എൻഡിഎ സഖ്യത്തില്‍ നിന്ന് എഐഎഡിഎംകെ പൂര്‍ണമായും പിന്മാറിയെന്ന് എടപ്പാടി പളനിസ്വാമി

എൻഡിഎ സഖ്യത്തില്‍ നിന്ന് എഐഎഡിഎംകെ പൂര്‍ണമായും പിന്മാറിയെന്ന് എടപ്പാടി പളനിസ്വാമി
സേലം: തമിഴ്നാട്ടില്‍ ബിജെപി സഖ്യത്തില്‍ നിന്ന് പൂര്‍ണമായും പിന്മാറിയെന്ന് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി.
സേലത്ത് പാര്‍ട്ടിയുടെ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) വിടാൻ ആരുടെയും സമ്മര്‍ദ്ദമില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിയുമായുള്ള ബന്ധം വേര്‍പെടുത്താനുള്ള തീരുമാനത്തില്‍ ഞങ്ങള്‍ ശക്തരാണ്. ഈ തീരുമാനമെടുക്കാൻ ആര്‍ക്കും ഞങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താൻ കഴിയില്ല. ചില സംഭവങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടി അംഗങ്ങളെ വേദനിപ്പിച്ചുവെന്ന് ഈ മാസം ആദ്യം സേലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ എടപ്പാടി പളനിസ്വാമി പറഞ്ഞിരുന്നു.

അതേസമയം, ഡിഎംകെ ഭരണത്തിന് കീഴില്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതായി പളനിസ്വാമി ആരോപിച്ചു. എന്നാല്‍ എഐഎഡിഎംകെ ഭരണത്തില്‍ ജനങ്ങള്‍ മെച്ചപ്പെട്ടവരായിരുന്നു. മയക്കുമരുന്ന് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞിരുന്നെങ്കിലും അദ്ദേഹം അത് കൃത്യമായി നടപ്പാക്കിയില്ലെന്നും പളനിസ്വാമി കുറ്റപ്പെടുത്തി.