സിംലാൻ്റി: നീണ്ടകഥ, സൂസൻ പാലാത്ര

   സിംലാൻ്റി: നീണ്ടകഥ, സൂസൻ പാലാത്ര

 

 

   അദ്ധ്യായം - 5

 

 

   ഞായറാഴ്ച, പത്രത്തിലെ മാട്രിമോണിയൽ പരസ്യങ്ങളിൽ, തന്നെപ്പോലെ തന്നെ അദ്ദേഹവും കുക്കിയ്ക്ക് വരനെ തേടിക്കൊണ്ടിരുന്നു. മുറ്റമടിച്ചു കൊണ്ടിരുന്ന അമ്മിണിയോട് ചോദിച്ചു,

എത്സമ്മ എന്ത്യേ? ഒന്നിങ്ങു വരാൻ പറഞ്ഞേ? 

   അമ്മിണി ചൂലു മുറ്റത്തിട്ടിട്ടോടി വന്നു,  "ദേ, സിംലക്കൊച്ചമ്മേ, ദാ നിങ്ങടെ ആ  സായ്പ് വിളിക്കുന്നു, ഒന്നോടിച്ചെല്ലാൻ, എന്തൊ അത്യാവശ്യത്തിനാ"

എന്നിട്ട് ചോലക്കര അമ്മിണി അവളുടെ വെറ്റിലക്കറ പുരണ്ട കരിമ്പല്ലുകാട്ടി ചിരിച്ചു.

       എത്സമ്മ കൂർക്ക ഒരുക്കുകയായിരുന്നു. കുക്കിമോൾക്ക് കൂർക്ക മെഴുക്കുപുരട്ടി ജീവനാണ്. കൂർക്കയുണ്ടെങ്കിൽ പിന്നെ മറ്റൊരു കറിയും അവൾക്കു വേണ്ട. പച്ചമുളകു കീറിയിട്ട് ഉപ്പും ചേർത്ത് കറിച്ചട്ടിയിൽ വെന്തു വറ്റിച്ച്, ആ ചട്ടിയിൽത്തന്നെ അല്പം വെളിച്ചെണ്ണയുമൊഴിച്ചിളക്കിയാൽ മതി. വല്യ പണിയൊന്നുമില്ല. കുക്കിയ്ക്ക് നിസ്സാര ആഗ്രഹങ്ങളേയുള്ളൂ, അവളെ സംബന്ധിയ്ക്കുന്ന വിഷയങ്ങളിൽ.

       എത്സമ്മ അടുക്കളയിൽ നിന്ന് അണുവിട വ്യതിചലിച്ചില്ല. ചെയ്യുന്ന ജോലിയിൽ മാത്രം ശ്രദ്ധിച്ചു. അപ്പോൾ കേൾക്കാം. പുറകിൽ നിന്നൊരു വിളി 

" എത്സിക്കുട്ടീ ദാ ഈ പ്രപ്പോസൽ കുക്കൂന് പറ്റുമോന്ന്... നമുക്കൊന്നു വിളിച്ചു നോക്കാം ഇല്ലേ?"

എത്സമ്മ മറുപടി പറഞ്ഞില്ല. അയാൾ സൗകര്യം പോലെ ചെയ്യട്ടേ. 

        മോളെക്കൊണ്ട് താൻ  എം ഫോർ മാരിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ ധാരാളം ആലോചനകൾ വന്നു കിടപ്പുണ്ട്. മകൾ പപ്പയെ കിട്ടിയ സന്തോഷത്തിൽ സ്വജീവിതം തന്നെ മറന്ന മട്ടാണ്. 

       ഏതായാലും ഉച്ചയൂണിനുശേഷമാകട്ടെ. ഇനി വച്ചു താമസിപ്പിയ്ക്കണ്ട, നല്ലത് ഒത്തുവന്നാൽ പിടിച്ചു കെട്ടിയ്ക്കണം. പക്ഷേ, അവൾ കെട്ടിപ്പോയാൽ പിന്നെ താൻ ഈ ഏകാന്ത തീരത്ത് എന്തു ചെയ്യാൻ?

   സാരമില്ല, മകൾ രക്ഷപ്പെടട്ടെ. എങ്ങനെയെങ്കിലും ജീവിയ്ക്കണം. എന്തുവന്നാലും ഇനി അവുതച്ചായനുമൊത്ത് ഒന്നിച്ചു പോകാനാകില്ല. മക്കൾക്കുവേണ്ടി തങ്ങൾ രണ്ടുപേരും അഭിനയിക്കുകയാണ്. 

തല്ക്കാലം മകളെ നല്ല നിലയിൽ കെട്ടിച്ചയയ്ക്കണം, അതു മാത്രമാണ് ചിന്ത.

        തൻ്റെ വിവാഹ ജീവിതത്തിൻ്റെ തുടക്കകാലത്തെ  ഞായറാഴ്ചകൾക്ക് എന്തൊരു ചേലായിരുന്നു.  ആഘോഷദിനങ്ങളായിരുന്നു ഞായർദിനങ്ങൾ.  പള്ളിയിൽപ്പോക്കും, പ്രാർത്ഥനയും. തിരിച്ചു വരും വഴി നുറുക്കിയ പോത്തിറച്ചിയും വാരിയെല്ലും, പിന്നെ മരച്ചീനിയും വാങ്ങും. ഇറച്ചിയും കറിയെല്ലും ചൗ എല്ലാം കളഞ്ഞ്  കഴുകി വൃത്തിയാക്കി അവുതച്ചായൻ തരും. കറിയെല്ല് കപ്പയിട്ടു വേവിച്ചത് തൂശനിലയിൽ വിളമ്പി അപ്പനും മക്കളും ഒന്നിച്ചിരുന്നു കഴിച്ച ആ ദിനങ്ങൾ സ്മരണയിൽ നിന്നു മായുന്നില്ല. നാട്ടിൽ വന്നാൽ പോകുന്നതുവരെ   ഞായറാഴ്ച എല്ലുംകപ്പയും മസ്റ്റായി.

   ഇപ്പോൾ ആർക്കും ഒന്നിനും താല്പര്യമില്ല.  പപ്പയ്ക്ക് കൊളസ്ട്രോൾ പ്രശ്നമെന്നും മമ്മയ്ക്ക് ബി.പി. പ്രശ്നമെന്നും  പറഞ്ഞ് മകൾ അവളുടെ ഇഷ്ടങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്.

     " മമ്മാ, ഊണു കഴിയ്ക്കാറായോ? വല്ലാത്ത വിശപ്പ് " മകൾ ഓടി വന്ന് എത്സമ്മയെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു.

      മറുപടി പറഞ്ഞത് അമ്മിണിയാണ്. "എപ്പഴേ കാലായീന്നു പറഞ്ഞാപ്പോരേ, ഇല്ലേ സിംലാക്കൊച്ചമ്മേ "

 "എന്നാ മമ്മീ സ്പെഷ്യൽ" മകൾ ഊണിന് തിടുക്കം കാട്ടി.

" സ്പെഷ്യൽ ഒന്നൂല്ല, നിൻ്റെ  കൂർക്കമെഴുക്കുപുരട്ടി, മോരു കാച്ചിയത്, ഉണക്കനങ്കു വറുത്തത്, വേണേൽ ഇത്തിരി മാങ്ങാ അച്ചാറും അത്രേം  മതിയോ? 

"മതിയെ, സിമ്പിൾ, വെരി സിമ്പിൾ - ഏറ്റവും സ്വാദിഷ്ടമായ ലളിത കറികൾ, ഇത്രയും മതി മമ്മീ, വിളമ്പിത്താ "

   ഉച്ചയൂണിനുശേഷം ഒരു മയക്കം വീട്ടിലെല്ലാവർക്കും പതിവുള്ളതാണ്. എന്നാൽ  പത്രത്തിലെ മാട്രിമോണിയൽ കോളത്തിൽ നിന്ന് അടയാളപ്പെടുത്തിയ ഒരു ഫോൺ നമ്പറുമായി അവുതച്ചായൻ വീണ്ടും എത്സമ്മയുടെ സമീപമെത്തി.

"നമുക്കൊന്നു വിളിച്ചു നോക്കാം അല്ലേ " അയാൾ ചോദിച്ചു '

എത്സമ്മ ഉച്ചത്തിൽ, കുക്കിയോടായി  പറഞ്ഞു

"മോളേ നല്ലതാണേൽ വിളിയ്ക്ക് .നല്ല കല്യാണം നടക്കാൻ പ്രാർത്ഥിയ്ക്ക്,"

"പിന്നെ ഒന്നു കൂടി, വഴിയിൽ ഉപേക്ഷിക്കുന്നവനാകരുത്. ഭിക്ഷക്കാരനായാലും,  കൈയ്യിൽ പിടിച്ച് തെണ്ടുന്നവനാകണം. ജീവിതത്തിൻ്റെ നല്ല പ്രായത്തിൽ നടുക്കടലിൽ ഉപേക്ഷിക്കപ്പെട്ടവളാണു ഞാൻ. നാലു മക്കളുമായി ഞാനലഞ്ഞ അലച്ചിൽ... "

എത്സമ്മ പൊട്ടിപ്പൊട്ടിക്കരഞ്ഞു. എത്സമ്മയെ മാറോടു ചേർത്ത് ആശ്വസിപ്പിയ്ക്കാനാഞ്ഞ ആ പുരുഷൻ്റെ ബലിഷ്ഠ കരങ്ങൾ അവൾ തട്ടിത്തെറിപ്പിച്ചു. മകൾ ചായ്ച്ചു കൊടുത്ത ആ കുഞ്ഞുമാറിൽ അവൾ തലചേർത്ത് ഏങ്ങിക്കരഞ്ഞു.

      

              (തുടരും...)