ ഇപ്പോൾ അവൻ ഒരു കല്ലു പോലും എടുത്തെറിഞ്ഞില്ല. എന്തായാലും ഒരു ചൈനക്കാരന്റെ രണ്ടു പട്ടികൾ ഒട്ടകപക്ഷിക്ക്   നേരെ ചാടി വീണു, അങ്ങനെ ഞാൻ രക്ഷപെട്ടു..പട്ടിയും ഒട്ടകപക്ഷിയുമായി പൊരിഞ്ഞ യുദ്ധം. ഒട്ടകപക്ഷി  ഒരു പട്ടിയുടെ കണ്ണിൽ കൊത്തി, പട്ടി ജീവനും കൊണ്ടോടി.

ബുഷ് മാന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തിൽ  എനിക്കു നല്ല ദേഷ്യം വന്നു.   എന്നെ വിളിച്ചു കൊണ്ടുവന്ന അവൻ ഇങ്ങനെ അനങ്ങാപ്പാറ പോലെ  നിന്നതെന്താണന്നു  എന്റെ മകൻ അവനോടു ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു. "ഒരാന വന്നാൽ ഞാൻ നേരിടും. എന്നാൽ ഒട്ടകപക്ഷിയെ  ഞങ്ങൾ ബുഷ്മാൻന്മാർ ഒന്നും ചെയ്യില്ലന്ന് ''.

കാരണം ഒട്ടകപ്പക്ഷിക്ക് പറക്കാൻ കഴിയില്ലെന്ന് ബുഷ്മാൻമാർ വിശ്വസിക്കുന്നു.  ദൈവം ഒട്ടകപ്പക്ഷിക്ക് തീയുടെ രഹസ്യം പറഞ്ഞുകൊടുക്കുകുകയും  ആ രഹസ്യം  കാത്തുസൂക്ഷിക്കാൻ പറയുകയും ചെയ്തു, ഒട്ടകപ്പക്ഷി രഹസ്യത്തെ  ചിറകിനടിയിൽ വയ്ക്കുകയും ഒരിക്കലും തുറക്കില്ലെന്ന് ശപഥം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും ഒട്ടകപ്പക്ഷിയെ കബളിപ്പിച്ച് മനുഷ്യൻ ആ  രഹസ്യം കണ്ടുപിടിച്ചു . പക്ഷേ  മറ്റുള്ളവരിൽ നിന്ന് രഹസ്യം സംരക്ഷിക്കുമെന്ന വാഗ്ദാനം ഒട്ടകപ്പക്ഷി ഇന്നുവരെ പാലിക്കുന്നു, അതുകൊണ്ട് അവ  പറക്കില്ല...  

ഒട്ടകപ്പക്ഷികൾ തല  മണലിൽ പൂഴ്ത്തിവെക്കുന്നത് അവരുടെ ഭക്ഷണ ശീലങ്ങളാൽ നിലനിൽക്കുന്ന ഒരു  കഥയാണ്. അവ വിത്തുകൾ തേടി നിലത്തിനടുത്ത് തല കുനിച്ച് ഭക്ഷണം കഴിക്കുന്നു.

എന്റെ ബെഡ്റൂമിൽ കിടന്നാൽ കേൾക്കാം ഒട്ടകപ്പക്ഷിയുടെ ഉച്ചത്തിലുള്ള നിലവിളി. ഞാൻ കരുതും സിംഹത്തിന്റെ ഒച്ചയാണന്ന് . ഒട്ടകപക്ഷിയുടെ അലർച്ചയാണ്.  രണ്ടു പേരും ഒരുപോലെയാണ് അലറുന്നത് .മരുഭൂമി സന്ദർശിക്കുന്നവർക്കു വളരെ ആശയക്കുഴപ്പം ഉണ്ടാക്കും ഇവരുടെ അലർച്ച. കാരണം  സിംഹം ഏതാണ് ഒട്ടകപക്ഷി ഏതാണ് എന്നറിയാൻ സാധിക്കില്ല.
 ഒകാവാംഗോയിലെ  തണ്ണീർത്തടങ്ങൾ മുതൽ അർദ്ധ മരുഭൂമി വരെ ബോട്സ്വാനയിലുടനീളം ഒട്ടകപ്പക്ഷികൾ കാണപ്പെടുന്നു.  
  ഫ്രാൻസിസ് ടൗണിനും Maun എന്ന സ്ഥലത്തിനുമിടയിൽ ഇവ  കൂട്ടം കൂടി റോഡ് ക്രോസ്സ് ചെയ്യുന്നത് കാണാം .

 മുട്ട ചെറിയ വാളു കൊണ്ടു മുറിക്കും. ഞങ്ങൾ ചെറിയ കുഴികുഴിച്ചു അതിൽ  കാട്ടിലെ ഇലകൾ ഇടും. അതിന്റെ മുകളിൽ പ്രത്യേക കാട്ടുമരത്തിന്റെ വിറകുകൾ  അടുക്കി അതിൽ തീ വെച്ചു കത്തിച്ചു  കനലാകുമ്പോൾ അതിൽ മുട്ട വെച്ചു മുകളിൽ ഇലയിട്ടു അല്പം മണൽ നികത്തി വെക്കും.. മുട്ട കനലിൽ കിടന്നു വേകും. അതു നല്ല രുചിയാണ് തിന്നാൻ. പൊരിക്കുന്നത് വലിയ രുചി യില്ല. മുട്ടയ്ക്ക്‌ ഒന്നേ കാൽ kg ഭാരo ഉണ്ട്, വെള്ളത്തിൽ ഒന്നര മണിക്കൂർ വേവിക്കും. ചിറകിലെ  തൂവലെടുത്തു  ഞങ്ങൾ ചൂലുണ്ടാക്കും,  


 മുട്ടത്തോട് കൊണ്ട് കരകൗശല വസ്തുക്ക ൾ ഉണ്ടാക്കും..തൂവൽ പിടിപ്പിച്ചുള്ള പാരമ്പര്യ ഡ്രസ്സ്‌ ഉണ്ടാക്കും..
പക്ഷികളിൽ വലിയ മുട്ടയാണ് ഇതിന്റെത് .. മരുഭൂമിയിൽ ധാരാളം മുട്ടയുണ്ട്. കോ ഴി മുട്ടയുടെ 24 ഇരട്ടി വലുപ്പം ഉണ്ട് .

ഈ മുട്ട കഴിച്ചാൽ  രോഗങ്ങൾ  ഉണ്ടാകില്ല. കൊഴുപ്പ് കുറവായതിനാൽ ഹൃദ്രോഗം ഉണ്ടാകില്ല.
മുട്ടത്തോടിൽ  നിറയ്ക്കുന്ന വെള്ളത്തിൽ ലിതോപ് കല്ലുകൾ ഇട്ടു കുടിക്കും. ആട്ടിടയന്മാർ മുട്ടത്തോടു കിഴിച്ചു  തോടിൽ വെള്ളം നിറച്ചു ലിതോപ് കല്ലുകൾ ഇട്ടുവെക്കും,

ദാഹം വരുമ്പോൾ കുടിക്കും.

ഒട്ടകപ്പക്ഷിയെ  വളർത്താൻ ഗവണ്മെന്റ് നല്ല സപ്പോർട്ട് ചെയ്യുന്നു.. 


ലീലാമ്മ തോമസ്, തൈപ്പറമ്പിൽ.

.