സംസ്ഥാനത്ത് കനത്ത മഴ; പുഴകളിൽ ജലനിരപ്പ് ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിന് പിന്നാലെ പല നദികളിലും ആശങ്കയായി ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ജലസേചന വകുപ്പ് പല നദികളിലും ഓറഞ്ച്, യെല്ലോ അലർട്ടുകൾ നൽകിയിട്ടുണ്ട്. മൂവാറ്റുപുഴ, കല്ലട, മീനച്ചിൽ, മണിമല, പമ്പ, അച്ചൻകോവിൽ എന്നീ നദികൾക്കാണ് ഓറഞ്ച് അലർട്ട് നൽകിയിട്ടുള്ളത്.
കാക്കടശ്ശേരിയിലെ മൂവാറ്റുപുഴ നദിയ്ക്ക് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. റിസർവോയറുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് വെള്ളത്തിൻ്റെ ഒഴുക്ക് ക്രമീകരിക്കുന്നതിനായി മൂഴിയാർ, പാംബ്ല, കല്ലാർകുട്ടി, മലങ്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പിന്തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ വ്യത്യസ്ത ഉരുൾപൊട്ടലുകളിൽ നാല് പേരാണ് മരിച്ചത്. പത്തനംതിട്ട ജില്ലയിലെ ചില പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്തനംതിട്ട മുതൽ കോട്ടയം, ഇടുക്കി വഴി എറണാകുളം അതിർത്തി വരെയുള്ള മേഖലയെയാണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് ശേഖർ ലൂക്കോസ് കുര്യാക്കോസ് അറിയിച്ചു.
ഇന്ന് രാവിലത്തെ കണക്കനുസരിച്ച്, പത്തനംതിട്ട-കോട്ടയം-ഇടുക്കി മേഖലയിലാണ് പ്രധാനമായും ആഘാതമുണ്ടായത്. വടശ്ശേരിക്കരയിൽ 24 മണിക്കൂറിനുള്ളിൽ 302 മില്ലീമീറ്ററിലധികം മഴ രേഖപ്പെടുത്തിയപ്പോൾ ളാഹയിൽ ഏകദേശം 260 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത് അത്യപൂർവ്വമായ അതിശക്തമായ മഴയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.