'രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അപകീര്‍ത്തിപ്പെടുത്തി'; മണിശങ്കര്‍ അയ്യരുടെ മകള്‍ക്കെതിരെ പരാതി

'രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അപകീര്‍ത്തിപ്പെടുത്തി'; മണിശങ്കര്‍ അയ്യരുടെ മകള്‍ക്കെതിരെ പരാതി

ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങളില്‍ അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച്‌ കോണ്‍ഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മകള്‍ സുരണ്യ അയ്യർക്കെതിരെ പരാതി.

അഭിഭാഷകനും ബി.ജെ.പി നേതാവുമായ അജയ് അഗർവാളാണ് ഡല്‍ഹി സൈബർ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ജനുവരി 20 ന് ക്ഷേത്രത്തിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെതിരെ സുരണ്യ അയ്യർ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങള്‍ നടത്തിയെന്നാണ് പരാതി. യൂട്യൂബിലും ഫേസ്ബുക്കിലും സുരണ്യ പോസ്റ്റ് ചെയ്ത 36 മിനിറ്റുള്ള വീഡിയോ വിശദമായി പരിശോധിക്കണമെന്നും പരാതിയിലുണ്ട്.

ഹിന്ദുമതത്തിൻ്റെയും ദേശീയതയുടെയും പേര് പറഞ്ഞ് നടത്തുന്ന അതിക്രമങ്ങളെ അപലപിച്ചും മുസ്‍ലിം പൗരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെതിരെ നിലപാടെടുത്ത സുരണ്യ അയ്യർ മൂന്ന് ദിവസം ഉപവാസം അനുഷ്ഠിച്ച്‌ പ്രതിഷേധിച്ചിരുന്നു. ജനുവരി 20 മുതല്‍ 23 വരെ ഉപവാസം അനുഷ്ഠിക്കുന്ന വിവരം സുരണ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.

ഇതിനൊപ്പമായിരുന്നു രാമക്ഷേത്രത്തിനെക്കുറിച്ചും പരാമർശം നടത്തിയത്. സോഷ്യല്‍മീഡിയ പോസ്റ്റിന് പിന്നാലെ സുരണ്യ അയ്യരോടും മണിശങ്കർ അയ്യരോടും താമസ സ്ഥലം മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ ജംഗ്പുരയിലെ റസിഡന്റ് വെല്‍ഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

രാമക്ഷേത്രത്തിനെതിരായ നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണെങ്കില്‍ അത്തരം നിലപാടുകള്‍ ഉള്ളവർ താമസിക്കുന്ന ഇടത്തേക്ക് മാറണമെന്നായിരുന്നു റെസിഡൻസ് അസോസിയേഷൻ സുരണ്യയോട് ആവശ്യപ്പെട്ടത്. 'അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠയ്‌ക്കെതിരെ നിലകൊള്ളുകയാണെങ്കില്‍, അത്തരം ചിന്താഗതിയുള്ളവർ താമസിക്കുന്ന ഇടത്തേക്ക് മാറണം. അവിടെയുള്ളവർക്ക് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെതിരെ നിങ്ങള്‍ ഉന്നയിക്കുന്ന വാദങ്ങളോട് കണ്ണടയ്ക്കാൻ കഴിയുമെന്നും അസോസിയഷൻ സുരണ്യക്ക് നല്‍കിയ കത്തില്‍ പറയുന്നു.