നഷ്ട പ്രതാപം തിരികെപ്പിടിച്ച് ഫൊക്കാനയെ പുനരുജ്ജീവിപ്പിച്ച്, പുതു മോഡല്‍ പ്ലെയ്‌സ് ചെയ്ത് സജിമോന്‍ ആന്റണി

Jun 14, 2026 - 20:23
Jun 14, 2026 - 20:47
 0  13
നഷ്ട പ്രതാപം തിരികെപ്പിടിച്ച് ഫൊക്കാനയെ പുനരുജ്ജീവിപ്പിച്ച്, പുതു മോഡല്‍ പ്ലെയ്‌സ് ചെയ്ത് സജിമോന്‍ ആന്റണി

എ എസ് ശ്രീകുമാർ 

മേരിക്കന്‍ മലയാളികളുടെ ആദ്യ  ഫെഡറേഷനും അഭിമാനവുമായ ഫൊക്കാനയെ അതിന്റെ പഴയ പ്രതാപത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്ന് കൂടുതല്‍ ജനപ്രിയവും കരുത്തുറ്റതും വിശ്വസനീയവുമായ ഒരു മലയാളി കുടുംബ കൂട്ടായ്മയായി വളര്‍ത്തിയെടുത്തിരിക്കുകയാണ് സജിമോന്‍ ആന്റണിയെന്ന പരിണതപ്രജ്ഞനായ പ്രസിഡന്റ്. രണ്ടു വര്‍ഷത്തെ ചുരുങ്ങിയ ഭരണ കാലയളവില്‍ ചെയ്യാവുന്നതിലുമപ്പുറമുള്ള ഭാവനാപൂര്‍ണമായ പദ്ധതികളും പരിപാടികളും ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ട് സംഘടനാ നേതൃത്വത്തിന് ഇതുവരെ കാണാത്ത ഒരു മോഡല്‍ തന്നെ ഇദ്ദേഹം പ്ലെയ്‌സ് ചെയ്തിരിക്കുന്നു.

ഇന്ത്യയുടെ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് 

110 അംഗസംഘടനകളുള്ള മഹാപ്രസ്ഥാനമാക്കി ഫൊക്കാനയെ രൂപാന്തരപ്പെടുത്തിയതിന് പിന്നില്‍ ഈ പ്രസിഡന്റിന്റെ ഇച്ഛാശക്തിയും കര്‍മശേഷിയും കഠിനാധ്വാനവും സര്‍വോപരി ശരിയായ മനസുമാണ് പ്രേരക ശക്തിയായി നിലകൊള്ളുന്നത്.

ഫൊക്കാന പോലുള്ള ഒരു സംഘടനയെ സമൂഹത്തോട് ചേര്‍ത്തുനിര്‍ത്താനും ജനപ്രിയമാക്കാനും ഒരു നേതാവിന് കേവലം ഭരണപരമായ കഴിവുകള്‍ മാത്രം പോരാ, മറിച്ച് ഹൃദയ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള മികവാണ് പ്രധാനം.

ഒരു നല്ല നേതാവ് ജനങ്ങളുടെ ആവശ്യങ്ങളും പ്രയാസങ്ങളും കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്നയാളായിരിക്കണം. തുറന്ന ആശയവിനിമയമാണ് ഏതൊരു ജനകീയ സംഘടനയുടെയും വിജയം. എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിക്കുകയും, സംഘടനയുടെ തീരുമാനങ്ങള്‍ സുതാര്യമായി പങ്കുവെക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ക്ക് സംഘടനയിലുള്ള വിശ്വാസ്യത വര്‍ദ്ധിക്കുന്നു 

ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള കഴിവ് ഒരു നേതാവിന് ഉണ്ടായിരിക്കണം. സംഘടനയുടെ ലക്ഷ്യങ്ങള്‍ കേവലം ആഘോഷങ്ങളില്‍ മാത്രം ഒതുക്കാതെ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സാംസ്‌കാരിക കൈമാറ്റങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലേക്ക് നയിക്കാന്‍ നേതാവിന് ദീര്‍ഘവീക്ഷണം ഉണ്ടായിരിക്കണം. ഇതാണ് ഒരു സംഘടനയെ സമൂഹത്തിന് പ്രിയങ്കരമാക്കുന്നത്.

വാക്കുകളേക്കാള്‍ പ്രവര്‍ത്തികൊണ്ട് മാതൃകയാകുന്നയാളാണ് യഥാര്‍ത്ഥ നേതാവ്. കഠിനാധ്വാനവും, വിനയവും, സേവനമനോഭാവവും സ്വന്തം ജീവിതത്തില്‍ പകര്‍ത്തിക്കൊണ്ട് മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ നേതാവിന് സാധിക്കണം.

അത്തരം ഒരു നേതൃത്വത്തിന് മാത്രമേ സംഘടനയെ ഉന്നതങ്ങളിലേക്ക് നയിക്കാനും, സമൂഹത്തില്‍ ശാശ്വതമായ മുദ്ര പതിപ്പിക്കാനും സാധിക്കൂ എന്ന് തന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ തെളിയിച്ചിരിക്കുകയാണ് സജിമോന്‍ ആന്റണി. ഫൊക്കാനയെ ഒരു വോള്‍ഡ് വൈഡ് ബ്രാന്‍ഡിങ് നല്‍കി ഉന്നതിയിലെത്തിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകുന്ന സജിമോന്‍ ആന്റണി, ഫൊക്കാന ഫാമിലി കണ്‍വന്‍ഷന്‍ അടുത്തിരിക്കെ തന്റെ ടീം നടപ്പാക്കിയ പദ്ധതികളെപ്പറ്റിയും പിന്നെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും കുറിച്ചും  പങ്കുവയ്ക്കുന്നു. സൗഹൃദ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളിലേയ്ക്ക്...

 ഇടയ്ക്ക് പ്രതാപം മങ്ങിപ്പോയ ഫൊക്കാനയുടെ തിരിച്ചുവരവിനെ എങ്ങനെ കാണാം..?

  ഫൊക്കാന പഴയ പ്രതാപത്തില്‍ നിന്നും വളരെ മുന്നിലേയ്ക്ക് പോയിരിക്കുന്നു. 1983-ല്‍ അന്തരിച്ച മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണനും മുന്‍ അംബാസിഡര്‍ റ്റി.പി ശ്രീനിവാസനും മണ്‍മറഞ്ഞ ഡോ. അനിരുദ്ധനും ഉള്‍പ്പെടെയുള്ള മഹത് വ്യക്തിത്വങ്ങള്‍ തുടങ്ങിവച്ച ഈ പ്രസ്ഥാനം ഇന്ന് ലോകത്തിലെ ഏറ്റവും പഴയതും ഏറ്റവും വലിയതുമായ മലയാളി സംഘടനകളുടെ സംഘടനയാണ്.

 എന്താണ് ഇന്ന് ഫൊക്കാനയുടെ കരുത്തിന് പിന്നിലുള്ളത്..?

 110-ലധികം സംഘടനകളെയാണ് നിലവില്‍ ഫൊക്കാന പ്രതിനിധീകരിക്കുന്നത്. ഇപ്പോഴത്തെ ഭരണ സമിതിയുടെ ഇച്ഛാശക്തിയും ജനങ്ങളിലേയ്ക്ക്  ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലനവുമാണ് ഈ അതുല്യ നേട്ടത്തിന് കാരണം.

സജിമോന്‍ ആന്റണി ഫൊക്കാന പ്രസിഡന്റ് ആയതിന് ശേഷം ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കൊത്ത് നടപ്പാക്കിയ പദ്ധതികളെന്തൊക്കെ...?

 സാധാരണ ഗതിയില്‍ ഒരു സംഘടനയില്‍ പുതിയൊരു നേതൃത്വം വരുമ്പോള്‍ ചില പ്രഖ്യാപനങ്ങള്‍ നടത്താറുണ്ട്. അവ പലപ്പോഴും കടലാസില്‍ ഒതുങ്ങുകയും ചെയ്യും. എന്നാല്‍ ഞങ്ങളുടെ ഈ ടീം പറഞ്ഞ കാര്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ആ പദ്ധതികളൊക്കെ സാധാരണ മെമ്പേഴ്‌സുമായി നേരിട്ട് ലിങ്ക് ചെയ്യപ്പെട്ടവയുമാണെന്ന് എടുത്തു പറയാം.

 എന്തൊക്കെയാണവ...?

  ഫൊക്കാന മെഡിക്കല്‍ കാര്‍ഡ്. കൊച്ചി രാജഗിരി, പാലാ മെഡിസിറ്റി, കോട്ടയം കാരിത്താസ്, തിരുവല്ല ബിലീവേഴ്‌സ്, തിരുവനന്തപുരം കിംസ്, കോഴിക്കോട് ബേബി മെമ്മോറിയല്‍ തുടങ്ങിയ കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി കൈകോര്‍ത്തുകൊണ്ടുള്ള പദ്ധതിയാണിത്. ഈ മെഡിക്കല്‍ കാര്‍ഡിലൂടെ ആയിരക്കണക്കിന് ആളുകള്‍ക്കാണ് ചികില്‍സാ സംബന്ധമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. അമേരിക്കന്‍-കനേഡിയന്‍ മലയാളികള്‍ക്ക് മാത്രമല്ല, അവരുടെ നാട്ടിലുള്ള ബന്ധുമിത്രാദികള്‍ക്കും ഈ മെഡിക്കല്‍ കാര്‍ഡിന്റെ പ്രയോജനം നേരിട്ട് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

മറ്റ് പദ്ധതികള്‍?

 ഫൊക്കാനയുടെ പ്രിവിലേജ് കാര്‍ഡാണ് മറ്റൊന്ന്. കൊച്ചി, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുകളുമായി സഹകരിച്ചുകൊണ്ടുള്ള പ്രോഗ്രാമാണിത്. ഈ കാര്‍ഡുള്ളവര്‍ക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലെ പര്‍ച്ചേസുകള്‍ക്ക് 10 മുതല്‍ 15 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഫൊക്കാന കുടുംബാംഗങ്ങള്‍ക്ക് 3,000 രൂപ മുതല്‍ 98,000 ലാഭിക്കാന്‍ കഴിയുന്ന, ആരും ഇതുവരെ നടപ്പാക്കാത്ത പദ്ധതിയാണിത്. ഇതിന്റെ ആവേശകരമായ ഫീഡ് ബാക്ക് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു.

 കേരളത്തിനു വേണ്ടിയുള്ള പദ്ധതികള്‍?

  തീര്‍ച്ചയായും. സ്വിം കേരള സ്വിം ആണ് ഒന്ന്. കേരളത്തില്‍ 1280-ഓളം പേര്‍ ഒരു വര്‍ഷം മുങ്ങി മരിക്കുന്ന ഞെട്ടിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.  ഇക്കാര്യമറിഞ്ഞപ്പോള്‍ അന്താരാഷ്ട്ര നീന്തല്‍ താരമായ എസ്.പി മുരളീധരനുമായി ചേര്‍ന്ന് കേരളത്തിലങ്ങോളമിങ്ങോളം നീന്തല്‍ പരിശിലനം നടത്തുകയുണ്ടായി. ഒപ്പം ബോധവല്‍ക്കരണ ക്ലാസുകളും ഇതിന്റെ ഭാഗമാണ്. സ്വരക്ഷ മാത്രമല്ല, മറ്റുള്ളവരുടെ ജീവന്‍കൂടി രക്ഷിക്കുകയെന്ന മഹത്തായ ലക്ഷ്യമാണ് ഈ പ്രോജക്ടുനുള്ളത്.

നിര്‍ധനര്‍ക്കുള്ള സഹായം?


 ഫൊക്കാനയുടെ ഭവനം പദ്ധതിയാണത്. ഫൊക്കാന ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ സംഭാവന ചെയ്യുന്ന സ്ഥലത്ത് 15 മുതല്‍ 20 വരെ വീടുകള്‍ നിര്‍മിക്കും. ഇത് ഒറ്റ ദിവസം കൊണ്ട് ചെയ്തു തീര്‍ക്കാവുന്ന കാര്യമല്ല. അതിന്റെ പ്രോസസ്സ് നടന്നു വരുന്നു. ഭവനം പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം ചലച്ചിത്രനടി അനു സിത്താരയുടെ നേതൃത്വത്തില്‍ ഫൊക്കാന സിനി ഷോ 2026 നടത്തുകയുണ്ടായി. ആറ് റീജിയനുകളിലെ മെഗാ ഇവന്റായിരുന്നു ഇത്. ധനശേഖരണത്തോടൊപ്പം നമ്മുടെ സാംസ്‌കാരിക തനിമയെ പ്രൊമോട്ടു ചെയ്യുക എന്നൊരു ലക്ഷ്യവും ഈ പരിപാടിക്കുണ്ടായിരുന്നു.

ഫൊക്കാനയുടെ ഹെല്‍ത്ത് ക്ലിനിക്കിനെ പറ്റി...

 നമ്മുടെ ഏറ്റവും അഭിമാനകരമായ പ്രോജക്ടുകളില്‍ ഒന്നാണ് ഇത്. മറ്റൊരു സംഘടനയ്ക്കും അവകാശപ്പെടാന്‍ പറ്റാത്ത പദ്ധതിയാണ്. അമേരിക്കയില്‍ താത്ക്കാലിക വിസയില്‍ എത്തുന്നവര്‍ക്ക് മെഡിക്കല്‍ ആനുകൂല്യങ്ങളൊന്നും നിലവിലില്ല. നാട്ടില്‍ നിന്ന് നമ്മുടെ മാതാപിതാക്കളും മറ്റും ഹ്രസ്വ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം എന്ന നിലയിലാണ് ഹെല്‍ത്ത് ക്ലിനിക്ക് എന്ന സമഗ്രമായ ഒരു ആശയം കൊണ്ടുവന്നത്.

 ന്യൂജേഴ്‌സിയിലും ബോസ്റ്റണിലും ഇത് ലോഞ്ച് ചെയ്തു കഴിഞ്ഞു. ന്യൂയോര്‍ക്കിലും ഡാളസിലും ഹൂസ്റ്റണിലും ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്കുകള്‍ ഉടന്‍ പ്രവര്‍ത്തക്ഷമമാകും. ഇവിടെ വോളണ്ടറിയായി ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെയും ഫാര്‍മസികളുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും ഒരു ടീം വര്‍ക്കാണത്.

കായിക രംഗത്തെ മുന്നേറ്റങ്ങള്‍?

 ഇക്കാര്യത്തില്‍ ഫൊക്കാന മറ്റൊരു തലത്തിലെത്തിയിരിക്കുന്നു. നമ്മുടെ ക്രിക്കറ്റ് ക്ലബ്, ഫുട്‌ബോള്‍ ക്ലബ്, ബാസ്‌ക്കറ്റ് ബോള്‍ ക്ലബ് എന്നിവ ഉദാഹരണങ്ങളാണ്. കേവലം ടൂര്‍ണമെന്റുകള്‍ നടത്തി അവസാനിപ്പിക്കുന്ന രീതിയല്ല മറിച്ച് ന്യൂയോര്‍ക്ക്, ചിക്കാഗോ, ഫ്‌ളോറിഡ തുടങ്ങി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കോച്ചിങ്ങ് ക്ലാസുകള്‍ ഉള്‍പ്പെടെ നടത്തുന്ന പദ്ധതിയാണിത്.

 വനിതാ ശാക്തീകരണം?

 രേവതിപിള്ള ചെയര്‍പേഴ്‌സണായിട്ടുള്ള ഫൊക്കാന വുമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ കുമരകത്തു നടന്ന  കേരള കണ്‍വന്‍ഷനില്‍ നിര്‍ധനരായ 26 കുട്ടികളെ കണ്ടെത്തി അവര്‍ക്ക് 50,000 രൂപ വീതമുള്ള വിദ്യാഭ്യാസ സാമ്പത്തിക സഹായം നല്‍കുകയുണ്ടായി.

യുവജന ശാക്തീകരണം?

  വളരെ ആവേശത്തോടെ നൂറിലധികം പേരാണ് ഫൊക്കാനയുടെ യൂത്ത് വിങ്ങില്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ പരിശ്രമഫലമായി ഫൊക്കാന കണ്‍വന്‍ഷനില്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഉള്‍പ്പെടെയുള്ളവ പ്ലാന്‍ ചെയ്യുന്നുണ്ട്. ഇത് യുവജനങ്ങളില്‍ കായികാഭിനിവേശം വളര്‍ത്താന്‍ സഹായിക്കും. യൂത്തിനു വേണ്ടി എ.ഐ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സെമിനാറുകളും സംഘടിപ്പിക്കപ്പെട്ടു.

ഇനി ആവിഷ്‌ക്കരിക്കാനുള്ള പ്രോജക്ടുകള്‍?

 ഉണ്ട്. അത് ഫൊക്കാനയുടെ 1-800 നമ്പറാണ്. മലയാളികള്‍ക്ക് പല തരത്തിലുള്ള ആവശ്യങ്ങളുണ്ടല്ലോ. ഉദാഹരണത്തിന് ഒരു നിയമസഹായം വേണ്ടി വരുമ്പോള്‍ മതിയായ ഉപദേശങ്ങള്‍ക്കായി ഫൊക്കാനയോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ലോയര്‍മാരെ ബന്ധപ്പെടാവുന്നതാണ്. ഇനി മെഡിക്കല്‍ സഹായത്തിനാണെങ്കില്‍ 1-800 നമ്പറിലൂടെ നേരിട്ട് ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റ് എടുക്കാനും മറ്റും സാധിക്കും. ഒരു മരണമുണ്ടായാല്‍ നാട്ടിലേക്ക് മൃതശരീരം കൊണ്ടുപോകുന്നതു സംബന്ധിച്ച ഉപേദശ നിര്‍ദേശങ്ങളും ഈ 1-800 നമ്പറില്‍ ബന്ധപ്പെടുന്നതിലൂടെ ലഭ്യമാക്കാം.

കൂടാതെ ജോലി സംബന്ധമായ നെറ്റ് വര്‍ക്കിങ്ങ് പ്ലാറ്റ്‌ഫോമിലെ സൗകര്യപ്രദമായ മാറ്റങ്ങളിലേക്കായി 1-800 ഉപയോഗിക്കാവുന്നതാണ്. അങ്ങനെ ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള ഡയറക്ട് വണ്‍ സ്റ്റെപ്പ് ഗോയിങ്ങ് ആയിരിക്കും 1-800 എന്ന് പറയുന്നത്. അത് ഉടന്‍ പ്രാബല്യത്തിലാവും.

 രണ്ട് വര്‍ഷം, ഒരുപാട് പ്രവര്‍ത്തനങ്ങള്‍, അതിലിനി എടുത്തു പറയാവുന്ന നേട്ടങ്ങള്‍ എന്തൊക്കെ?

 ഇന്ത്യയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി ഫൊക്കാനയ്ക്ക് വളരെ ശക്തവും ഊഷ്മളവുമായ ബന്ധമാണുള്ളത്. ഒപ്പം ഇവിടുത്തെ ബന്ധപ്പെട്ട ലോക്കല്‍ ബോഡികളുമായി നല്ല റിലേഷന്‍ ഉണ്ട്. ഇന്ത്യയില്‍ ഇതിന്റെ ഫലമായി പല കാര്യങ്ങളും സാധ്യമാകും. കൊച്ചിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ഡയറക്ട് ഫ്‌ളൈറ്റ് സര്‍വീസിനായി ഫൊക്കാനയുടെ ശ്രമം തുടരുന്നുണ്ട്. കൂടാതെ ഒ.സി.ഐ കൗണ്ടറുകള്‍ കാര്യക്ഷമമാക്കാനും അതിന്റെ വെബ്‌സൈറ്റുകള്‍ എന്‍.ആര്‍.ഐ ഫ്രണ്ട്‌ലിയായി ഡവലപ്പ് ചെയ്യാനും ഫൊക്കാന സര്‍ക്കാര്‍ തലത്തിലുള്ള ബന്ധം ഫലപ്രദമായി ഉപയോഗിക്കുന്നു.

ഇക്കാര്യത്തില്‍ എന്തൊക്കെ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്?

  കേരളത്തിലെ അടഞ്ഞുകിടക്കുന്ന പ്രവാസികളുടെ വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഫൊക്കാന ശബ്ദമുയര്‍ത്തിയതിന്റെ ഫലമായി പ്രസ്തുത ബജറ്റ് പ്രൊപ്പോസല്‍ റദ്ദാക്കുകയുണ്ടായി. കൂടാതെ നമ്മുടെ നാട്ടിലുള്ള സ്ഥലം കച്ചവടം ചെയ്യുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന ടാക്‌സ് ഡിസ്പാരിറ്റിക്കെതിരെ വലിയൊരു കാംപെയ്ന്‍ ഞാന്‍ നടത്തുകയുണ്ടായി. ഈ വിഷയം പാര്‍ലമെന്റിന്റെ ശ്രദ്ധയിലേക്ക്  കൊണ്ടുവരാന്‍ കേരളത്തിലെ എല്ലാ എം.പിമാര്‍ക്കും നിവേദനം കൊടുക്കുകയുണ്ടായി.

 നികുതി ഘടനയിലെ വ്യത്യാസം എങ്ങനെയാണ് വിദേശ ഇന്ത്യക്കാരെ ബാധിക്കുന്നത്?

  വളരെ ഗൗരവമുള്ള ഒരു വിഷയമാണിത്. നാട്ടിലുള്ളവര്‍ ഒരു പ്രോപ്പര്‍ട്ടി വില്‍ക്കുമ്പോള്‍ അവര്‍ക്ക് 10ശതമാനം ടാക്‌സ് കൊടുക്കേണ്ടിവരുമെന്നിരിക്കെ, നമ്മളെ പോലുള്ള എന്‍.ആര്‍.ഐകള്‍ക്ക് അത് 20-22 ശതമാനം കൊടുക്കേണ്ട സാഹചര്യം ഉണ്ട്. അത് ഇല്ലാതാക്കി ഈ രണ്ട് കാറ്റഗറിയെയും ഒരൊറ്റ കാറ്റഗറിയാക്കി മാറ്റുന്നതിനുള്ള ഒരു റിക്വസ്റ്റ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കുകയും ചെതു. അതിന്റെ അന്തിമ തീരുമാനം എന്തായെന്ന് ഇപ്പോള്‍ വ്യക്തമല്ല.

 ഉപരാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയെ പറ്റി?

  ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സി.പി രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ച അപ്രതീക്ഷിതവും ഫലപ്രദവുമായിരുന്നു. കൂടിക്കാഴ്ചയ്ക്ക് 10 മിനിറ്റ് മാത്രമാണ് അനുവദിച്ചിരുന്നതെങ്കിലും ഏതാണ്ട് അര മണിക്കൂരോളം അദ്ദേഹവുമായി സൗഹൃദസംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞത് ഫൊക്കാനയെ സംബന്ധിച്ചിടത്തോളം ഒരു ചരിത്രനിമിഷമാണ്. അതുപോലെ തന്നെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര ഗവണ്‍മെന്റ് പിന്നെ അമേരിക്കയിലെ പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിങ്ങനെ മൂന്ന് തലങ്ങളിലായാണ് ഫൊക്കാന ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കന്‍ മലയാളികളുടെ ആവശ്യങ്ങളും ആവലാതികളും പരിഹരിക്കാന്‍ ഈ ബന്ധം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്.

 ഇനി നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന പദ്ധതികള്‍?

  ഫൊക്കാനയുടെ പേര്, അതിന്റെ ബ്രാന്‍ഡിങ്ങ് ലോകത്തിന്റെ ഉന്നതിയിലെത്തിക്കുക എന്നതാണ് ലക്ഷ്യം. വരാന്‍ പോകുന്ന നമ്മുടെ കണ്‍വന്‍ഷനില്‍ ഫൊക്കാന രണ്ട് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡുകള്‍ സ്ഥാപിക്കും എന്നെനിക്ക് ഉറപ്പാണ്. ഫൊക്കാനയുടെ 21-ാമത് കണ്‍വന്‍ഷനോടനുബന്ധിച്ച് പെന്‍സില്‍വേനിയയിലെ പോക്കണോസ് മലനിരകള്‍ക്ക് താഴെയുള്ള കാലഹാരി റിസോര്‍ട്‌സില്‍ 2026 ഓഗസ്റ്റ് എട്ടാം തീയതി ശനിയാഴ്ച പഞ്ചാരിമേളവും മോഹിനിയാട്ടവും ജനങ്ങളുടെ മനം കവരും. അറുന്നൂറിലധികം ചെണ്ടവിദ്വാന്‍മാര്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളവും 1100 മോഹിനിയാട്ട കലാകാരികള്‍ അണിനിരക്കുന്ന നൃത്തവും വേറിട്ട ലോകറിക്കോഡ് അനുഭവം ആയിരിക്കും...തീര്‍ച്ച...

 കണ്‍വന്‍ഷനെക്കുറിച്ച്? എത്ര പേര്‍ പങ്കെടുക്കും?

  ഇന്ത്യയുടെ വൈസ് പ്രസിഡന്റ്, കേരള ഗവര്‍ണര്‍, കേരള മുഖ്യമന്ത്രി, ന്യൂജേഴ്‌സി ഗവര്‍ണര്‍ തുടങ്ങിയവരെ നമ്മള്‍ ക്ഷണിച്ചിട്ടുണ്ട്. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഭിന്നശേഷിക്കാര്‍ക്കായി ചെയ്യുന്ന പ്രോജക്ടില്‍ ഫൊക്കാനയും പങ്കിളിത്തം വഹിക്കുന്നുണ്ട്. മുതുകാടിന്റെ ഫണ്ട് റെയ്‌സിങ്ങിന്റെ ഭാഗമായുള്ള ആദ്യ ഷോ ഫൊക്കാന കണ്‍വന്‍ഷന്റെ ഉദ്ഘാടന ദിവസം നടക്കും. ഫൊക്കാനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഒരടയാളപ്പെടുത്തല്‍ കൂടിയാണിത്. കാരണം പൊക്കാന ഭിന്നശേഷിക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും കൈത്താങ്ങായി എന്നും നിലകൊള്ളുന്ന സംഘടനയാണ്.

 കണ്‍വന്‍ഷന് എട്ട് മാസം മുമ്പേ നമ്മള്‍ രജിസ്‌ട്രേഷന്‍ ക്ലോസ് ഡൗണ്‍ ചെയ്തിരുന്നു. മുറികളെല്ലാം അന്നു തന്നെ ഫുള്‍ ആയി. ഈ സംഘടന ജനഹൃദയങ്ങളില്‍ എത്രമാതമുണ്ട് എന്നതിന് തെളിവാണിത്. ഏതാണ്ട് 4,000-5,000 ആള്‍ക്കാര്‍ കണ്‍വന്‍ഷന് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 3,700 പേരുടെ ഗ്യാരന്റി ഇപ്പോള്‍ത്തന്നെ ഉറപ്പായിട്ടുണ്ട്. ക്രൗഡിനെ എങ്ങനെ നിയന്ത്രിക്കുമെന്ന ആശങ്കയാണിപ്പോഴുള്ളത്. മലയാള സിനിമയെയും കലാ പ്രതിഭകളെയും അദരിക്കുന്ന സിനി അവാര്‍ഡ് നൈറ്റ്, മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിനുള്ള സാഹിത്യ അവാര്‍ഡ്, മീഡിയ സെമിനാര്‍, ജനപ്രിയ താരങ്ങളുടെ എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമുകള്‍ തുടങ്ങിയവ കണ്‍വന്‍ഷന്റെ ഹൈലൈറ്റുകളാണ്.

 ഫൊക്കാനയുടെ നെടുംതൂണായി നിലകൊള്ളുന്ന സജിമോന്‍ ആന്റണിക്ക് അമേരിക്കന്‍ മലയാളികളോട് പറയാനുള്ളത്?

  സാമൂഹിക-സാംസ്‌കാരിക സംഘടനകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മിനിമം സംസ്‌കാരവും സാമൂഹിക കാഴ്ചപ്പാടുമുള്ള ആള്‍ക്കാര്‍ അതിന്റെ നേതൃനിരയില്‍ എത്തണം. അങ്ങനെ വന്നുകഴിഞ്ഞാല്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന നിയോഗമാണ് ഞാന്‍ നിറവേറ്റിക്കൊണ്ടിരിക്കുന്നത്. എന്നെക്കൊണ്ട് പറ്റുന്നതുപോലെ ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു നല്ല മോഡല്‍ പ്ലെയ്‌സ് ചെയ്യാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. തുടങ്ങിവച്ച പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാവാന്‍ മികവുറ്റ ഒരു ലീഡര്‍ഷിപ്പ് വേണം. അത്തരത്തിലുള്ളവരെ നേതൃനിരയിലെത്തിക്കണമെന്നാണ് എനിക്ക് അമേരിക്കന്‍ മലയാളികളോട് അഭ്യര്‍ത്ഥിക്കുവാനുള്ളത്

. കൂടാതെ എന്നോടൊപ്പം ഈ ടീമിലുള്ള ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍ ഉള്‍പ്പെടെയുള്ള  എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കും ഫൊക്കാനയുടെ വിവിധ തലങ്ങളിലുള്ള നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കുമെല്ലാം ഞാന്‍ ഹൃദയപൂര്‍വം നന്ദി അറിയിക്കുന്നു.


ലോക മലയാളി സംഘടനാ ചരിത്രത്തിലെ ഏറ്റവും വലിയ കണ്‍വന്‍ഷന് തിരിതെളിയാന്‍ ഇനി ഒന്നര മാസത്തിന്റെ കാത്തിരിപ്പ് മാത്രമേയുള്ളൂ. കേരളത്തനിമയുള്ള ഘോഷയാത്രയും 101പേരുടെ ഓപ്പണിങ് ഡാന്‍സും ഗിന്നസിലേയ്ക്കുള്ള പഞ്ചാരി മേളവും മോഹിനിയാട്ടവും ഉള്‍പ്പെടെ 1800 പ്രതിഭകള്‍ ഒന്നിച്ച് അണിനിരക്കുന്ന ഒരു മാസ്മരിക വിരുന്നാണ് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനെ വര്‍ണാഭമാക്കുന്നത്.

അമേരിക്കയിലെയും ഇന്ത്യയിലെയും രാഷ്ട്രീയ-സാംമൂഹിക-സാംസ്‌കാരിക-കലാ വ്യക്തിത്വങ്ങളുടെ സാന്നിധ്യവും അയ്യായിരം പേരുടെ പങ്കാളിത്തവും ഈ കണ്‍വന്‍ഷനെ ഒരു ചരിത്ര കൂട്ടായ്മയായി മാറ്റുമെന്ന കാര്യത്തില്‍ സംഘാടകര്‍ക്ക് സംശയമില്ല. ഫൊക്കാനയെന്ന സംഘടനകളുടെ സംഘടന ഭാവിയില്‍ എപ്രകാരമായിരിക്കും വിലയിരുത്തപ്പെടുക എന്ന ചോദ്യത്തിന്, അത് ''സജിമോന്‍ ആന്റണിക്ക് മുമ്പും സജിമോന്‍ ആന്റണിക്ക് ശേഷവും...'' എന്ന തരത്തിലാവുമെന്നാണ് സംസാരം.