ആയത്തൊള്ള ഖമേനിയെ വധിക്കാൻ പദ്ധതിയിട്ട് ഇസ്രായേൽ ; ട്രംപ് ഇടപെട്ട് പിന്തിരിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍

Jun 16, 2025 - 14:50
Jun 16, 2025 - 15:49
 0  9
ആയത്തൊള്ള ഖമേനിയെ വധിക്കാൻ പദ്ധതിയിട്ട്   ഇസ്രായേൽ ; ട്രംപ് ഇടപെട്ട്  പിന്തിരിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍


വാഷിങ്ടണ്‍: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയെ വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇടപെട്ടാണ് ഈ നീക്കം തടഞ്ഞതെന്നും യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 'ഇറാന്‍കാര്‍ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യും വരെ രാഷ്ടീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാന്‍ പോകുന്നില്ല' എന്ന് ട്രംപ് നിലപാടെടുത്തെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.

സായുധ സേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫായി സേവനമനുഷ്ഠിക്കുകയും, ശക്തമായ റെവല്യൂഷണറി ഗാര്‍ഡിനെ നിയന്ത്രിക്കുകയും ചെയ്യുന്ന ആയത്തുള്ള അലി ഖമേനിയെ വധിക്കാന്‍ അവസരമുണ്ടെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്. ഇക്കാര്യം ഒന്നിലേറെ തവണ അമേരിക്കക്ക് മുന്നില്‍ അവതരിപ്പിച്ചെങ്കിലും പ്രസിഡന്റ് ട്രംപ് അതിനോട് യോജിച്ചില്ല. ട്രംപിന്റെ വിയോജിപ്പിനെ തുടര്‍ന്നാണ് ഈ നീക്കത്തില്‍ നിന്നും ഇസ്രയേല്‍ പിന്മാറിയതെന്നും യുഎസ് ഉദ്യോഗസ്ഥന്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു

അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ ശ്രമം നടത്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. ഇതു സംബന്ധിച്ച് തനിക്ക് രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നും വിവരം ലഭിച്ചുവെന്നാണ് നെതന്യാഹു അവകാശപ്പെട്ടത്.