തത്തമ്മേ കുയിലേ ചിഞ്ചം കേട്ടോ: കാവ്യാ ഭാസ്ക്കർ, ബ്രഹ്മമംഗലം

തത്തമ്മേ കുയിലേ  ചിഞ്ചം കേട്ടോ: കാവ്യാ ഭാസ്ക്കർ, ബ്രഹ്മമംഗലം

ലമാരയിൽ നിന്നും മഞ്ഞയിൽ വെള്ള പുള്ളികളുള്ള എന്റെ പ്രിയപ്പെട്ട കെട്ടുടുപ്പ്. ചെറിയ പിഞ്ഞാണത്തിൽ പൂമ്പാറ്റ സ്ലൈഡുകൾ, മണി കെട്ടിയ കുഞ്ഞ് ബുഷ് കുഞ്ഞിത്തലമുടിയിൽ കൊമ്പു കെട്ടി കവിളത്തൊരു മറുകും കുത്തി അങ്കനവാടീൽ പോകാൻ നിൽക്കുകയാണ്. നടക്കുമ്പോൾ കീ കീ ന്നടിക്കണ കൊച്ചു ചെരിപ്പുണ്ട്. പണിയെല്ലാമൊതുക്കി ഇടതൂർന്ന മുടിയിഴകളെ വാരിക്കെട്ടി , അമ്മ ഒരു കയ്യിൽ ബാഗും മറുകയ്യിൽ എന്നെയും ഒക്കത്തു വച്ച് കുന്നത്തു മലകേറും. വലിയൊരു റബർ തോട്ടമാണ്. അതിൻ നടുവിലൂടെ കരിയില പാറിച്ചൊരു നടത്തം .

അമ്മയെ കെട്ടിപ്പിടിച്ച് ഒരു പാട്ടുണ്ട്.

" തത്തമ്മേ കുയിലേ

 ചിഞ്ചം കേട്ടോ"

 

പലയീണത്തിൽ താളത്തിൽ അങ്കനവാടിയെത്തും വരെ പാടുന്ന പ്രധാന പാട്ട്.

റബർക്കായും പെറുക്കി മരിച്ചു വീണ ഇലകളുടെ ദ്രവിച്ച നാരുകളെ കൗതുകത്തോടെ നോക്കി അമ്മയുടെ കയ്യും പിടിച്ചുള്ള നടത്തം.

കുന്നത്ത് മലയിറങ്ങി റോഡുമുറിച്ച് കടന്ന് സ്ലേറ്റു പച്ചകൾ മാടി വിളിക്കുന്ന മതിലുകളെ തൊട്ട് തലോടി അങ്കനവാടിയിൽ ചെല്ലും. ഓലമേഞ്ഞ ചെറിയൊരു അങ്കനവാടി . ചാണകം മെഴുകിയ തറ, മുത്തു കെട്ടിയ സ്ലേറ്റിൽ 'തറ' ' പറ' എഴുതുമ്പോൾ ഉണങ്ങിയ ഓലക്കീറുകളിലൂടെ സൂര്യൻ എത്തിനോക്കും. നട്ടുച്ചയാക്കുമ്പോൾ കുഞ്ഞു വിശപ്പുണരും. ഓല മേഞ്ഞ ആ കൊച്ചു മുറിയിൽ പലതരം കറികളുടെ ഗന്ധങ്ങൾ . തഴപ്പാവിരിച്ച് എല്ലാവരും നെടുനീളത്തിൽ കിടക്കും. ഉറങ്ങുന്നുണ്ടോന്നറിയാൻ ടീച്ചർ ഞങ്ങൾക്ക് ചുറ്റും നടക്കും. ഉറക്കം വരാത്ത ഞാൻ കണ്ണുമടച്ച് ചിരിക്കും. പിന്നെയെപ്പഴോ ഉറങ്ങും. വൈകുന്നേരം ഉപ്പുമാവും പാലും ഇടി കൂടി വാങ്ങും. അമ്മയും വരും. പിന്നേം കുന്നത്ത് മല കേറും . പോകും വഴി ചില റബർ മരങ്ങൾ ഒടിഞ്ഞു കടപ്പുണ്ടാകും. അതിൽ ഓടിപ്പിടച്ചു കേറി ആടും. അമ്മ എല്ലാം നോക്കി നിന്ന് ചിരിക്കും. പിന്നേം നടക്കും. നിലത്തുവീഴുന്ന ചില ചുള്ളിയും പെറുക്കും.

വീട്ടിൽ ചെന്നാൽ അച്ഛൻ വാങ്ങിവച്ചിട്ടുള്ള പാവകളുമായി കളിയാണ്. വീടിന് വലതു വശത്ത് അമ്മ ഒരു കൊച്ചു പൂന്തോട്ടമുണ്ടാക്കിയിട്ടുണ്ട്. മുല്ലപ്പന്തൽ കൊണ്ടൊരു കൊച്ചു കവാടം. അതിലൂടെ വേണം പൂന്തോട്ടത്തിൽ കടക്കാൻ.

അവിടെ പൂക്കൾ മാത്രമല്ല, വാഴയും കാപ്പിയും പേരയും ചാമ്പയും ഒക്കെയുണ്ട്. അവിടെയാണെന്റെ സാമ്രാജ്യം. അവിടെ വരുന്ന ഓരോ പൂമ്പാറ്റയ്ക്കും വണ്ടിനും കിളികൾക്കും അണ്ണാനും ഞാനോരോ പേരിട്ടിട്ടുണ്ട്.

ചക്കി, മിക്കു, ചുക്കു , ബൂക്കു , ഞ്ഞുണു, ബൂബു ....ഹയ്യോ !

ഓടിട്ട ചെറിയൊരു വീട് . മുറ്റത്തിൽ ഒത്തനടുക്ക് ഒരു തുളസിത്തറ, തറ കെട്ടിയ വലിയ ബദാം മരം, ആത്തച്ചക്കമരം മയിൽച്ചെടിയെന്ന് ഞാൻ തന്നെ വിളിക്കുന്ന പേരറിയാത്തൊരു ചെടി. നല്ല രസമാണ്. പടിഞ്ഞാറു വശത്ത് െന ടു നീളത്തിൽ ഒരിളം തിണ്ണയുണ്ട് . അവിടെ നിന്ന് നേരേ നോക്കിയാൽ പച്ച പട്ടു വിരിച്ച പുഞ്ചവയലും കാണാം. എത്ര തത്തമ്മകളാണ് പാറിവരുന്നത്. അഴയിലിരുന്ന് തത്തമ്മ ഊഞ്ഞാലാടുമ്പോൾ മുറുക്കിടിച്ച് കാലും നീട്ടി വല്യമ്മ ഒരു പാട്ടും പാടും

" അരയാലും കൊമ്പെല്ലാം

കൊത്തിത്തിരഞ്ഞപ്പോ

തത്തമ്മക്കഴുത്തേലേ

താലി പോയെ തകതിമൃതെയ്"

കർക്കിടക മഴ ഇടിച്ചു കുത്തി തകർക്കുമ്പോൾ അടുക്കളയിലെ പാത്രങ്ങൾ മുറിയ്ക്കുള്ളിൽ സ്ഥാനം പിടിക്കും. വിണ്ടുകീറിയ ഓടിനിടവഴി അധികാരഭാവത്തോടെ ഒലിച്ചിറങ്ങുന്ന മഴത്തുള്ളികൾ കൊച്ചു പാത്രങ്ങളിൽ' ഗ്ലും' ന്ന് വീണ് പൊട്ടിത്തെറിക്കും. അച്ഛൻ ചൂരൽ വടി കൊണ്ട് ഓടായ ഓടിനൊക്കെ ഓരോ തട്ടും കൊടുക്കും. ആ ചോർച്ച എത്ര ആഘോഷമായാണ് ആസ്വദിച്ചിരുന്നത്.

ഇന്ന്, കോൺഗ്രീറ്റ്  കെട്ടിടത്തിൽ പൊള്ളുന്ന തീച്ചൂടെറങ്ങുമ്പോൾ അന്നത്തെ മഴത്തുള്ളികളെ വേദനയോടെ ഓർക്കും . കുന്നത്തു മലയിലെ റബർ തോട്ടങ്ങൾ എല്ലാം വെട്ടി നിരത്തി കൈത നട്ടു. വലിയൊരു മതിലും കെട്ടി. പുതിയ അങ്കനവാടി ജംഗ്‌ഷനിലുയർന്നു. ഓല മേഞ്ഞ അങ്കനവാടിയിരുന്ന വലിയ പറമ്പിൽ ഇപ്പോൾ പുതിയ താമസക്കാരാണ്. പടുത്തുയർന്ന ധാരാളം സൗധങ്ങൾ . സ്ലേറ്റു പച്ച മതിലുകൾ തേച്ചുമിനുക്കി വർണങ്ങൾ പൂശി. ഇപ്പോൾ പരസ്യങ്ങളുടേയും പോസ്റ്ററുകളുടേയും വലിയൊരു ചുമർ മാത്രം. പഴയവീട് പൊളിച്ചു കളഞ്ഞ് വല്യൊരു മാളിക വെച്ചപ്പോൾ മുല്ലപ്പന്തൽ കെട്ടിയ പൂന്തോട്ടം നിലം പൊത്തി. ചക്കീം മിക്കും ചുക്കൂമൊക്കെ ഇപ്പെവിടെയാണാവോ, ബദാം മരവും പേരറിയാത്ത ചെടിയും ആത്തച്ചക്കയും പോയി പകരം പുതിയ പലതരം ചെടികൾ അവിടെ ഇടംപിടിച്ചു. ഒരു മാറ്റമില്ലാതെ നിൽക്കുന്നത് മുറ്റത്തെ തുളസിത്തറയാണ്.

ടൈലിട്ട തിണ്ണയിലിരുന്ന് ചൂടുകട്ടൻ കുടിച്ച് മഴയസ്വദിക്കുമ്പോൾ ആ പഴയ ഓടിട്ട വീടും കുന്നും മലയും പൂന്തോട്ടവും ന്റെ പാട്ടുമൊക്കെ ഓർമ്മവരും.

കുഞ്ഞുമോളെ ഭർത്താവ് ഡേകെയറിൽ ചേർത്തു. അവൾക്ക് മറുകു കുത്തി കൊടുത്തപ്പോൾ അറിയാതെ നാവിൻ തുമ്പിൽ ആ കൊച്ചു പാട്ടുടക്കി!

" തത്തമ്മേ കുയിലേ

ചിഞ്ചം കേട്ടോ"

 

കാവ്യാ ഭാസ്ക്കർ, ബ്രഹ്മമംഗലം