യുവനടിയുടെ പീഡന പരാതി: രഞ്ജിത്തിനെ റിമാൻഡ് ചെയ്തു; എറണാകുളം സബ് ജയിലിലേക്ക് മാറ്റും
കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിന്‍റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും.
കേസിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് രഞ്ജിത്തിന്‍റെ അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമാ സെറ്റിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവനടി നൽകിയ പരാതിയിൽ ചൊവ്വാഴ്ചയാണ് സംവിധായകൻ രഞ്ജിത്തിനെ ഇടുക്കി എസ്പിയുടെ നിർദേശ പ്രകാരം തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്തത്. തുടർന്ന് എറണാകുളം പൊലീസിന് കൈമാറുകയായിരുന്നു.
പുതുതായി നിർമിക്കുന്ന സിനിമയുടെ സെറ്റിൽ വച്ച് രഞ്ജിത് മോശമായി പെരുമാറിയെന്നാണ് ആരോപണം. യുവനടി ആദ്യം സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിക്കാണ് പരാതി നൽകിയത്. പിന്നീട് പരാതി എറണാകുളം കമ്മിഷണർക്ക് കൈമാറി. രണ്ട് ദിവസം മുൻപ് നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. അതീവ രഹസ്യമായാണ് പൊലീസ് നടപടികൾ സ്വീകരിച്ചത്. തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.