ഓർമ്മയിലിന്നും നീയുണ്ട് : കവിത, രമാദേവി M.D

ഓർമ്മയിലിന്നും നീയുണ്ട് : കവിത, രമാദേവി M.D
അന്നൊരു ശിശുദിനമായിരുന്നു
കല്ലു കൊത്തിക്കളിച്ചും ഞൊണ്ടിക്കളിച്ചും
രസിച്ചൊരാ മുറ്റത്ത് വസന്തം വിടർത്തി
കൊച്ചു കൊച്ചു മാലാഖകുട്ടികൾ
പരിശുദ്ധമായ വെള്ളയുടുപ്പിട്ട്
തലമുടി രണ്ടായി പിന്നി വെള്ള റിബ്ബൺ കെട്ടി
കാലിൽ വെള്ള സോക്സും ഷൂസുമണിഞ്ഞ്
കൊടികളും പിടിച്ച് നിരനിരയായി നിന്നിരുന്നു
അതിലൊരാളായി നിന്നിരുന്ന എന്നുടെ
കണ്ണുകൾ ഒരു നിമിഷം പാഞ്ഞെത്തി 
സതീർത്ഥ്യ  തൻ വെള്ളയുടുപ്പിലേക്ക്
ഏതോ അദൃശ്യശക്തി തൻ പ്രേരണയാൽ
ഞാനാ കുട്ടി തൻ സന്നിധിയിൽ എത്തി
"കുട്ടി ധരിച്ചിരിക്കുന്ന ഫ്രോക്ക് എന്റേതല്ലേ"
എന്ന ചോദ്യം കേട്ട് കുട്ടികളാർത്തു ചിരിച്ചു.
പെട്ടെന്നാ കുട്ടി തൻ ഭാവം മാറി
അലറിക്കരഞ്ഞു കൊണ്ടവൾ ദൂരേക്കോടി
ഇന്ന് ഞാനൊരു മുത്തശ്ശിയായെങ്കിലും
എന്നോർമ്മയുടെ ചെപ്പിലിന്നുമാ  
ദീനമോലും നിഷ്കളങ്കമുഖം തങ്ങി നിൽക്കുന്നു.