മരുന്ന് ഇറക്കുമതിക്ക് 100% താരിഫുമായി ട്രംപ്; ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകും

വാഷിങ്ടൺ ഡിസി: ഇറക്കുമതി ചെയ്യുന്ന മരുന്ന് ഉത്പന്നങ്ങൾ, വലിയ ട്രക്കുകൾ, അടുക്കള കാബിനറ്റുകൾ, ബാത്ത്റൂം വാനിറ്റി ഉൽപ്പന്നങ്ങൾ, ഫർണിച്ചറുകൾ എന്നിവയ്ക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . മരുന്ന് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ 100% നികുതി അടയ്ക്കേണ്ടി വരും. കിച്ചൺ കാബിനറ്റുകൾക്ക് 50% നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫർണിച്ചറുകൾക്ക് 30% താരിഫും ഒടുക്കണം. വലിയ ട്രക്കുകൾക്ക് 25% ആണ് താരിഫ് ചുമത്തിയിരിക്കുന്നത്. അമേരിക്കൻ ഉത്പാദകരെ സംരക്ഷിക്കാനും ദേശീയ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് ട്രംപ് അവകാശപ്പെട്ടു. ഒക്ടോബർ 1 മുതൽ താരിഫ് പ്രാബല്യത്തിൽ വരും.
മരുന്ന് ഉത്പാദന പ്ലാന്റുകൾ അമേരിക്കയിൽ സ്ഥാപിക്കുന്ന കമ്പനികൾക്ക് ഈ താരിഫിൽ നിന്ന് ഒഴിവാകാം. പ്ലാന്റ് നിർമ്മാണം ആരംഭിച്ചിട്ടുണ്ടെങ്കിൽ അവരുടെ മരുന്നുകൾക്ക് താരിഫ് ഉണ്ടാകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.