വരിതെറ്റിക്കുന്ന വാക്കുകള്‍; കവിത, ടോബി തലയല്‍

കവിതയില്‍ വാക്കുകള്‍
അണിചേരുമ്പോള്‍
വരിയില്‍ നില്‍ക്കാത്തവയുടെ
കരചരണങ്ങള്‍
മുറിക്കരുത്
കലാപകാരിയായി കുറ്റംചാര്‍ത്തി
നാവിനെ ബന്ധിച്ച്
ഇരുട്ടിലടയ്‌ക്കരുത്
സ്വാതന്ത്ര്യം ശ്വസിച്ചുനിന്നവ
വിളിച്ചുചൊല്ലട്ടെ
രാജ്യാതിര്‍ത്തി കടന്ന് പറക്കുന്ന
പക്ഷിയുടെ ഭാഷ
പരിഭാഷ ആവശ്യമില്ലാത്ത പാട്ട്
ആഞ്ഞുവീശുന്ന ചിറകിന്റെ
അര്‍ത്ഥവ്യാപ്‌തി!
വൃത്തം വരച്ച്
അകത്തിരുത്തിയാലും
പുറത്തേ നില്‍ക്കൂ എന്ന വാശിക്കാരുണ്ട്,
പഴയ കവികളാരെങ്കിലും
മര്യാദപഠിപ്പിക്കാന്‍ വന്നേക്കാം
വ്യാകരണം കെട്ടിയ വേലിക്കപ്പുറത്തേക്ക്
ചാടിപ്പോകുന്നവയുണ്ട്
വിമര്‍ശകരുടെ കിഴുക്ക് കിട്ടുമ്പോള്‍
ചെവികള്‍ ചുവന്നുപോയേക്കാം
കാര്യമാക്കാനില്ല!
കവിത മുളപ്പിക്കാന്‍
മുലപ്പാലൊപ്പം അമ്മ
ഇളംനാവില്‍ ഇറ്റിച്ച
മധുമൊഴി കടംകൊള്ളുമ്പോള്‍
കണ്ണീരൊലിപ്പിച്ച് ചിണുങ്ങുന്നവയെ
മാറ്റിനിറുത്തരുത്
അച്ഛന്റെ ശാസനയില്‍
വിറച്ചുനില്‍ക്കുന്നവയെ
കൂടെക്കൂട്ടാതിരിക്കരുത്
വിക്കിവിക്കി ഉള്‍വലിഞ്ഞുപോകുന്നവയെ
കൂട്ടുകാരോടുചേര്‍ന്ന്
കളിയാക്കിച്ചിരിച്ച്
ആട്ടിയകറ്റരുത്
മാഷിന്റെ ചൂരല്‍പ്രയോഗത്തില്‍
വള്ളിതെറിച്ചുപോയവയെ
നെറ്റിയില്‍
ഉമ്മയുടെ ചന്ദ്രക്കലകൊടുത്ത്
കൂടെയിരുത്തണം.
കവിതക്ക് വാക്ക് ചേര്‍ക്കുമ്പോള്‍
ഉപേക്ഷിക്കരുതാത്ത ചിലതുണ്ട്:
ഒളിയമ്പുകൊണ്ട് മുറിവേറ്റവയെ,
ഭീഷണിയില്‍ നിശ്ശബ്ദമായിപ്പോയവയെ,
കാലങ്ങളായി ഭാരംചുമന്ന്
കരുത്ത്‌ചോര്‍ന്ന്
കറുത്തുപോയവയെ,
തെരുവില്‍ ഉപയോഗിച്ച്‌പഴകി
വികലമായിപ്പോയവയെ,
പുറമ്പോക്കില്‍ പൊതുജനം
തെറിപറഞ്ഞ്
എറിഞ്ഞുടച്ചവയെ!