സന്ധ്യ മയങ്ങുമ്പോൾ: കവിത, സൂസൻ പാലാത്ര

 സന്ധ്യ മയങ്ങുമ്പോൾ: കവിത, സൂസൻ പാലാത്ര

 

 

സന്ധ്യ മയങ്ങുന്ന

     നേരമെന്നമ്മത-

ന്നാനനമോർമ്മയി-

     ലെന്നുമെത്തും

ബാല്യകൗമാരങ്ങ -

     ളമ്മതൻ നിർമ്മല

സ്നേഹമാധുര്യം

     നുകർന്നിരുന്നു.

അന്തിക്കതിരോ-

     നൊളിക്കുന്ന നേരത്തു

ചൊല്ലിടുമെന്നെ

     വിളിച്ചു നിത്യം

കോഴി തൻ കൂടട -

     ച്ചീടണമാടിനെ

കൂട്ടിൽ കയറ്റീട്ടു

     വന്നിടേണം

എത്തും പരിശുദ്ധാ-

     ത്മാവും ദുരാത്മാവും

ലക്ഷ്മി മൂശേട്ടയു-

     മന്തിനേരം

സർവ്വേശ്വരനെ

     മനസ്സിൽ നിറച്ചു നീ

ചെന്നു ദീപങ്ങൾ

     തെളിച്ചിടേണം

അർക്കൻമറഞ്ഞിരു-

     ളെത്തുന്ന നേരത്തു

പ്രാർത്ഥിക്കുമമ്മയോ -

     ടൊപ്പമെന്നും

അമ്മതൻ വാക്കുകൾ

     കേട്ടു നടന്നൊരാ

ബാല്യകൗമാരങ്ങ -

     ളോർത്തിടുമ്പോൾ

തേങ്ങിടുന്നെന്മന -

     മാമുഖം കാണുവാ-

നാവില്ലൊരിക്കലു-

     മെന്നതിനാൽ

സന്ധ്യ മയങ്ങുന്ന

     നേരത്തണഞ്ഞിടു -

ന്നമ്മയെൻ ഹൃത്തിൽ

     പ്രകാശമായി.

 

(മഞ്ജരി വൃത്തം)