നോവുകളുണർത്തുന്ന കഥകളുമായി ശ്രീരഞ്ജിനിയുടെ ഓറഞ്ചമ്മ : ഡോ. അജയ് നാരായണൻ

നോവുകളുണർത്തുന്ന കഥകളുമായി ശ്രീരഞ്ജിനിയുടെ ഓറഞ്ചമ്മ : ഡോ. അജയ് നാരായണൻ

 

ഡോ. അജയ് നാരായണൻ

 

ചില വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കവിതകൾ വായിച്ചാണ് ശ്രീരഞ്ജിനിയെ അറിഞ്ഞുതുടങ്ങിയത്. പിന്നെപ്പിന്നെ രഞ്ജിനിയുടെ കഥകളും വായിച്ചുതുടങ്ങി.

അങ്ങനെയാണ് ശ്രീരഞ്ജിനിയുടെ 'ഓറഞ്ചമ്മ 'എന്ന കഥാസമാഹാരത്തിലേക്കെത്തിച്ചേർന്നത്. ഒറ്റവാചകത്തിൽ നോവിന്റെ കഥകൾ എന്നുപറയാം. അശരണരായവരുടെ, വാർദ്ധക്യത്തിന്റെ, നിസ്സഹായതയുടെ കഥകൾ. ഈ കഥകളിൽ രഞ്ജിനി നേരിട്ടൊന്നും സംവദിക്കുന്നില്ല. മറിച്ച്, കേന്ദ്രകഥാപാത്രങ്ങളുടെ മനോവികാരം വ്യക്തമായി വരച്ച ചിത്രങ്ങൾ വായനക്കാർക്കായി പങ്കുവയ്ക്കുന്നു.

13 കഥകൾ, നാൽപ്പത്തിയാറു ദളങ്ങളിലായി ഒതുക്കിയെന്നു പറയുമ്പോഴും ആ കഥകൾ പകർത്തുന്ന വ്യഥകൾ സമൂഹത്തിനുനേരെയുള്ള ചോദ്യചിഹ്നങ്ങളാണ്. കാലികമായ അവസ്ഥയിലുള്ള മനുഷ്യരുടെ തകർന്ന ബന്ധങ്ങൾ, സങ്കുചിതമായ ജീവിതമൂല്യങ്ങൾ അതിൽ ബലിയാടായവരുടെ വ്യഥകൾ കൃത്യമായി പറഞ്ഞുവയ്ക്കുന്നു രഞ്ജിനി.

ഓറഞ്ചമ്മ, പുതിയ വെളിച്ചം, ഇരുണ്ട ആകാശം, രാച്ചി, ടർക്കി തുടങ്ങിയ കഥകളിൽ മക്കളുടെ പ്രവർത്തികളാൽ വ്യഥയനുഭവിക്കുന്ന മാതാക്കളെ കാട്ടിത്തരുന്നു. മരണം ഒരു മോചനമാകുന്ന അവസ്ഥ വായനക്കാരനും ആശ്വാസമാകുന്നുണ്ട്, കഥകളുടെ ഒടുക്കം.

വേറിട്ടൊരു കഥയാണ് മോചനം. അതിൽ റോക്കി എന്ന ഒരു നായയും നിർമ്മലയും തമ്മിലുള്ള വേർപിരിയൽ രണ്ടുപേരുടെയും മരണത്തിൽ അവസാനിക്കുമ്പോൾ വായനക്കാരനും അതനുഭവവേദ്യമാകുന്നു.

കഥകളുടെ മുഖ്യഭാവം വേദനയാണെങ്കിലും പ്രതീക്ഷയുണർത്തുന്ന കഥകളുമുണ്ട് ഇതിൽ.

അതിൽ ഏറ്റവും പ്രധാനം ലച്ചുവിന്റെ അമ്മ എന്ന കഥയാണ്. സ്‌ത്രീ എന്നാൽ എന്തായിരിക്കണം എന്ന കൃത്യമായ ഒരു സൂചകം ഈ കഥയിലൂടെ പറഞ്ഞുവയ്ക്കുന്നു കഥാകാരി.

ചുരുക്കത്തിൽ ഈ പതിമൂന്നു കൊച്ചുകഥകൾ ഓരോ തരത്തിൽ വായനക്കാരനെ അസ്വസ്ഥനാക്കുകയോ ചിന്തിപ്പിക്കുകയോ ചെയ്യും.

“സ്നേഹമാണഖിലസാരമൂഴിയിൽ…” എന്ന് പേർത്തുംപേർത്തും ഓർത്തുവയ്ക്കേണ്ട ഒരു കാലഘഘട്ടത്തിൽ രഞ്ജിനിയുടെ ഈ കഥകൾ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.

ലളിതമായ ഭാഷയിൽ കഥയിൽ പറഞ്ഞുവച്ചിരിക്കുന്ന കഥാപാത്രങ്ങൾ റിയലിസ്റ്റിക് തന്നെയാണ്. അവർ മണ്ണിന്റെ മക്കളാണ്. നമുക്കുചുറ്റും കാണുന്ന, അല്ലെങ്കിൽ നമ്മൾ തന്നെയാവാം ഇതിലെ എതെങ്കിലും ഒരുകഥാപാത്രം. അതിജീവനത്തിനു പലേമാർഗ്ഗങ്ങളും സ്വീകരിക്കുവാൻ നിർബന്ധിതരാവുന്ന ഇന്നത്തെ മനുഷ്യസമൂഹത്തിനു ബന്ധങ്ങൾ സ്വന്തം ഉപജീവനത്തിനോ അതിജീവനത്തിനോ മാത്രമുള്ള ഉപാധിയായി മാറുമ്പോൾ, ഒരുപക്ഷെ പീഡിതരും പീഡകരും നിസ്സഹായരാകുന്നുവെന്നും കാണാം, കഥയിൽ അങ്ങനെയല്ലയെങ്കിലും!

സ്വാർത്ഥത നിറഞ്ഞ ബന്ധങ്ങൾക്കിടയിൽ ദുർബലരായവർ, പലപ്പോഴും സ്നേഹത്തിന്റെയും കടപ്പാടുകളുടെയുംപേരിൽ ജീവിതം ഹോമിക്കപ്പെടുമ്പോൾ മക്കളാൽ തിരസ്കൃതരാകുന്നവർ ഇന്ന് കേരളത്തിൽ കൂടിവരുന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ, ഇത്തരം കഥകൾ തീർച്ചയായും നമുക്കെല്ലാം ഒരു പാഠമാണ്.

ഇവിടെയാണ് രഞ്ജിനിയും രഞ്ജിനിയുടെ കഥാപാത്രങ്ങളായ ലച്ചുവിന്റെ അമ്മ, സുജാത, സൗദാമിനി എന്നിവർ ഒരു പ്രതീക്ഷയാകുന്നത്. ഭാഷയ്ക്ക്, സാഹിത്യത്തിന് രഞ്ജിനി അഭിമാനമാകുന്നതും അതുകൊണ്ടുതന്നെ.

എഴുത്തുജീവിതത്തിൽ ഇനിയും ഏറെ ദൂരം സഞ്ചരിക്കുവാനുണ്ട് ഈ കഥാകാരിയ്ക്ക്. നോവുകൾക്കപ്പുറം മനുഷ്യരുടെ ജീവിതത്തിലേക്ക്, മനസ്സിന്റെ ഉള്ളറകളിലേക്ക് സഞ്ചരിക്കുവാനും അവയെ കഥകളാക്കിമാറ്റുവാനും കഴിയട്ടെ.

ഓറഞ്ചമ്മയ്ക്കും ശ്രീരഞ്ജിനിക്കും ആശംസകൾ. ഇതൊരു തുടക്കമാണ്. സമൂഹത്തിന്റെ മനസ്സാക്ഷിയെ ഉണർത്തുവാൻ രഞ്ജിനിക്കിനിയും കഴിയട്ടെ.

 

 

ഡോ. അജയ് നാരായണൻ