പിണറായി 3.0 ദോഷം ചെയ്യുമെന്ന് സാറാ ജോസഫ്, അധികാരമാണ് അവർക്ക് മുഖ്യം, ജനാധിപത്യമല്ല: ഭരണത്തുടര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ദുര്‍ബലമാക്കുമെന്ന് സച്ചിദാനന്ദനും
തൃശൂർ: സംസ്ഥാനത്ത് തുടർ ഭരണം വേണ്ടന്ന് സാംസ്കാരിക നായകർ. മുന്നണികൾ മാറി മാറി ഭരിക്കുന്നതാണ് നല്ലതെന്ന് കവി സച്ചിദാനന്ദൻ പരാമർശിച്ചപ്പോൾ പിണറായി 3.0 എന്ന ബ്രാന്‍ഡിങ് ദോഷം ചെയ്യുമെന്ന് സാറ ജോസഫ് പ്രതികരിച്ചു. “ഭരണാധികാരത്തിൽ വന്നത് ഇടതുപക്ഷ പാർട്ടിയാണ്. അടിസ്ഥാന വർഗത്തിന് എന്തു കിട്ടി എന്നാണ് വിലയിരുത്തേണ്ടത്. ഇടതുപക്ഷം സംസ്ഥാനത്ത് ചെയ്യുന്നത് ചോദ്യം ചോദിക്കാൻ പാടില്ല എന്ന സമ്പ്രദായമാണ്. അധികാരം നിലനിർത്താൻ ഏതു പിശാചിനോടും കൂട്ടുകൂടും എന്ന പാരമ്പര്യം ഇടതുപക്ഷത്തിനുണ്ട്. അധികാരമാണ് അവർക്ക് മുഖ്യം, ജനാധിപത്യമല്ല. വികസനം എന്നുള്ള പേരിൽ കുറെ റോഡുകളും മറ്റും കെട്ടിവയ്‌ക്കുന്നതിന് അപ്പുറത്തേക്ക് അടിസ്ഥാന വർഗമായ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തതായി കാണുന്നില്ല”- സാറാ ജോസഫ് പറഞ്ഞു.
തുടർച്ചയായി ഭരണത്തിൽ ഇരിക്കുന്നത് അഴിമതിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം. അവസരവാദികൾ ഒപ്പം കൂടും. ബംഗാളിലെ അനുഭവം നമ്മൾ ഓർക്കേണ്ടതുണ്ടെന്നുമാണ് കവി സച്ചിദാനന്ദൻ പറഞ്ഞത്. ജനങ്ങൾക്ക് പാർട്ടിയെ വിമർശിക്കാനുള്ള ഭയം വർധിച്ചുവരികയാണ്. അത് ജനാധിപത്യ പാർട്ടിക്ക് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തിന്റെ കാര്യത്തിലും സാക്ഷരതയുടെ കാര്യത്തിലും ഒക്കെ ഇടതു സര്‍ക്കാര്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നാലും ജനങ്ങള്‍ക്ക് പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ഭയം വര്‍ധിച്ചുവരികയാണ്. അത് ജനാധിപത്യ പാര്‍ട്ടിക്ക് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ ആദര്‍ശം തൊട്ടു തീണ്ടിയിട്ടില്ലാത്തവരെ ഗുരുവിനെക്കാള്‍ വലുതാക്കി കാണിക്കുന്നു. ഇത് പാര്‍ട്ടിയ്ക്ക് നല്ലതല്ല. വര്‍ഗീയമല്ലാത്ത ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കുണ്ട്. ഇത് മറന്നുപോകുന്നു.