മഞ്ഞുമലകളിൽ തെന്നിനീങ്ങുന്ന പെൻഗ്വിനുകളെ പോലെ ഓർമ്മകൾ: കൂമ്പാള; രമേഷ് പെരുമ്പിലാവ്

മഞ്ഞുമലകളിൽ തെന്നിനീങ്ങുന്ന പെൻഗ്വിനുകളെ പോലെ ഓർമ്മകൾ: കൂമ്പാള; രമേഷ് പെരുമ്പിലാവ്

മ്മുടെ വർത്തമാന ജീവിതം, ഭൂരിഭാഗവും ഓർമ്മകളാൽ പൊതിഞ്ഞാണ് കിടക്കുന്നത്. തിരിച്ചുകിട്ടാത്ത ഒരു കാലത്തിനായി നാം കൊതിക്കുന്നുണ്ട് എല്ലായ്പ്പോഴും.
ജീവിതത്തിലുടനീളം വിലമതിക്കാൻ കഴിയാത്ത ഏറ്റവും നിർണായകമായ കാര്യങ്ങളിലൊന്നാണ് ഓർമ്മകൾ. നമ്മുടെ എല്ലാ അറിവുകളും മുൻ അനുഭവങ്ങളും അവിടെ സംഭരിച്ചിരിക്കുന്നതിനാൽ അവ നമ്മുടെ വ്യക്തിത്വം കെട്ടിപ്പടുക്കുന്നതിൻ്റെ അടിസ്ഥാന ഘടകം കൂടിയാണ്. ഓർമ്മകൾ നല്ലതും ചീത്തയും ആകാം. പണ്ടത്തേയോ ഈ കാലത്തെയോ ആകാം. ഈ ഓർമ്മകളുടെ സഹായത്തോടെ നമുക്ക് ജീവിതം സുഗമമായി നടത്താം. ഓർമ്മകൾ നമ്മെ പല തരത്തിൽ സഹായിക്കുന്നു. മുൻകാല തെറ്റുകളിൽ നിന്ന് നമുക്ക് സ്വയം തിരുത്താം. ബാല്യകാല സ്മരണകൾ നമുക്കെല്ലാവർക്കും നിധിയാണ്. നമ്മുടെ വാർദ്ധക്യത്തിലും അവർ നമ്മെ ചിരിപ്പിക്കും. ചിലപ്പോൾ സങ്കടപ്പെടുത്തുകയും ചിന്തിപ്പിയ്ക്കുകയും ചെയ്യും.'ഒവ്വാെറുപൂക്കളുമേ... സൊൾഗിരതെ.. '
എന്ന വേദനയുടെ ഈണമുള്ള പാട്ട് പാടുന്ന സെന്തിലിനെക്കുറിച്ചുള്ള ഓർമകളോടെയാണ് ജാബിർ തൻ്റെ കൂമ്പാള എന്ന (കഥ, ഓർമ്മ, യാത്ര) സമാഹാരം തുടങ്ങുന്നത്. ചെന്നൈയിലെ പഠന കാലത്ത് മെസ്സിൽ എച്ചിൽ പാത്രങ്ങളുമായി കലഹിച്ചിരുന്ന പന്ത്രണ്ടുകാരനെ അന്നത്തെ കോളേജ് വിദ്യാർത്ഥി അനുകമ്പയോടെ കേട്ടതും കണ്ടതും ഓർത്തെടുക്കുകയാണ് എഴുത്തുകാരൻ, ഈ ഗാനത്തിലൂടെ.

ചില ഇഷ്ടങ്ങൾ എക്കാലത്തും മനസ്സിൻ്റെ ഒരു കോണിൽ പൊടിപിടിച്ച്, മാറാല കെട്ടികിടക്കുന്നുണ്ടാവും മാറ്റാരുമത് കാണരുതെന്ന് ആഗ്രഹിക്കുന്ന ഇഷ്ടങ്ങൾ. കാലം മായ്ക്കാത്തത് എന്ന കഥ പറയുന്നത് ആ നൊമ്പരത്തെ പറ്റിയാണ്.

ഊഷരഭൂമി എന്ന കഥ അതിൻ്റെ പേരു പോലെ ഭൂമിയിൽ ചൂട് കൂടുന്നതിനെ കുറിച്ച് മാത്രമല്ല, സങ്കടപ്പെടുന്നത്. മനുഷ്യരുടെ മനസ്സുകളിലും അഗ്നിയുടെ സ്ഫുരണങ്ങൾ ചിതറിത്തെറിക്കുന്നതിനെ കുറിച്ചും ഈ ഉമ്മയുടെ നിലവിളി നമ്മളിൽ ആകുലത നിറയ്ക്കും.

ജനിച്ചു വളർന്ന മണ്ണിൽ നിന്നും ആട്ടിയോടിക്കുന്ന മനുഷ്യരുടെ ഒടുങ്ങാത്ത നിലവിളികളുടെ ധ്വനികൾ അലയടിക്കും, നിസ്സഹായതയുടെ കടലാഴങ്ങൾ എന്ന കുറിപ്പ് വായിക്കുമ്പോൾ. റോഹിംഗ്യൻ അഭയാർത്ഥികളുടെ പലായനം എത്ര ദുരിതപൂരിതമെന്ന് വായനയിൽ വേദനിക്കും.

അറേബ്യൻ നാടോടി ഗായകൻ്റെ നഷ്ടപ്രണയത്തിൻ്റെയും പ്രതികാരദാഹിയായ മാലിക്കിൻ്റെയും കഥ പറയുന്ന ദർവീശ് ഭാഷയുടെ അതിസുന്ദരമായ ആഖ്യാനമാണ്.

കാലം മായ്ക്കാത്തത് എന്ന കഥയുടെ തുടർച്ച പോലെ തോന്നിക്കുന്ന മറ്റൊരു കഥയാണ് ഒറ്റമരം. ഗൃഹാതുരതയുടെ കാലത്തെ ഒരു പതിവു കഥ. പുതിയ കാലത്തെ പ്രതിനിധാനം ചെയ്യാത്ത കഥകളെന്ന് പറയേണ്ടി വരുന്നു. അവയോട് ചേർത്ത് വെയ്ക്കാം മേടക്കാറ്റും ആമ്പൽ പുക്കളും.

പാതിയുടഞ്ഞു പോയൊരു കളിപ്പാട്ടം പാടത്തെ ചേറിൽ മുഖം കുത്തി വീണുകിടക്കുന്നു.... എന്നെഴുതി വെയ്ക്കുന്ന മേവാത്തിലെ കണ്ണീർപൂക്കൾ. ആ വരിയിൽ വായിച്ചെടുക്കാവുന്നതുപോലെ, പെൺ കൗമാരങ്ങളുടെ കദനമാണ് പറയുന്നത്. പട്ടിണി സംസ്ഥാനങ്ങളായ ആസാം, ബീഹാർ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നും അനേകം പെൺകുട്ടികളെ അടിമകളാക്കി വിൽക്കപ്പെടുതിൻ്റെയും ആവശ്യം കഴിഞ്ഞ് മറിച്ച് വിൽക്കപ്പെടുന്നതിൻ്റെയും പച്ചയായ ആവിഷ്ക്കാരം. ഓർമ്മകളിൽ നെഞ്ചകം പിടയുന്നതിൻ്റെ സാക്ഷിപത്രം

കൗതുകങ്ങളുടെ നക്ഷത്രക്കണ്ണുകൾ തുറന്ന് ഇന്നും വല്യുപ്പയുടെ കൈകൾ പിടിച്ച് കവുങ്ങിൻപ്പൂക്കുലകൾ വീണു കിടക്കുന്ന പാമ്പിലൂടെ നടന്നുപോകുന്ന ഒരെട്ടു വയസ്സുകാരനെ കാണാം തണൽമരങ്ങൾ മായുമ്പോൾ എന്ന ഓർമ്മയിൽ.

രക്തംപുരണ്ട തുഷാരബിന്ദുക്കൾ എന്ന കഥയിലെ പപ്പേട്ടൻ എന്ന അച്ഛൻ്റെ വാക്കുകൾക്ക് നീതി നിഷേധത്തിൻ്റെ കാലത്തെ ശക്തമായ പ്രതിഷേധത്തിൻ്റെ സ്വരമാണ്.

"മുപ്പതു വയസ്സുള്ള അവന് ആ പിഞ്ചു പെൺകുട്ടിയോട് അരുതാത്തത് തോന്നി. ആരുമില്ലാത്ത നേരത്ത് ആ കുരുന്നിൻ്റെ വായ പൊത്തി അവൻ... പോരാഞ്ഞ് കൊന്നുകളഞ്ഞ് കൊക്കയിൽ തള്ളി..!

നീതി അവന് ജാമ്യം നൽകിയപ്പാേൾ, ആ മകനെ കൊന്നുകളഞ്ഞ അപ്പനാണ് പപ്പേട്ടൻ.

വയസ്സരുടെ ശാപ ഗ്രാമമായ കണ്ണമ്പൂരിൽ മരണത്തിൻ്റെ മണം നിറഞ്ഞു നിൽക്കുന്നത്, ഒട്ടൊരു ഉൾക്കിടിലത്തോടെയേ വായിക്കാനാവുകയുള്ളു. കണ്ണമ്പൂര് പറയുന്നതൊക്കെയും മരണവിശേഷങ്ങളാണ്.

പ്രണയം സുന്ദരവും സുരഭിലവും വിരഹാർദ്രവും എന്നാൽ ഒട്ടും പ്രതികാര ദാഹമില്ലാത്തതുമായ ഒരു മനോഹര കാലത്തെ അടയാളപ്പെടുത്തുന്ന കഥയാണ് ഭഗ്നപ്രണയം

എനിക്ക് വരച്ചു മരിക്കണം എന്ന് ആശിച്ച, തൻ്റെ ചക്രക്കസേരയിൽ ഒഴുകി നീങ്ങിയിരുന്ന
ഫാത്തിമ രഹ്നയെന്ന പാത്തുവിനെ, കുഞ്ഞു ചിത്രകാരിയെ ലേഖകൻ ഓർത്തെടുക്കുന്നതാണ് വരച്ചു തീരാത്ത ചിത്രങ്ങൾ.

കണിയാൻ തുമ്പികൾ പറയുന്നത്; ഓർമ്മകൾക്ക് എന്തൊരു തെളിച്ചമാണ് എന്നതാണ്. ഭൂതകാലം ഒരു നദിയാണെന്നും. ഓർമ്മകളുടെ ശിരസ്സ് ഏകാകിയായി അതിൽ ഒഴുകി നടക്കുന്നുവെന്നുമാണ്.

ജാബിർ മലയിൽ

പിക് പോക്കറ്റിൻ്റെ സാദ്ധ്യതകൾ പറയുന്ന നല്ല ചെറുകഥയാണ്, പോക്കറ്റടി. ജീവിക്കാൻ ഗതി കെട്ട ഒരാൾ മറ്റൊരു വഴിയുമില്ലാതെ പോക്കറ്റടി നടത്തുന്നതും, ഇനിയും മരിച്ചിട്ടില്ലാത്ത മനുഷ്യത്വം അയാളിൽ പ്രവർത്തിക്കുന്നതുമാണ് കഥ. എന്നാൽ കഥ അവസാനിക്കുമ്പോൾ പോക്കറ്റടിക്കാരനെ പോലെ വായനക്കാരൻ്റെ നെഞ്ചിലും ഒരു മിന്നൽപ്പിണർ പാഞ്ഞ് ചെല്ലും. പോക്കറ്റടിയിൽ വർത്തമാന ജീവിതത്തിൻ്റെ ദൈന്യത അപ്പാടെ വരച്ചു വെയ്ക്കുന്ന എഴുത്തുകാരൻ പക്ഷേ, കർക്കിടക സന്ധ്യയിൽ കഥയുടെ പഴഞ്ചൻ കാല്പനിക വർണ്ണനകളിൽ മുഴുകി പോകുന്നുണ്ട്.

ഖലീഫാ ഉമർ എന്ന രാജാവിൻ്റെ രാത്രിസഞ്ചാരം അടയാളപ്പെടുത്തുന്ന നിശായാത്ര എന്ന അദ്ധ്യായം മനുഷ്യനെ മനസ്സിലാക്കാതെ ആഢഭംരജീവിതത്തിൽ ഭ്രമിച്ച് പോകുന്ന അധികാര നേതൃത്വനിരകൾക്ക് പഠിയ്ക്കാൻ ഉതകുന്ന മികച്ച മാനവിക മൂല്യങ്ങളുടെ പാഠമാണ്.

വരാമെന്ന വാക്ക് പാലിക്കാത്ത ഒരു മകനോ, ചേട്ടനോ, കാമുകനോ, കൂട്ടുകാരനോ ജാബിറിൻ്റെ കഥകളിൽ ഒരു പ്രധാന കഥാപാത്രമാണ്. പെൻടോർച്ചിൻ്റെ വെളിച്ചത്തിലോ മൊബൈൽ ഫ്ലാഷ് ലൈറ്റിലോ അതിന് വലിയ മാറ്റങ്ങൾ സംഭവിക്കുന്നില്ല എന്ന് അപരിചതൻ എന്ന കഥയും പറയുന്നുണ്ട്. അപരിചിതനിൽ പക്ഷേ സദാചാര പോലീസുകൂടി കടന്നു വരുന്നുവെന്ന് മാത്രം.

മായാതെ മെഹബൂബ്, വായനക്കാരുടെ മനസ്സിലും നെഞ്ചുപറിഞ്ഞു പോകുന്ന വേദനയുടെ ഒരിറ്റ് മിഴിനീർപ്പൂവായിത്തീരുന്നുണ്ട്.

മനുഷ്യൻ്റെ ആർത്തിയാൽ നേർത്തുപോകുന്ന പുഴയുടെ കരച്ചിൽ കേൾക്കാം, പനമ്പുഴക്കടവും കളിയാട്ടക്കാവും എന്ന അദ്ധ്യായത്തിൽ. ഒത്തിരിയൊത്തിരി അകലെയായിപ്പോയ ശരത്ക്കാലത്തെ കണ്ടെടുക്കാൻ കഴിയാത്ത ജീവിത സായന്തനം. എക്കാലത്തേക്കുമായി മറന്നു പോയ ഈണത്തിൽ, അതിൻ്റെ തേങ്ങൽ കേൾക്കാം.

പ്രളയരാവിൽ കഥയോ അനുഭവമോ എന്ന് വേർത്തിരിക്കാൻ പറ്റാത്ത കുറിപ്പ്. തൻ്റെ മിന്നിപ്പൂച്ചയെ പ്രളയജലത്തിൽ നിന്നും രക്ഷിക്കാൻ അസ്നയെന്ന നാലാം ക്ലാസ്സുകാരിയുടെ ഇടപെടൽ സങ്കടപ്പെയ്ത്തിൻ്റെ ബാക്കിപത്രമായിത്തീരുന്നു. ഫിറോസ്ക്കയെ ഓർത്തെടുക്കുന്ന നിനച്ചിരിക്കാതെ എന്ന ശീർഷകവും പ്രളയ ദുരന്തത്തിൻ്റെ ഓർമ്മയാണ്. നിനച്ചിരിക്കാതെ പരിചയപ്പെട്ട ഒരാൾ അതേ ആകസ്മികതയോടെ നിനച്ചിരിക്കാതെ വിട പറയുന്നുണ്ട് ഈ എഴുത്തിൻ്റെ നേർ സാക്ഷ്യത്തിൽ.

ജാബിറിൻ്റെ എല്ലാ കഥകളിലും ആവർത്തിച്ചു വരുന്ന ബിംബങ്ങളാണ്, നഷ്ട സ്നേഹത്തിൻ്റെ തേങ്ങലുകളും ഉപേക്ഷിക്കപ്പെട്ടത്തിൻ്റെ വേദനയും പശ്ചാതാപവുവും. കാലങ്ങൾക്കപ്പുറം ഒരു തേടി പോകലും, കണ്ടു മുട്ടാതിരിക്കലും. നരസിമുക്ക് എന്ന കഥയും വിഭിന്നമല്ല. എന്നാൽ കഥയിലേക്ക് കാലത്തേയും പ്രകൃതിയേയും ഇണക്കിചേർക്കുന്ന വർണ്ണനകൾ എല്ലായ്പ്പോഴും അതിമനോഹരങ്ങളാണ്. ഒരു ചലച്ചിത്രത്തിലെന്നവിധം കഥാചിത്രങ്ങൾ നമുക്ക് മുന്നിൽ തെളിഞ്ഞു വരും വായനയിൽ.

ബലിമൃഗങ്ങൾ വർത്തമാന കാലത്തും ഏറെ ചർച്ച ചെയപ്പെടുന്ന മതവൈര്യത്തിൻ്റെ ബലിയാടുകളുടെ ഓർമ്മയാണ്. മനസ്സിനെ അസ്വസ്ഥമാക്കുന്ന വേദനയോടെ മാത്രം വായിക്കാൻ കഴിയുന്നത്.

പുസ്തകം വായിച്ചു തീരുമ്പോൾ ഒരു കൂമ്പാള നിറയെ കഥകളും ഓർമ്മകളും യാത്രാവിവരണങ്ങളുമായി ജാബിർ മലയിൽ നമ്മുടെ വായനയിൽ നിറഞ്ഞു നിൽക്കും.

കോഴിക്കോട് പിയാനോ ബുക്സാണ് കൂമ്പാളയുടെ പ്രസാധകർ. ഉൾപ്പേജുകളിൽ ചിത്രകാരൻ സഗീറിൻ്റെ കൈയൊപ്പ് തെളിഞ്ഞു കിടപ്പുണ്ട്. റിൻജുവിൻ്റെ കവർച്ചിത്രവും സജുവിൻ്റെ കവർ ഡിസൈനും മനോഹരം.