വോട്ടര്‍ പട്ടിക ക്രമക്കേട്: രാഹുൽ ഗാന്ധിയോട് രേഖകൾ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ; രേഖയിലെ വിവരം തെറ്റെന്നും കമ്മീഷൻ

Aug 10, 2025 - 19:16
Aug 10, 2025 - 19:18
 0  7
വോട്ടര്‍ പട്ടിക ക്രമക്കേട്: രാഹുൽ ഗാന്ധിയോട് രേഖകൾ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ; രേഖയിലെ വിവരം തെറ്റെന്നും  കമ്മീഷൻ

ബെംഗളൂരു: വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ. ആരോപണങ്ങൾക്ക് തെളിവ് നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ (സിഇഒ) ആണ് ഞായറാഴ്ച രാഹുലിന് നോട്ടീസ് നൽകിയത്. ബാംഗ്ലൂർ സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിലെ മഹാദേവപുരയിലെ തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിലൊന്നുമായി ബന്ധപ്പെട്ടായിരുന്നു നോട്ടീസ്.

കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശകുൻ റാണി എന്ന സ്ത്രീ രണ്ടുതവണ വോട്ട് ചെയ്‌തെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റൊണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. ശകുൻ റാണി എന്ന സ്ത്രീ രണ്ടുതവണ വോട്ട് ചെതതെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്, എന്നാൽ ഇവർ ഒറ്റത്തവണ മാത്രമാണ് വോട്ടു ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് നോട്ടീസിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.

രാഹുൽ ഗാന്ധി കാണിച്ച ടിക്കു ചെയ്ത രേഖ പോളിംഗ് ഓഫീസർ നൽകിയതല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാണെന്നും  ശകുൻ റാണിയോ മറ്റാരെങ്കിലുമോ രണ്ടുതവണ വോട്ടു ചെയ്തുവെന്ന് തെളിയിക്കുന്ന പ്രസക്തമായ രേഖകൾ നൽകാൻ അഭ്യർത്ഥിക്കുന്നുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വി. അൻബുകുമാർ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താൻ കഴിയുമെന്നും കമ്മീഷൻ പറഞ്ഞു.