സ്വപ്‌നങ്ങൾ: കവിത, പുഷ്പ ബേബി തോമസ്

Nov 9, 2021 - 16:37
Mar 9, 2023 - 13:26
 0  447
സ്വപ്‌നങ്ങൾ: കവിത, പുഷ്പ ബേബി തോമസ്

 

ന്നാ മകരമഞ്ഞെന്നിൽ
പൊഴിഞ്ഞില്ലായിരുന്നെങ്കിൽ
കുംഭമാസ ചന്ദ്രികയെന്നിൽ
വിരിയില്ലായിരുന്നു..

മീനച്ചൂട് തണുപ്പിക്കും പെരുമഴയെന്നിൽ
പെയ്തില്ലായിരുന്നെങ്കിൽ
പൊള്ളും മേടച്ചൂടിൽ സ്വപ്നങ്ങളുടെ
കിളിന്തുകളെന്നിൽ ഉരുവാകില്ലായിരുന്നു.

ഇടവക്കുളിരിനെ നിന്റെ മാറിലെ
ചൂടിനാൽ അകറ്റിയില്ലായിരുന്നെങ്കിൽ
തുലാമഴയിൽ തളിർത്ത്
ധനുക്കുളിരിൽ തഴച്ച്
വൃശ്ചിക വസന്തമായി
ഞാൻ പൂത്തുലയില്ലായിരുന്നു.