കോടതി നടപടികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ നിന്ന് നീക്കം ചെയ്യണം: സുനിത കെജ‍്‍രിവാളിന് നോട്ടീസ്‌

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ‍്‍രിവാളിന്‍റെ ഭാര്യ സുനിത കെജ‍്‍രിവാളിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്.

കെജ‍്‍രിവാളിന്‍റെ ജാമ്യ നടപടിയുടെ കോടതി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ഉടൻ നീക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. മാർച്ച്‌ 28 ലെ കോടതിയുടെ വീഡിയോ കോണ്‍ഫറൻസ് ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് നോട്ടീസിലുള്ളത്. കേസിലെ മറ്റു കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.അഭിഭാഷകനായ വൈഭവ് സിങ് സമർപ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്.

ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് തുടർന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴുള്ള വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. ഇവ സുനിത കെജ‍്‍രിവാളും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. വീഡിയോയടങ്ങുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാൻ സോഷ്യല്‍മീഡിയയായ എക്‌സ്,ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം,യൂട്യൂബ് എന്നിവയോടും കോടതി നിർദേശിച്ചിട്ടുണ്ട്.