ടെക്സസിൽ സംഗീത മഹോത്സവം; ബിജു നാരായണനും PRDGL-ഉം ഒരേ വേദിയിൽ

Jun 13, 2026 - 19:18
 0  7
ടെക്സസിൽ സംഗീത മഹോത്സവം; ബിജു നാരായണനും PRDGL-ഉം ഒരേ വേദിയിൽ

പ്രസാദ് തീയാടിക്കൽ

ഡാളസ്, ടെക്സസ്: അമേരിക്കൻ മലയാളി സമൂഹത്തിന് സംഗീതത്തിന്റെ വേറിട്ട അനുഭവം സമ്മാനിച്ച് പ്രമുഖ ഗായകരെ അണിനിരത്തുന്ന ഇരട്ട സംഗീത പരിപാടികൾ ടെക്സസിൽ സംഘടിപ്പിക്കുന്നു. മലയാളികളുടെ പ്രിയ പിന്നണി ഗായകൻ ബിജു നാരായണനും അന്താരാഷ്ട്ര ശ്രദ്ധ നേടിയ കാത്തലിക് റാപ്പർ PRDGL-ഉം പങ്കെടുക്കുന്ന പരിപാടികൾ ജൂലൈ 4, 5 തീയതികളിലായി നടക്കും.

ജൂലൈ 4-ന് വൈകിട്ട് 7:45-ന് സെന്റ് തോമസ് ജൂബിലി ഹാളിൽ നടക്കുന്ന മെഗാ ഗാനമേളയിൽ ഗായകൻ ബിജു നാരായണൻ സംഘത്തോടൊപ്പം വേദിയിലെത്തും. ടെക്സസ് ബീറ്റ്സ് ലൈവ് ഓർക്കസ്ട്രയുടെ സംഗീത അകമ്പടിയോടെ വിവിധ ഗായകരും പരിപാടിയിൽ പങ്കുചേരും.

തുടർന്ന് ജൂലൈ 5-ന് രാത്രി 8 മണിക്ക് അന്താരാഷ്ട്ര കാത്തലിക് റാപ്പ് സംഗീതരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ PRDGL നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് അരങ്ങേറും. യുവജനങ്ങളെ ആകർഷിക്കുന്ന റാപ്പ് സംഗീതവും പ്രത്യേക സംഗീതാവിഷ്‌കാരങ്ങളുമായാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

വ്യത്യസ്ത സംഗീത ശൈലികൾ ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ഈ രണ്ട് ദിവസത്തെ സംഗീതോത്സവം അമേരിക്കൻ മലയാളികൾക്ക് ശ്രദ്ധേയമായ കലാവിരുന്നാകുമെന്ന് സംഘാടകർ അറിയിച്ചു. സംഗീതാസ്വാദകരെ പരിപാടിയിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്തിട്ടുണ്ട്.

സ്ഥലം : സെന്റ് തോമസ്‌ സിറൊ മലബാർ കാത്തോലിക് ചർച് ഓഡിറ്റോറിയം,4922 റോസ് ഹിൽ റോഡ്, ഗാർലാൻഡ്,ടെക്സാസ് -75043