സ്‌പൈസ്‌ജെറ്റ് യാത്രക്കാർക്ക് മുന്നറിയിപ്പുമായി സിയാൽ
എറണാകുളം: യാത്രക്കാർക്ക് അടിയന്തര മുൻകരുതൽ നിർദേശവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ). സ്‌പൈസ്‌ജെറ്റ് എയർലൈൻസ് നേരിടുന്ന തുടർച്ചയായ പ്രവർത്തന തടസങ്ങൾ കാരണം അന്താരാഷ്ട്ര സർവീസുകളടക്കം തടസപ്പെടുകയും യാത്രക്കാർ കടുത്ത അനിശ്ചിതത്വത്തിലാകുകയും ചെയ്‌ത സാഹചര്യത്തിലാണ് സിയാൽ രംഗത്ത് എത്തിയത്.
സ്‌പൈസ്‌ജെറ്റ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്‌തിട്ടുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പായി എയർലൈനുമായി നേരിട്ട് ബന്ധപ്പെട്ട് തങ്ങളുടെ ഫ്ലൈറ്റിൻ്റെ നിലവിലെ സമയം (ഫ്ലൈറ്റ് സ്റ്റാറ്റസ്) കൃത്യമായി ഉറപ്പുവരുത്തണമെന്ന് സിയാൽ ഔദ്യോഗികമായി അഭ്യർഥിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്‌പൈസ്‌ജെറ്റിൻ്റെ സർവീസുകൾ മണിക്കൂറുകളോളം വൈകുകയും പല വിമാനങ്ങളും മുന്നറിയിപ്പില്ലാതെ റദ്ദാക്കുകയും ചെയ്യുന്നത് പതിവായതിന് പിന്നാലെയാണ് നടപടി.
വിമാന സർവീസുകൾ മുടങ്ങിയതിന് പിന്നാലെ കൊച്ചിയിൽ മോശം കാലാവസ്ഥയാണെന്ന് കാണിച്ച് വ്യാജപ്രചാരണം നടത്തിയ സ്പൈസ് ജെറ്റ് എയർലൈൻസിനെതിരെ വിമർശനവുമായി സിയാൽ. യാത്രക്കാരുടെ ന്യായമായ പരാതികളും ആശങ്കകളും തൃപ്‌തികരമായി പരിഹരിക്കാൻ എയർലൈൻ മാനേജ്‌മെൻ്റിന് ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ, തങ്ങളുടെ വീഴ്‌ചകൾ മറച്ചുവക്കാൻ കൊച്ചിയിലെ മോശം കാലാവസ്ഥയാണ് വിമാനങ്ങൾ വൈകുന്നതിന് കാരണമെന്ന് കാണിച്ച് സ്‌പൈസ്‌ജെറ്റ് സോഷ്യൽ മീഡിയയിലൂടെ തെറ്റായ പ്രചാരണം നടത്തുന്നതായും സിയാൽ വ്യക്തമാക്കി.
സിയാൽ വിശദീകരണക്കുറിപ്പിലാണ് (പാസഞ്ചർ അഡ്വൈസറി) ഇക്കാര്യം പറഞ്ഞത്. സ്വന്തം ഭാഗത്ത് നിന്നുണ്ടായ പ്രവർത്തന വീഴ്‌ചകൾ മറച്ചുവക്കാൻ എയർലൈൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും സിയാൽ ആരോപിച്ചു. വിമാന സർവീസുകളെ ബാധിക്കുന്ന തരത്തിലുള്ള യാതൊരുവിധ പ്രതികൂല കാലാവസ്ഥയും കൊച്ചിയിൽ ഉണ്ടായിരുന്നില്ലെന്ന് സിയാൽ സ്ഥിരീകരിച്ചു. ഇതേ കാലയളവിൽ കൊച്ചിയിൽ നിന്ന് സർവീസ് നടത്തിയ മറ്റ് വിമാനക്കമ്പനികളൊന്നും തന്നെ കാലാവസ്ഥാ വ്യതിയാനം ചൂണ്ടിക്കാട്ടി സർവീസുകൾ റദ്ദാക്കുകയോ വൈകിക്കുകയോ ചെയ്‌തിട്ടില്ലെന്നത് ഇതിന് തെളിവാണ്.
സർവീസുകൾ തടസപ്പെടുന്നത് ദിവസം ചെല്ലുന്തോറും കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ഉത്തരവാദിത്തമുള്ള ഒരു വിമാനത്താവള ഓപ്പറേറ്റർ എന്ന നിലയിൽ, സർവീസുകൾ തടസപ്പെട്ട് വിമാനത്താവളത്തിൽ കുടുങ്ങിപ്പോയ ദുരിതബാധിതരായ യാത്രക്കാരെ സഹായിക്കാനും അവർക്ക് ആവശ്യമായ പിന്തുണയും പ്രാഥമിക സഹായങ്ങളും നൽകാനും സിയാൽ പരമാവധി ശ്രമിച്ച് വരുന്നുണ്ട്. യാത്രക്കാരുടെ അസൗകര്യവും അനാവശ്യ കാത്തിരിപ്പും ഒഴിവാക്കുന്നതിനാണ് വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ വിമാന സമയം വീണ്ടും പരിശോധിക്കാൻ അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.