ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് ഫിലിപ്പോസ് ഫിലിപ്പ് നാമനിർദേശ പത്രിക സമർപ്പിച്ചു
ന്യൂജേഴ്‌സി: ഫൊക്കാന 2026-2028 കാലയളവിലേക്കുള്ള പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഫിലിപ്പോസ് ഫിലിപ്പ് നാമനിർദേശ പത്രിക സമർപ്പിച്ചു. ന്യൂജേഴ്‌സിയിൽ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ ഫൊക്കാന തിരഞ്ഞെടുപ്പ് കമ്മിഷണറായ ബിജു കൊട്ടാരക്കരയ്ക്ക് മുന്നിലായിരുന്നു നാമനിർദേശം നൽകിയത്. വടക്കേ അമേരിക്കയിലെ ഭൂരിഭാഗം അംഗസംഘടനകളുടെയും ശക്തമായ പിന്തുണ ഫിലിപ്പോസ് ഫിലിപ്പിനുണ്ടെന്നും, സംഘടനയെ മുന്നോട്ടു നയിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവായി അദ്ദേഹത്തെ മലയാളി സമൂഹം കാണുന്നുവെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
മൂന്നു പതിറ്റാണ്ടിലേറെയായി ഫൊക്കാനയുടെ വിവിധ തലങ്ങളിലെ പ്രവർത്തനങ്ങളുമായി സജീവമായി ബന്ധപ്പെട്ടിട്ടുള്ള ഫിലിപ്പോസ് ഫിലിപ്പ് മുൻ ജനറൽ സെക്രട്ടറിയും വിവിധ ദേശീയ കമ്മിറ്റികളുടെ ഭാരവാഹിയുമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ സഹായ പദ്ധതികൾ, യുവജന ശാക്തീകരണം, ലഹരിവിരുദ്ധ ബോധവൽക്കരണം, പ്രവാസി മലയാളികളുടെ അവകാശ സംരക്ഷണം തുടങ്ങിയ മേഖലകളിൽ വ്യക്തമായ പ്രവർത്തനപാരമ്പര്യമുള്ള നേതാവെന്ന നിലയിലാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഫൊക്കാനയെ ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും വേദി എന്നതിൽ നിന്ന് ജനോപകാര പ്രവർത്തനങ്ങളുടെ ശക്തമായ ഇടമായി മാറ്റുകയെന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രവാസി മലയാളികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ, കേരളത്തിൽ വിപുലമായ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ, യുവജനങ്ങൾക്ക് നേതൃത്വ-രാഷ്ട്രീയ അവബോധ പരിശീലനങ്ങൾ, ഇമിഗ്രേഷൻ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ വിദഗ്ധ സമിതികൾ എന്നിവ നടപ്പാക്കുമെന്ന് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. ഫൊക്കാനയുടെ 16 റീജിയനുകളിലാകെ മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും, അംഗസംഘടനകളുടെ വിശ്വാസവും പിന്തുണയും തനിക്ക് ആത്മവിശ്വാസം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടനയുടെ നിഷ്പക്ഷതയും ജനകീയതയും കൂടുതൽ ശക്തിപ്പെടുത്തി ഫൊക്കാനയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.