സ്‌കൂള്‍ തുറന്നപ്പോള്‍: കവിത, നന്ദകുമാര്‍ ചൂരക്കാട്

സ്‌കൂള്‍ തുറന്നപ്പോള്‍:  കവിത, നന്ദകുമാര്‍ ചൂരക്കാട്

കോവിഡ്  കാലഘട്ടത്തിലെ  അദ്ധ്യയനം കുട്ടികളിലുണ്ടാക്കുന്ന പ്രയാസങ്ങളും സങ്കടങ്ങളുമാണ്  കവിതയിലെ പ്രതിപാദനവിഷയം

 

വീണ്ടും  തുറന്നു  സ്ക്കൂള്‍

കൈകൂപ്പിയെത്തുന്നു കുട്ടികള്‍ മാസ്കും 

സാനിറ്റെെസറുമായി

വരിവരി ആയി നിന്നു കുട്ടികള്‍

തമ്മിലടുക്കാതെ മിണ്ടാതെ അസംബ്ളിയില്‍

ഒറ്റയാള്‍ ബെഞ്ചിലിരിപ്പൂ കുട്ടികള്‍ 

ടീച്ചറും നില്പൂ വാമൂടി കൈകൂപ്പി

എത്രകാലം കഴിഞ്ഞുള്ളതാണീവരവ്

എന്തെന്തു മാറ്റങ്ങള്‍ കുട്ടികള്‍ക്കുള്ളിലായ്

ഒന്നുമുരിയാടാതിരിക്കയാണേവരും

സ്നേഹപരിഭവങ്ങളെല്ലാമുള്ളിലൊതുക്കി

രക്ഷിതാക്കള്‍ നല്കും സമ്മതപത്രം 

കൊണ്ടുവന്നവരാണിവര്‍

എങ്കിലും  സന്തോഷമുണ്ടിവര്‍ക്കുള്ളിലായ്

സ്ക്കൂള്‍ തുറന്നല്ലോ

ക്ളാസുകളുണര്‍ന്നല്ലോ

 അലസരായ് വിരസത പൂണ്ടവരെങ്കിലും

വേഗേന പഠനം തുടങ്ങേണ്ടതുണ്ടിനി

ആവേഗം കൂട്ടണമതിലുണ്ടു കുണ്ഠിതം!

ചുറ്റിനും കൂട്ടുകാരെ തിരഞ്ഞു നടക്കുവാനും

ആകയില്ലല്ലോ

കോവിഡ് ചുറ്റിനുമുണ്ടല്ലോ ശത്രുവായ്

കേവിഡ് പേടിയോടൊപ്പം പരീക്ഷാ പേടിയും

കൂടികുഴഞ്ഞതാണിനിയുള്ളനാളുകള്‍!

വീണ്ടും തുറന്നു  സ്ക്കൂളുകളെന്നാകിലും

തുറന്നില്ലവര്‍തന്‍ മനസ്സും ചിന്തയും

കോവിഡ് കാലത്തെ സ്ക്കൂളുകളീവിധം

ശബ്ദങ്ങളറ്റും ശരീരങ്ങളകന്നും..

 

നന്ദകുമാര്‍  ചൂരക്കാട്