നെഹ്റു ട്രോഫി: കന്നിയങ്കത്തിൽ കപ്പ് തൂക്കി അരോമ ചുണ്ടൻ
ആലപ്പുഴ: ആരാധകരെ ആവേശത്തിലാറാടിച്ച എഴുപത്തിരണ്ടാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം സ്വന്തമാക്കി അരോമ ബോട്ട് ക്ലബ്. നാല് മിനിറ്റ്, 23. 328 സെക്കൻഡ് എന്ന സമയത്തിലാണ് അരോമ ഫിനിഷ് ചെയ്തത്. പുന്നമട- എൻസിഎഫ്‌സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. 4.23.448 മിനിറ്റിലാണ് നടുഭാഗം ഫിനിഷു ചെയ്തത്.
യുബിസി കൈനകരി എഫ്സിയുടെ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനവും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ നാലാം സ്ഥാനവും നേടി. വീയപുരം 4.23.770 മിനിറ്റിലും മേൽപ്പാടം 4.24.015 മിനിറ്റിലുമാണ് ഫിനിഷു ചെയ്തത്.
കന്നി മത്സരത്തിൽ തന്നെ കപ്പ് ഉയർത്തിയാണ് അരോമ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള അരോമ ചുണ്ടന്റെ വരവ്. ചമ്പക്കുളം മൂലം വള്ളംകളിയിൽ ഒന്നാമതെത്തിയ ആത്മവിശ്വാസത്തോടെയായിരുന്നു അരോമ നെഹ്റു ട്രോഫിക്കെത്തിയത്.
ആവേശം വാനോളം ഉയർന്ന ഫൈനലിൽ, തുടക്കം അല്പം പിന്നിലേക്ക് പോയെങ്കിലും ഗംഭീര തിരിച്ചുവരവായിരുന്നു അരോമ കാഴ്ചവച്ചത്. ഹീറ്റ്സ് മത്സരങ്ങളിൽ പിന്നിലായിരുന്നെങ്കിലും ഫൈനലിൽ ട്രാക്കിന്റെ അനുകൂല സാഹചര്യം അടക്കം പ്രയോജനപ്പെടുത്താൻ അരോമയ്ക്കായി. കൊല്ലത്ത് നിന്നുള്ള ബോട്ട് ക്ലബാണ് അരോമ. ചരിത്രത്തിലാദ്യമായാണ് കൊല്ലം ജില്ലയിൽ നിന്നുള്ള ഒരു ക്ലബ് നെഹ്റു ട്രോഫി സ്വന്തമാക്കുന്നത്.