മോദിക്ക് ജനപ്രീതി കുറയുന്നോ? മികച്ച മുന്നേറ്റവുമായി രാഹുൽ ഗാന്ധി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് മികച്ച പ്രകടനം ആണ് കാഴ്ച വെയ്ക്കുന്നത് എന്ന് ഇന്ത്യ ടുഡെയുടെ മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേ ഫലം. സര്‍വ്വേയില്‍ പങ്കെടുത്ത 50 ശതമാനം ആളുകളും രാഹുല്‍ ഗാന്ധിയുടെ പ്രകടനം മികച്ചതാണ് എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്ത്യ സഖ്യത്തെ നയിക്കാന്‍ ഏറ്റവും മികച്ച നേതാവ് രാഹുല്‍ ഗാന്ധി തന്നെ ആണെന്നും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു.
ഫെബ്രുവരിയില്‍ നടത്തിയ മൂഡ് ഓഫ് ദ നേഷന്‍ സര്‍വ്വേയില്‍ പ്രതിപക്ഷ നേതാവാകാന്‍ യോജ്യനായ നേതാവ് രാഹുല്‍ ഗാന്ധി ആണെന്നാണ് 23.9 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ആഗസ്റ്റില്‍ നടത്തിയ സര്‍വ്വേയില്‍ മികച്ചത് എന്ന അഭിപ്രായം ഉയര്‍ത്താന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടുണ്ട് എന്നാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. പുതിയ സര്‍വ്വേ ഫലപ്രകാരം 28.2 ശതമാനം പേരാണ് രാഹുല്‍ ഗാന്ധിയാണ് പ്രതിപക്ഷ നേതാവ് ആകാന്‍ ഏറ്റവും യോജിച്ചയാള്‍ എന്ന് അഭിപ്രായപ്പെട്ടത്
പ്രതിപക്ഷ നേതാവ് ആകാന്‍ രാഹുല്‍ ഗാന്ധി യോജ്യനല്ലെന്ന് അഭിപ്രായപ്പെട്ടത് 15 ശതമാനം പേരാണ്. ബംഗാള്‍ മുഖ്യമന്ത്രി കൂടിയായ മമത ബാനര്‍ജിയാണ് രണ്ടാമത് എത്തിയത്. 7.7 ശതമാനം പേരാണ് മമത പ്രതിപക്ഷ നേതാവാകണം എന്ന് അഭിപ്രായപ്പെട്ടത്. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍, പ്രിയങ്ക ഗാന്ധി എന്നിവരാണ് മമത ബാനര്‍ജിക്ക് പിന്നിലുളളത്.
അടുത്ത പ്രധാനമന്ത്രിയാകാന്‍ യോഗ്യനായി സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും തിരഞ്ഞെടുത്തിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെയാണ്. 52 ശതമാനം പേരാണ് മോദി തന്നെ പ്രധാനമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 25 ശതമാനം പേര്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഒരു മാസത്തിനിടെ മോദിയുടെ ജനപ്രീതിയില്‍ നേരിയ കുറവ് വന്നിട്ടുണ്ട് എന്നാണ് സര്‍വ്വേയില്‍ വ്യക്തമാകുന്നത്