ഈ പിളർത്തൽ രാഷ്ട്രീയ കുതിര കച്ചവടത്തിന്റെ നാണംകെട്ട മറ്റൊരദ്ധ്യായം
ആം ആദ്മി പാർട്ടിയുടെ പ്രമുഖ നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയും മറ്റ് 6 എംപിമാരും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. അരവിന്ദ് കെജ്‌രിവാളിനും എഎപിക്കും ദേശീയ തലത്തിൽ വലിയ ആഘാതമുണ്ടാക്കുന്നതായി ഈ നീക്കം.
രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ ഏതു വിധേനയും അധികാരം നിലനിർത്തുകയാണ് ബിജെപിയുടെ എക്കാലത്തെയും നയം. അതിന് വേണ്ടി ചെയ്യുന്നതൊന്നും അധാർമികമല്ലെന്നതാണ് പാർട്ടിയുടെ പക്ഷം. പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ അടിത്തറ ഇളക്കിക്കൊണ്ട് രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ നടന്ന കൂടുമാറ്റം ജനാധിപത്യ അട്ടിമറിയുടെ തിരക്കഥയാണ് വെളിപ്പെടുത്തുന്നത്. വരുന്ന ഫെബ്രുവരിയിൽ പഞ്ചാബിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കനത്ത പ്രഹരമാണ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് ആം ആദ്മി പാർട്ടി രാജ്യസഭാംഗങ്ങളുടെ ബി ജെ പിയിലേക്കുള്ള കൂടുമാറ്റം.
രാഘവ് ഛദ്ദയെയും കൂട്ടരെയും ബിജെപി വാങ്ങിയതാണോ അവർ സ്വയം വിറ്റതാണോ എന്നറിയില്ല, എന്തായാലും ഇവിടെ ജനം ചതിക്കപ്പെട്ടിരിക്കുന്നു . മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ കൂറുമാറ്റനിരോധന പരിധിയിൽ വരില്ല. നിയമത്തിന്റെ കണ്ണിൽ ഇത് സാധുവാണെങ്കിലും ജനങ്ങളുടെ കണ്ണിൽ ഇത് വഞ്ചനയാണ്.
അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ അധികാരത്തിലെത്തിയ ഒരു പാർട്ടിയുടെ ഉന്നത നേതാക്കൾ തന്നെ പദവികൾ ഉപേക്ഷിച്ച് ബിജെപിയിൽ ചേരുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ആശയങ്ങളേക്കാൾ അധികാരത്തിന് പ്രാധാന്യം ലഭിക്കുന്ന കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
2047ൽ പ്രതിപക്ഷമുക്ത ഇന്ത്യ ലക്ഷ്യമിടുന്ന ബിജെപി രാഷ്ട്രീയ കളികൾക്കായി കേന്ദ്ര ഏജൻസികളെ തരാതരംപോലെ ഉപയോഗിക്കുന്നു. ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും സമ്മർദത്തിലാഴ്‌ത്തിയും കേന്ദ്രമന്ത്രി പദവി വാഗ്‌ദാനം ചെയ്ത് പ്രലോഭിപ്പിച്ചുമാണ്, 2022ൽ പഞ്ചാബിൽ എഎപിയെ അധികാരത്തിലെത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച രാഘവ് ഛദ്ദയെത്തന്നെ ബിജെപി സ്വന്തമാക്കിയത്. ഇ ഡി, സി ബി ഐ കേസുകളിൽ അന്വേഷണം നേരിടുന്ന എം പിമാരുമുണ്ട് മറുകണ്ടം ചാടിയവരിലെന്നത് ശ്രദ്ധേയമാണ്. കേന്ദ്ര ഏജൻസികൾ വേട്ടയാടുന്ന രാഷ്ട്രീയ നേതാക്കൾക്ക് രക്ഷപ്പെടാനുള്ള മാർഗമാണ് ബി ജെ പിയിലേക്കുള്ള കൂടുമാറ്റം. അതോടെ കേസന്വേഷണം മന്ദഗതിയിലാകുകയോ, കേസ് മരവിപ്പിക്കുകയോ ചെയ്യുകയാണ് രീതി. 2014നുശേഷം ഏജൻസി വേട്ടക്ക് വിധേയരായതിൽപ്പിന്നെ ബി.ജെ.പിയിൽ ചേർന്ന 25 പ്രമുഖ പ്രതിപക്ഷ നേതാക്കളിൽ 23 പേരുടെ കാര്യത്തിലും അന്വേഷണം നിലച്ചതായാണ് കണ്ടെത്തൽ.
18 എംപിമാരെക്കൂടി വാങ്ങിയാൽ രാജ്യസഭയിൽ ബിജെപിക്കു ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷമാകും. പഞ്ചാബിൽനിന്ന് രാജ്യസഭയിൽ ഒരംഗം പോലുമില്ലാത്ത ബിജെപിക്കാണ് ഒറ്റക്കച്ചവടത്തിൽ ആറുപേരെ കിട്ടിയത്. 117 അംഗ നിയമസഭയിൽ വെറും രണ്ട് എംഎൽഎമാരാണു ബിജെപിക്കുള്ളത്.
ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനങ്ങളിൽ ആരംഭിച്ച കുതിരക്കച്ചവടത്തിന്റെ തുടർച്ചയാണ് പഞ്ചാബിൽ നടന്നതും.. 2016ൽ അരുണാചൽ പ്രദേശ്, 2017ൽ ബിഹാർ, മണിപ്പുർ, ഗോവ, 2019ൽ കർണാടക, 2020ൽ മധ്യപ്രദേശ് എന്നിങ്ങനെയായിരുന്നു ബിജെപി അധികാരം പിടിച്ചത്.
അധികാരത്തിൽ മാത്രമാണ് ബിജെപിയുടെ കണ്ണ് . എങ്ങനെയും അധികാരം നേടി ഹിന്ദുത്വ അജൻഡ നടപ്പാക്കലാണ് ലക്ഷ്യം. രാഷ്ട്രീയ ധാർമികത നമ്മുടെ രാജ്യത്തിന് നഷ്ടമായിരിക്കുന്നതിൽ വിലപിക്കുക മാത്രമേ വഴിയുള്ളു.