അബ്ബാ പിതാവേ ! : മേരി അലക്സ് @ മണിയ
അബ്ബാ പിതാവേ !
എന്തിനീ ക്രൂരത,
എന്തിനീ ശിക്ഷകൾ ?
ആദി മനുജർ തൻ
പാപത്തിനാലോ ,
പിന്നാലെ വന്നോരോ
ശാപത്തിനാലോ ?
ഇന്നും തുടരുന്നു
നാശങ്ങൾ ,
മേൽക്കുമേൽ
കോവിഡായ്,
പ്രളയമായ്,
ഉരുൾ പൊട്ടലായി ;
ഈവിധം ശിക്ഷകൾ
പാരിനു നൽകുവാൻ
എന്തെ കാരണം ;
നൽകൂ പ്രഭോ !
ഉത്തമരില്ലാഞ്ഞോ?
ഭൂമിക്ക് ഭാരമോ,
ജീവജാലങ്ങളും,
മാനുഷജാതിയും
ഊതിപ്പെരുപ്പിച്ചു
രാഷ്ട്രങ്ങൾ കാട്ടിടും
നിന്ദ്യമാം കുൽസിത -
മത്സരമോ ?
ഋഷിമാരെഴുതിയ
സദ് വചനങ്ങളെ
കാറ്റിൽ പറത്തി
നടമാടുന്നതോ?
എന്തേ കാരണം
ചൊല്ലൂ പ്രഭോ,
മണ്ണിൻ മക്കൾ തൻ
പാപങ്ങളോ?
ഏതു വിധേനയും
സമ്പത്തു നേടിടാൻ,
മാനുജർ കാട്ടും
പേക്കൂത്തുകളോ ?
ഐക്യമില്ലായ്മയോ,
മത മാത്സര്യമോ
രാഷ്ട്രീയ വൈരമോ
എന്താകിലും;
ഒന്നിലൊതുങ്ങാത്ത
ദാമ്പത്യബന്ധമോ,
അതിനാലുളവാകും
ദാരുണാന്ത്യങ്ങളോ?
ഓടിത്തിമിർപ്പതോ
വെട്ടിപിടിക്കുവാൻ
അർഹതയില്ലാത്ത
സ്ഥാനമാനങ്ങൾ :
ഔന്നത്യമേറാനുള്ളാശ
നിറവേറ്റാൻ
ആരെയും
കൂസാത്തൊരുപ-
ജാപങ്ങളോ?
അംബര ചുംബിയാം
ആർഭാടമന്ദിരം
കെട്ടിപ്പടുപ്പതോ
അരുതാത്ത
ഭൂമിയിൽ
അഗ്നിയാലാഴിയാൽ
നാശമില്ലെന്ന
വാഗ്ദത്തം നൽകിയ
തമ്പുരാനേ !
ആരുമറിയാതെത്ര
പേർ പുതഞ്ഞു പോയ്
മലയടിവാരത്തിൽ
വിമാനദുരന്തത്താൽ.
എല്ലാമറിയുന്ന
തമ്പുരാനേ !
ഞങ്ങളിൽ കാരുണ്യം
കാട്ടീടണേ,
ഞങ്ങൾ തൻ യാചന
കേട്ടീടണേ !
ആപത്തനർത്ഥങ്ങ -
ളൊഴിഞ്ഞീടുവാൻ. !
ആമേൻ !