നിലവിളി: കവിത, ടോബിതലയല്‍

നിലവിളി: കവിത, ടോബിതലയല്‍

കൈകള്‍ ഉയര്‍ത്തിനിലവിളിക്കുന്ന
കെട്ടിടങ്ങളിലൊന്നിലാണ്‌
ഞാന്‍ താമസിക്കുന്നത്‌
വൈകുന്നേരങ്ങളില്‍
മുതുകത്ത്‌ സൂര്യനെയുംവഹിച്ച്‌
മൊട്ടക്കുന്നുകള്‍
ഒട്ടകങ്ങളെപ്പോലെ നടക്കുന്നത്‌ കാണാം
വെന്തമണലുംകൊണ്ട് ‌കാറ്റ്‌
അടച്ചിട്ട ജനാലകളില്‍
മുട്ടുന്നത്‌ കാണാം
ഒടിഞ്ഞുതൂങ്ങിയ ചിറകുകളുമായി
ചില്ലതേടിപോകുന്ന പേരറിയാത്ത
പക്ഷികളെകാണാം
ഇരുട്ട് വിരിച്ചിരിക്കുന്ന ആകാശം
മടിയില്‍ നക്ഷത്രങ്ങള്‍ കുടഞ്ഞിടുമ്പോള്‍
കെട്ടിടങ്ങള്‍
കെട്ടിപ്പിടിക്കാനാവാത്ത കമിതാക്കളായി
ദുരെനിന്ന്‌ കൈനീട്ടി
വിളിക്കുന്നത്‌ കാണാം !

അതിര്‍ത്തികള്‍ അലിയിച്ച്‌
മൗനതടങ്ങള്‍ തഴുകി
ശാന്തമായ്‌ ഒഴുകുന്നു
ലതാജിയുടെഗംഗാനദി...
പ്രേമാര്‍ദ്രമായ്‌
പെയ്‌തുകൊണ്ടേയിരിക്കുന്നു
ഗുലാംഅലിയുടെ പെരുമഴ...
കവാടങ്ങളെല്ലാം തുറന്നിട്ട്‌
ഇന്ത്യയും പാകിസ്ഥാനും
ബംഗ്ലാദേശും ശ്രീലങ്കയും
ഫിലിപ്പയ്‌ന്‍സും ചൈനയും
കെട്ടിപ്പിടിച്ചുകിടക്കുന്നു !

പകലുരുകി ഒട്ടിയ ജോലിവസ്‌ത്രങ്ങള്‍
കെട്ടിടങ്ങള്‍ക്കുമുകളില്‍
ദേശഭേദങ്ങളറിയാതെ
എല്ലാവര്‌ക്കും മനസ്സിലാവുന്ന
ഭാഷ സംസാരിക്കുന്നു,
മലയാളം മാത്രമറിയാവുന്ന ദിവാകരേട്ടന്‍
ശമ്പളദിവസം അറബിയില്‍വന്ന
മൊബൈല്‍ മെസ്സേജ് വായിക്കുന്നതുപോലെ!

പ്രിയപ്പെട്ടവര്‍ക്കുള്ള ചുംബനംഏറ്റുവാങ്ങി
ഫോണുകളിപ്പോള്‍ ചുവന്നുപോയിട്ടുണ്ടാവും!
ചിലരെങ്കിലും
തുറക്കാത്ത സമ്മാനപ്പൊതികള്‍
ഹൃദയത്തില്‍ തന്നെ സൂക്ഷിച്ച് വച്ചിട്ടുണ്ടാകും
കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും
വര്‍ഷങ്ങളോടൊപ്പംവളരാത്തതെന്തെന്ന്‌
പരിഭവിക്കുന്നുണ്ടാവും
മകള്‍ കല്യാണപ്പന്തലില്‍
സുന്ദരിയായി നില്‍ക്കുന്നത്‌
കാണുന്നുണ്ടാവും
ദൈവങ്ങളോടെല്ലാം പരാതിപറഞ്ഞ്‌
മടുത്തിട്ടുണ്ടാവും!

കെട്ടിടങ്ങള്‍ കൈകളുയര്‍ത്തി
നക്ഷത്രങ്ങള്‍ അടര്‍ത്താന്‍ നോക്കുന്നു
നിലവിളികളെല്ലാം
ഉള്ളിലേക്ക്‌ പിന്‍വാങ്ങുന്നു
തലയിണകളില്‍ അമര്‍ന്നു
നിശ്ശബ്ദമാകുന്നു!