പുതുവർഷം : കവിത, ഉഷാ മുരുകൻ

പുതുവർഷം : കവിത, ഉഷാ മുരുകൻ

ഗത്സാക്ഷിയാകുമാദിത്യനുദയംകൊള്ളുന്നു
ചുവന്നുപൂക്കുന്നു ചക്രവാളങ്ങളും
ജീവാംശുകൈക്കൊണ്ടുണരുന്നു ലോകവും
വിസ്മയം കണ്ടുവിരിയുന്നു പങ്കജം
ഒരുവട്ടംകൂടീയരുണനെ വലംവച്ചു
തൊഴുതുപിൻവാങ്ങിയീഭൂചക്രമാദരാൽ
പുതുവത്സരമൊന്നുപൊട്ടിവിടരുന്നു വീണ്ടും
പിറവികൊള്ളും നവജാതരെപ്പോൽ
വത്സരങ്ങളിനിയും വരുമാണ്ടോടാണ്ടൊരു
തുടർക്കഥയായിതുതുടരുമെന്നും
അലയാഴിയിലിന്നലെയഴലിൻതിരകളി-
ലവസാനകിരണവും മറഞ്ഞിരുന്നു
ഇരുസന്ധ്യകളിരുചക്രവാളങ്ങളിന്നലെ-
യാർത്തുമദിച്ചിരുന്നു
വർഷാന്ത്യചുംബനം കൊണ്ടകടലിൻകപോലങ്ങൾ
അരുണവർണ്ണംപൂണ്ടു തുടുത്തിരുന്നു
അസ്തമയത്തിൻ അണിയറയിൽപുതു
പുലരി പിറക്കാനൊരുങ്ങിടുമ്പോൾ
ആഴക്കടലിന്നഗാധതയിലീരാവിൽ
മുങ്ങിക്കുളികഴിഞ്ഞെത്തി സൂര്യൻ
ഋതുഭേദങ്ങളെ കളിത്തൊട്ടിലാട്ടുവാൻ
നവവത്സരം വർണ്ണക്കുടനിവർത്തി
നവോഢയെപ്പോലണയുന്നനിന്നുടെ-
യംഗരാഗങ്ങളലിയുന്നു തെന്നലിൽ
ഇതളറ്റുവീഴുന്ന മഞ്ഞിൻകണങ്ങളിൽ
നവ്യാനുഭൂതികലർന്നിരുന്നു
കാലവൃക്ഷത്തിൻചുവട്ടിലൊരുകുഞ്ഞു
മുകുളമായിന്നുനീയങ്കുരിച്ചു
വിടവാങ്ങും നാളിന്റെതേങ്ങലിൻ മാറ്റൊലി
ദിഗന്തങ്ങളിലിന്നും മുഴങ്ങിടുന്നു
മരതകകാന്തിയാൽ മിന്നുന്നുഭൂഗോളം
പുതുവർഷപ്പുലരിക്കു തേരൊരുങ്ങി
പൂവിൻദളങ്ങളെ തൊട്ടുണർത്തി
പുതുമഞ്ഞലകളെ പുല്കിമാറ്റി
പുതുവർഷപ്പുലരിയിലർക്കബിംബം
ഐശ്വര്യപൂജയ്ക്കായ്നടതുറന്നു 
കൊഴിയുമിന്നലെകൾക്കു ബലിപ്പൂക്കളർപ്പിച്ചു
ചരിത്രങ്ങളായ്നിത്യചൈതന്യമായ് 
ചിന്തകൾവിടരുന്നു നവശലഭങ്ങളായ് 
ശ്രീതിലകംചാർത്തീപുത്തൻ പ്രതീക്ഷകൾ

 

ഉഷാ മുരുകൻ