'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്':നടപ്പാക്കാൻ കടമ്പകളേറെ

ലോക്സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്താന്‍ ലക്ഷ്യമിടുന്ന 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ശിപാർശയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം . ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാൻ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായി നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോർട്ടിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
പ്രതിപക്ഷ എതിർപ്പുകളെ അവഗണിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രിസഭ "ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്' എന്ന ഏകീകൃത തെരഞ്ഞെടുപ്പ് ശിപാർശയ്ക്ക് അംഗീകാരം നൽകിയിരിക്കുന്നത്. ഇതനുസരിച്ച്, ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചു തെരഞ്ഞെടുപ്പ് നടത്തിയശേഷം 100 ദിവസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പുകളും നടത്താനാണ് ഉദ്ദേശിക്കുന്നത്.
2029ൽ നടത്താനിരിക്കുന്ന അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ പുതിയ തിരഞ്ഞെടുപ്പ് രീതി നടപ്പാക്കാനാണ് ബിജെപിയുടെ നീക്കം . തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം കാര്യക്ഷമമാക്കാനും സഹായിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത് . തെരഞ്ഞെടുപ്പ് തുടർച്ചയായി നടത്തുന്നത് രാജ്യപുരോഗതി തടസപ്പെടുത്തുമെന്ന് ചെങ്കോട്ടയിലെ കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സർക്കാരിന് പുതിയ തിരഞ്ഞെടുപ്പ് രീതി നടപ്പിലാക്കാൻ ഏറെ പ്രതിസന്ധികളുണ്ടാകും എന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ബിജെപി ഇത് തള്ളിക്കളയുകയാണ്. കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതിയെങ്കിലും ഇതിനായി വേണ്ടിവരുമെന്നും ഇതിനാവശ്യമായ അംഗബലം ലോക്സഭയിലോ രാജ്യസഭയിലോ നരേന്ദ്ര മോദിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറയുകയുണ്ടായി. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ഇത്തരം കാര്യങ്ങളുമായി ഇറങ്ങുന്നതെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചത്.
രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷികളുടെ ശക്തമായ എതിർപ്പിനെ കണക്കിലെടുക്കാതെ പദ്ധതിയുമായി മുന്നോട്ട്പോകാൻ കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാണിച്ചുവെങ്കിലും പുതിയ സംവിധാനം പ്രാവർത്തികമാകണമെങ്കിൽ നിർണായകമായ ഭരണഘടന ഭേദഗതികൾക്ക് പാർലമെന്റും പകുതി സംസ്ഥാന നിയമസഭകളും അനുമതി നൽകേണ്ടതുണ്ട്.
പുതിയ സംവിധാനം സാമ്പത്തികലാഭത്തെ ലക്ഷ്യമിടുമ്പോൾ ജനാധിപത്യവ്യവസ്ഥയുടെ പ്രാധാന്യത്തെ നശിപ്പിക്കുമെന്ന ആശങ്കയുമുണ്ട്. രാജ്യത്ത് ആറ് ദേശീയ പാർട്ടികളും 57 സംസ്ഥാന പാർട്ടികളും 2,597 അംഗീകാരം ലഭിക്കാത്ത പാർട്ടികളുമുണ്ടെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്ക് പറയുന്നത് . ദേശീയ പാർട്ടികൾ ഒഴികെ ബാക്കിയെല്ലാം പ്രാദേശിക താത്പര്യങ്ങൾക്കും സംസ്കാരത്തിനുമനുസരിച്ച് പ്രവർത്തിക്കുന്നവയാണ്. സംസ്ഥാനങ്ങളിലെ വിഷയങ്ങളിലൂന്നി തെരഞ്ഞെടുപ്പു നടക്കുന്പോൾ അതിൽ മാത്രം ശ്രദ്ധയൂന്നാനും ആവശ്യങ്ങൾ ചർച്ച ചെയ്യാനും സാധിക്കും. ഏകീകൃത തെരഞ്ഞെടുപ്പിൽ ദേശീയ വിഷയങ്ങളും സംസ്ഥാന വിഷയങ്ങളും പഞ്ചായത്തു തല വിഷയങ്ങളും ഒരേസമയം ചർച്ച ചെയ്യേണ്ടിവരുന്നത് വോട്ടർമാരെ കൺഫ്യൂഷ്യനിലാക്കുമെന്ന് തീർച്ച.
പുതിയ തിരഞ്ഞെടുപ്പ് രീതി വരുന്നതിലൂടെ തെരഞ്ഞെടുപ്പു ചെലവുകൾ കുറയ്ക്കാമെന്ന സർക്കാരിന്റെ വാദം ശരിയാകാം. പക്ഷേ, ജനങ്ങളുടെ നിരീക്ഷണത്തിൽനിന്ന് സർക്കാരിന് അഞ്ചു വർഷത്തേക്കു തുടർച്ചയായി ഒഴിവു കിട്ടുമെന്നത് ജനാധിപത്യത്തെ സംബന്ധിച്ച് ശുഭകരമല്ല . ഏകീകൃത തെരഞ്ഞെടുപ്പ് രീതി വരുന്നത് തുടർന്നുള്ള അഞ്ചു വർഷത്തെ ജനാധിപത്യത്തെയും ജനാധിപത്യ ഭാവിയെയും അട്ടിമറിക്കാനുള്ള സാധ്യതസൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ ഉണ്ടാവേണ്ടതുണ്ട് .
കേരളത്തിന്റെ കാര്യമെടുത്താൽ 2029ലെ പൊതുതെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടത്താൻ രണ്ടാം പിണറായി സർക്കാറിന്റെ കാലാവധി 2026ൽ നിന്ന് 29വരെയാക്കി മൂന്ന് വർഷം ദീർഘിപ്പിക്കുകയോ 2026ൽ തെരഞ്ഞെടുക്കപ്പെടുന്ന പുതിയ സർക്കാറിന്റെ കാലാവധി രണ്ടുവർഷത്തിലേറെ വെട്ടിച്ചുരുക്കുകയോ ചെയ്യണം. എല്ലാ സംസ്ഥാനങ്ങളുടെയും കാര്യത്തിൽ ഇങ്ങനെ ചെയ്യേണ്ടിവരും. ഒരിക്കൽ ഒറ്റ തെരഞ്ഞെടുപ്പായി നടത്തിയാലും കാലാവധി തീരും മുമ്പ് സർക്കാറുകൾ വീണാലും അവിശ്വാസ പ്രമേയം പാസായാലും സർക്കാരുകളുടെ കാലാവധി ഒന്നിച്ചുള്ള തെരഞ്ഞെടുപ്പിന് അനുസൃതമായി രണ്ടും മൂന്നും നാലും വർഷങ്ങൾ വെട്ടിച്ചുരുക്കേണ്ടി വരും. ആ നിയമസഭ തെരഞ്ഞെടുപ്പിന് ചെലവഴിക്കുന്ന പണം പാഴാകാനേ ഇത് സഹായിക്കൂ.
പാർലമെൻ്റ് പാസാക്കിയ രണ്ട് ഭരണഘടനാ ഭേദഗതി ബില്ലുകളെ ആശ്രയിച്ചാണ് പദ്ധതി നിലവില്‍ വരുന്നത്. എന്നാല്‍ വിവിധ പാർട്ടികളുടെ സമ്മതവും ഉണ്ടെങ്കിലേ സർക്കാരിന് പദ്ധതി നടപ്പാക്കാൻ സാധിക്കൂ . ലോക്സഭയില്‍ ബിജെപിക്ക് സ്വന്തമായി ഭൂരിപക്ഷമില്ലാത്തതിനാല്‍ എൻഡിഎയിലെ സഖ്യകക്ഷികളും പ്രതിപക്ഷ കക്ഷികളുമായും ചർച്ച ചെയ്യേണ്ടി വരും.
ബിജെപിയുടെ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നയത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കി എന്‍ഡിഎ സഖ്യ കക്ഷിയായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ജനതാദള്‍ (യുണൈറ്റഡ്) രംഗത്തുവന്നിട്ടുണ്ട്. പദ്ധതി രാജ്യത്തിന്‍റെ മൊത്തത്തിലുള്ള വികസനത്തിന് സഹായകമാകുമെന്നും പാര്‍ട്ടി വക്താവ് രാജീവ് രഞ്ജന്‍ വ്യക്തമാക്കി.
'ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ്' രീതി തിടുക്കത്തിൽ നടപ്പാക്കേണ്ട കാര്യമല്ല. ജനാധിപത്യ വ്യവസ്ഥയ്ക്ക് പോറലേല്പിക്കാതെ വേണം ഇത്തരം രീതികൾ നടപ്പാക്കാൻ എന്നത് ഗൗരവശ്രദ്ധയർഹിക്കുന്ന കാര്യമാണ്.