പാർട്ടിയിലേക്ക് വരൂ, ഞങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല : ബി ജെ പി യില്‍ ചേരാൻ സമ്മർദമെന്ന് കെജ്‌രിവാള്‍

പാർട്ടിയിലേക്ക് വരൂ, ഞങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല : ബി ജെ പി യില്‍ ചേരാൻ സമ്മർദമെന്ന്  കെജ്‌രിവാള്‍

പാർട്ടിയില്‍ ചേരാൻ ബിജെപി ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍.

എംഎല്‍എമാരെ പണം നല്‍കി വിലയ്ക്കെടുക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പുതിയ പ്രതികരണം. ഡല്‍ഹി രോഹിണിയിലെ സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യവെയാണ് കെജ്‌രിവാളിന്റെ പരാമർശം.

'അവർക്ക് എന്ത് വേണമെങ്കിലും ചെയ്യാം. ഒന്നും സംഭവിക്കില്ല. ഞാൻ അവരുടെ മുന്നില്‍ തലകുനിക്കാൻ പോകുന്നില്ല. ബിജെപിയിലേക്ക് വരൂ, ഞങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല എന്നാണ് അവർ പറയുന്നത്. ഞാൻ അവരോടൊപ്പം ചേരില്ല. അവർ ഞങ്ങളോട് ക്ഷമിക്കാൻ ഞങ്ങള്‍ എന്ത് കുറ്റമാണ് ചെയ്തത്?. ഞങ്ങള്‍ സ്കൂളുകളും ആശുപത്രികളും ക്ലിനിക്കുകളും റോഡുകളും പോലുളള വികസനങ്ങള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അതില്‍ എന്ത് തെറ്റാണുളളത്,' കെജ്‌രിവാള്‍ പറഞ്ഞു.

എംഎല്‍എമാരെ ബിജെപി വിലയ്ക്കുവാങ്ങാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തില്‍ മൂന്ന് ദിവസത്തിനുളളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കെജ്‌രിവാളിനും ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി അതിഷി മർലീനയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുളള ടിക്കറ്റും 25 കോടി രൂപയും വാഗ്ദാനം ചെയ്ത് പാർട്ടി എംഎല്‍എമാരെ വിലയ്ക്കു വാങ്ങാൻ ബിജെപി ശ്രമിക്കുന്നുവെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെയും അതിഷിയുടേയും ആരോപണം.