ഏഴരപ്പതിറ്റാണ്ടിന്റെ സ്വാതന്ത്ര്യത്തെ ആഘോഷിക്കുകയാണ് ലോകത്തിലെ ഏറ്റവും മികവുറ്റ ജനാധിപത്യ സംവിധാനമെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യ. സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യത്തിന്റെ ശക്തിയോടും പ്രൗഡിയോടും പോരാടി സ്വന്തം അസ്തിത്വം സ്ഥാപിച്ചെടുക്കുന്നതിൽ രാജ്യം നേടിയെടുത്ത വിജയം കാലമെത്ര കഴിഞ്ഞാലും ഇന്ത്യൻ ജനതയുടെ മനസ്സിൽ എന്നും ഉണരേണ്ട അഭിമാനകരമായ ഓർമയാണ് . ജനാധിപത്യം, മതനിരപേക്ഷത, നാനാത്വത്തിൽ ഏകത്വം തുടങ്ങിയ അടിസ്ഥാന ശിലകളിൽ പണിതുയർത്തപ്പെട്ട രാജ്യത്ത് അതിന്റെ അന്തസ്സും ഐക്യവും തന്നെയാണ് പ്രധാനം . തിരഞ്ഞെടുപ്പ് ഗോദയിൽ തോറ്റവരും ജയിച്ചവരും ഒരുപോലെ ആസ്വദിക്കുന്ന സ്വാതന്ത്ര്യത്തിലാണ് ജനാധിപത്യം നിലകൊള്ളുന്നത്.
സ്വാതന്ത്ര്യപ്രാപ്തി കഴിഞ്ഞ് 76 സംവത്സരങ്ങൾ പിന്നിടുമ്പോൾ ഇന്ത്യ പുരോഗമനപരമായി ഏറെ വളർന്നിരിക്കുന്നു. സ്വാതന്ത്ര്യംകൊണ്ട് നാം എന്ത് നേടി എന്ന് ചിന്തിക്കേണ്ട കാലം. സ്വാതന്ത്ര്യപ്രാപ്തിയുടെ വേളയിൽ ഉണ്ടായിരുന്ന 34 കോടി ജനസംഖ്യ ഇന്ന് 141 കോടിയിലെത്തിയിരിക്കുന്നു. ഇന്ത്യ ഇന്ന് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി.
ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ എന്ന നിലയിലേക്കും രാജ്യം വളർന്നു . ഹിന്ദുക്കൾ, മുസ്ലിംകൾ, ക്രിസ്ത്യാനികൾ, സിക്കുമതക്കാർ, ബൗദ്ധർ, ജൈനർ, മറ്റു മതവിഭാഗങ്ങൾ തുടങ്ങിയവരൊക്കെ ഇവിടുത്തെ ജനസംഖ്യയിൽ ഉൾപ്പെടുന്നു. എല്ലാവരും ഇന്ത്യയെ അവരുടെ മാതൃരാജ്യമായി സ്‌നേഹിക്കുന്നു. ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പങ്ക് വെക്കലിന്റെയും പാരമ്പര്യമല്ലാതെ വിഭാഗീയമായ ഒന്നും ഇന്ത്യ എന്ന മഹാ രാജ്യത്തിൻറെ പ്രൗഡിക്ക് ചേർന്നതല്ല. ഇന്ന് പക്ഷെ രാജ്യത്ത് പലയിടത്തും അസ്വസ്ഥതയുടെ നെരിപ്പോടുകൾ പുകയുന്നത് നാം കാണുന്നു. മണിപ്പൂരും ഹരിയാനയും ദൽഹിയും ഇന്നാ വെറുപ്പിന്റെ അന്ധകാരത്തിലാഴ്ന്നിരിക്കുന്നു . സമാധാനം അവിടെ നിന്ന് പോയ് മറഞ്ഞിരിക്കുന്നു.
പോരാട്ടങ്ങളിലൂടെ, അഹിംസയിലൂന്നിയ ചെറുത്ത് നിൽപ്പിലൂടെ കോളനി ശക്തികളിൽനിന്ന് രാജ്യം തിരിച്ചുപിടിച്ച മഹാനുഭാവർ അവശേഷിപ്പിച്ച ത്യാഗത്തിന്റെയും അഹിംസയുടെയും മാർഗമാണ് നാം പിന്തുടരേണ്ടത് , വെറുപ്പിന്റെയല്ല. ശൈഥില്യത്തിന്റെ വഴി അരാജകത്വത്തിലേക്കും സംഘര്ഷത്തിലേക്കുമേ നയിക്കൂ . ജനാധിപത്യവും മതേതരത്വവും നാനാത്വത്തിൽ ഏകത്വവും ഇവിടെ നിലനിൽക്കണം. എങ്കിലേ ഇന്ത്യൻ സ്വാതന്ത്ര്യം സാര്ഥകമാവൂ.