പൂവ്: കവിത, റീന മാത്യു

പൂവ്: കവിത, റീന മാത്യു

രാത്രി തൻ യാമത്തിൽ കൊരുത്ത കനവുകൾ

മെനഞ്ഞെടുക്കാൻ വിരിയുകയായിവൾ

മകരന്ദമുറങ്ങുന്ന പരാഗതന്തുക്കളിൽ

വർണരേണുക്കൾ തൂകിയാ സുരഭിലസൂനം

 

മെല്ലെയിളകിയ നേർത്ത ദലങ്ങളൊരു

മന്ദമാരുതൻ വീശി കടന്നപ്പോൾ

വീണ്ടുമെത്തുമെന്നൊരു കുസൃതിയാൽ

അനിലൻ മൊഴിയവേ നിർവൃതി പൂണ്ടവൾ

 

നറുമഞ്ഞിൻ തുള്ളികൾ പുൽകി പടർന്നപ്പോൾ

വിറയാർന്ന തനുവൊന്നു മെല്ലെ ഉലച്ചവൾ

ഇതളിൽ മുഖം ചേർത്ത് മയങ്ങും ഹിമകണം

പിരിയുവാൻ കൂട്ടാക്കിയില്ല പകലോനെത്തുവോളം

 

ഉജ്വല കാന്തിയിൽ മാരിവില്ലാഴകേകി

പൂവാടി തന്നിൽ നിറഞ്ഞു ലസിക്കവേ

തേൻ നുകരാനായി വട്ടമിട്ടെത്തിയ

ഭ്ര്ഗങ്ങൾ തൻ കപട സ്നേഹമറിഞ്ഞില്ല

 

കാത്തു സൂക്ഷിച്ചൊരാ സ്നേഹാമൃതമെല്ലാം

വറ്റുകയാണെന്നിൽ സായാഹ്നമായിതാ

വിറകൊള്ളും ഇതളുകൾ ശുഷ്‌കിച്ചു വരളുന്നു

കൂമ്പിയടയുന്നെൻ മിഴികളും തോരാതെ

 

കുശലം പറയുവാൻ പവനൻ വന്നതില്ല

തുഷാര ബിന്ദുക്കൾ എൻ തനു കവർന്നില്ല

പാറിയകലുന്നു പൂമ്പാറ്റകളെല്ലാം

ഞെട്ടട്ടു വീഴുന്നു ഞാൻ തീർത്ത സ്വപ്നങ്ങൾ.