തരിശു ഭൂമികൾ: കവിത , മിനി സുരേഷ്

Sep 19, 2020 - 18:22
Mar 10, 2023 - 08:14
 0  595
തരിശു ഭൂമികൾ: കവിത , മിനി സുരേഷ്

പ്രണയമില്ലാ മനസ്സൊരു തരിശുഭൂമിയാണ്

മണൽകാറ്റടിക്കും മരുഭൂമിയാണ്

ശോക തപജ്വാലയിലെരിയുമഗ്നിയാണ്.

തിലോദകമെഴുതും വിഷാദക്കയങ്ങളാണ്.

 

നൊന്തു പിടയും സ്മരണകളിൽ

ശൂന്യമായുറഞ്ഞ മിഴികളിൽ,വ്യാമോഹങ്ങളിൽ

ദീർഘ നിശ്വാസങ്ങളിൽ,വിതുമ്പലുകളിൽ

ഉടഞ്ഞു പോയൊരാ മനസ്സിൻ തുടിപ്പുകളിൽ

 

താനേ വറ്റിയസ്മൃതികളിൽ,വ്യഥകളിൽ

പ്രണയജലമിറ്റു വീഴുമ്പോൾ

തളിർക്കും ചില്ലകളുമൊരുപാട് പൂക്കളും

ഹൃദയവാടിയിൽ സുഗന്ധം നിറയ്ക്കും.

 

നൊമ്പരമെഴുതിയ അതിജീവനഞരമ്പുകളിൽ

തുണയായെന്നുമൊരാളരികിലുണ്ടെന്ന

സാന്ത്വന സ്പർശങ്ങളിൽ,ചിന്തകളിൽ

ജീവിതം വസന്തകാലത്തിലേക്കൊഴുകി നീങ്ങും.