താഴ്ത്തപ്പെട്ടവൻ്റെ ദുഃഖമാണ് ഓണം: സൂസൻ പാലാത്ര

താഴ്ത്തപ്പെട്ടവൻ്റെ
ദുഃഖമാണ് ഓണം.
മഹാബലി വലിയ ത്യാഗം
അനുഷ്ഠിച്ചവൻ
എന്നിട്ടും ജനലക്ഷങ്ങളുടെ
ആരാധനാപാത്രം
മഹാബലിയല്ല വാമനാണ്.
ജാതി മതദേദമില്ലാതെ
ഏവരും സോദരത്വേന
ഓണം കൊണ്ടാടുന്നു.
ഈച്ചയ്ക്കും ഉറുമ്പിനും
പോലും ഓണമുണ്ട്.
ചിലർ കാണം വിറ്റും
ഓണം ഉണ്ണുന്നു!
എന്നിട്ടുമെന്തേ,
അന്നങ്ങനെ വേണ്ടി വന്നു?
മാനുഷരെല്ലാരുമൊന്നുപോലെ
ഒരുമയായി കഴിഞ്ഞതല്ലേ
കള്ളവും ചതിയുമില്ലാതെ
നല്ല ഭരണം, തമ്പുരാൻ കാഴ്ചവച്ചതല്ലേ.
പിന്നെന്തേയിങ്ങനെ?
കൊടും ക്രൂരമായി
മാവേലി തമ്പുരാൻ്റെയടുത്ത്
വേഷം കെട്ടി
എല്ലാം മനസ്സിലായി...
ഇഷ്ടജനത്തെ പ്രസാദിപ്പിച്ചു...
അന്നേ സ്വജനപക്ഷപാതം ഉണ്ടായിരുന്നു...
മാവേലി അഹങ്കരിച്ചു പോലും...
നല്ല ഭരണം, സമൃദ്ധി എല്ലാം ജനത്തിനേകിയിട്ട്
അഹങ്കരിച്ചാലെന്തായിരുന്നു?
ഗുരുവാം ശുക്രാചാര്യനെ അനുസരിച്ചില്ലല്ലോ
ബലിയേ
വിശ്വജിത്ത് എന്ന ആ യാഗം
നടന്നിരുന്നെങ്കിലെന്തായിരുന്നു
നാടിൻ്റെയവസ്ഥ?
ഗുരു പറഞ്ഞതല്ലേ..
ഒരുതരി മണ്ണും വാമനനു കൊടുക്കണ്ടയെന്ന്.
അതാ പറയുന്നത്, ചക്രവർത്തിയായാലും
ഗുരുവിനെ അനുസരിക്കണമെന്ന്.
മഹാബലി വല്യ ദയാശീലനായി.
മഹാവിഷ്ണുവിൻ്റെ മൂന്നാമത്തെ
അടിയ്ക്ക് പാവം എൻ്റെ
തമ്പുരാൻ ദാ
പാതാളത്തിൽ.
അത്ര വലിയ ഒരടി അതിനു ശേഷം ആരും
കൊണ്ടിട്ടില്ലെന്ന്! ..
തമ്പുരാൻ വരുമ്പോൾ മാസ്കു കെട്ടണം,
സോപ്പിട്ടു കൈ നന്നായി
കഴുകണം,
അകലം പാലിക്കണം,
വാമനനിൽ നിന്നല്ല..
ഞങ്ങളിൽനിന്ന്....
ഞങ്ങൾക്കു് നല്ല ഓണം തന്നതിന്
പ്രതിഫലമായി അങ്ങേയ്ക്ക് കൊറോണ
തരാൻ പാടില്ലല്ലോ
ജാഗ്രത പാലിക്കണം
കരുതലോടെയിരിക്കണം
അങ്ങയെക്കാണാൻ ജനക്കൂട്ടം
പാഞ്ഞു വന്നാൽ 'ഓടിച്ചോണം'
'ഓടി പൊയ്ക്കോണം'
പിഞ്ചോമനകൾ
സാനിറ്റൈസറുമായി വരും
വാങ്ങി 'നല്ലോണം'
'തൂത്തോണം'
അങ്ങയെ വാമനൻ
ചതിച്ചു പാതാളത്തിലാക്കി
ചൈന ലോകത്തെ മുഴുവൻ പറ്റിച്ചു
എന്നിട്ടുമെന്തേ ചൈനയെ ചവിട്ടി താഴ്ത്താൻ
ആരും എത്തീല....
........