സുപ്രീം കോടതി ഉത്തരവിന് പുല്ലുവില; ഇമ്രാൻ ഖാനെ സർക്കാർ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി, വീണ്ടും ജയിലിലേക്ക് മാറ്റി

Aug 21, 2026 - 20:07
 0  6
സുപ്രീം കോടതി ഉത്തരവിന് പുല്ലുവില; ഇമ്രാൻ ഖാനെ സർക്കാർ ആശുപത്രിയിൽ  വൈദ്യപരിശോധന നടത്തി, വീണ്ടും ജയിലിലേക്ക് മാറ്റി

ഇസ്ലാമാബാദ്: മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സുപ്രീം കോടതി ഉത്തരവ് മറികടന്ന് സർക്കാർ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം മണിക്കൂറുകൾക്കകം വീണ്ടും ജയിലിലേക്ക് മാറ്റി. കോടതി നിർദ്ദേശിച്ച സ്വകാര്യ ആശുപത്രിക്ക് പകരം സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്. ജയിലിൽ തനിക്ക് കടുത്ത പീഡനങ്ങൾ നേരിടേണ്ടി വരുന്നുവെന്ന് ഇമ്രാൻ ഖാൻ പറഞ്ഞതായി അദ്ദേഹത്തിന്റെ സഹോദരി ഉസ്മ ഖാൻ വെളിപ്പെടുത്തി.

ഇസ്ലാമാബാദിലെ ഷിഫ ഇന്റർനാഷണൽ ഹോസ്പിറ്റലിലേക്ക് രണ്ട് ദിവസത്തിനകം ഇമ്രാൻ ഖാനെ മാറ്റണമെന്നും വ്യക്തിഗത ഡോക്ടർ അടങ്ങുന്ന മെഡിക്കൽ സംഘത്തെ പരിശോധനയ്ക്ക് അനുവദിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ നിർദ്ദേശം അവഗണിച്ച് സർക്കാർ നിയന്ത്രണത്തിലുള്ള പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കാണ്  അധികൃതർ അദ്ദേഹത്തെ എത്തിച്ചത്.

ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) പ്രവർത്തകർ വഴിയിലുടനീളം സൃഷ്ടിച്ച സുരക്ഷാ പ്രശ്നങ്ങൾ കാരണമാണ് ആശുപത്രി മാറ്റിയതെന്ന് പാക് വാർത്താവിതരണ മന്ത്രി അത്വാഉല്ല തരാർ വ്യക്തമാക്കി. നേത്രരോഗ വിദഗ്ദ്ധൻ, കാർഡിയോളജിസ്റ്റ്, ജനറൽ ഫിസിഷ്യൻ എന്നിവരടങ്ങിയ സംഘം വിശദമായ പരിശോധന നടത്തിയെന്നും ഇമ്രാൻ ഖാൻ ആരോഗ്യവാനാണെന്ന് വിലയിരുത്തിയെന്നും സർക്കാർ അറിയിച്ചു. പരിശോധനയ്ക്ക് ശേഷം പുലർച്ചെ 5 മണിയോടെ റാവൽപിണ്ടിയിലെ അദിയാല ജയിലിലേക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുപോയി