പഴഞ്ചൊല്ലുകൾ  തുടരുന്നു 'ഏ '

പഴഞ്ചൊല്ലുകൾ  തുടരുന്നു 'ഏ '
Mary Alex (മണിയ)
1'ഏതാനുമുണ്ടെങ്കിലാരാനുമുണ്ട് '
               നമുക്ക് സ്വന്തമായി എന്തെങ്കിലുമൊക്കെ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ചുറ്റും ആളുകൾ ഉണ്ടാവൂ എന്നർത്ഥം. ഒന്നുമില്ലാത്തവനോടൊത്തു നിൽക്കാൻ ആരും കാണില്ല എന്നും ചിന്തിക്കാവുന്നതാണ്.
സമ്പത്തുണ്ടെങ്കിൽ സൗകര്യങ്ങൾ 
താനെ ഉണ്ടായിക്കൊണ്ടിരിക്കും അപ്പോൾ എന്തിനും ഒപ്പം കൂടാൻ  ബന്ധുക്കളും  മിത്രങ്ങളും കൂടെ ഉണ്ടാവും.സമ്പത്തു കൂടുമ്പോൾ ജീവിതശൈലി തന്നെ  മാറും. വിനോദ സഞ്ചാരങ്ങളും നാടു ചുറ്റലും രാജ്യാന്തര യാത്രകളും അതിനോട് യോജിപ്പുള്ളവർ ഒപ്പം 
നിൽക്കാൻ എത്തും. മദ്യം വിളമ്പുന്ന വിരുന്നുകളാണെങ്കിൽ അതിൽ കമ്പമുള്ളവർ.അങ്ങനെ ഒരേ കാര്യങ്ങളിൽ ഇഷ്ടമുള്ളവർ, താത്പര്യമുള്ളവർ കൂട്ടു കൂടുന്നത് സ്വാഭാവികമാണ്.
2.'ഏറ്റി വിട്ടിട്ട് ഏണി എടുക്കുക '
        ഒരാളെ ഏണിയിൽ കയറ്റി വിട്ടിട്ട് ഏണി എടുത്തുകൊണ്ടു പോയാൽ എങ്ങനെയിരിക്കും,? കാര്യം കഴിയുമ്പോൾ അയാൾക്കു താഴെക്കിറങ്ങണ്ടേ?
        എന്തെങ്കിലും ഗൗരവതരമായ 
കാര്യങ്ങളിൽ ഒരാളെ നിർബന്ധിച്ച് ഏർപ്പെടുത്തിയിട്ട് 
പിന്നെ തനിക്കതിൽ ഒരു പങ്കുമില്ലെന്ന മട്ടിൽ മാറിക്കളയുക അയാൾക്ക് അതിൽ ഒരു ബുദ്ധിമുട്ടു വരുമ്പോൾ ഉപദേശം നൽകാനോ സഹായിക്കാനോ ചെല്ലാതിരിക്കുക.'പാലത്തിൽ കയറ്റിയിട്ട് പാലം വലിക്കുക' എന്നും  മറ്റൊരു രീതിയിൽ പറയും
ഒരാൾ ബിസിനസ്സിൽ ആയാലും മറ്റേതെങ്കിലും കാര്യത്തിൽ ആയാലും ആരംഭം ഇട്ടു കൊടുത്തിട്ട് പാതി വഴിയിൽ എത്തുമ്പോൾ അയാൾക്ക് മുന്നോട്ടു പോകാനാകാതെ തടസ്സങ്ങൾ സൃഷ്ടിക്കുക. അതാണ് ഈ രണ്ടു ചൊല്ലുകളുടേയും സാരാംശം.
3.'ഏട്ടിൽ കണ്ടാൽ പോര കാട്ടിക്കാണണം '
        പഴയകാലത്തു എന്തും എഴുത്തോലകളിൽ നാരായം കൊണ്ട് എഴുതി കെട്ടുകളാക്കി സൂക്ഷിക്കുമായിരുന്നു.ഈ കെട്ടുകളെ ഏട് എന്നാണ് അറിയപ്പെട്ടിരുന്നത്.കടലാസ്സും അച്ചടിയും ഒക്കെ കണ്ടു പിടിച്ചു കഴിഞ്ഞ് അവ പുസ്തകങ്ങളായി 
മാറി. പുസ്തകത്തിൽ ആർക്കും എന്തിനേക്കുറിച്ചും എന്തു വേണമെങ്കിലും എഴുതാം. അതുപോലെ പ്രാസംഗികർ ആണെങ്കിൽ നല്ല നല്ല വിഷയങ്ങളെ സംബന്ധിച്ചു
വാതോരാതെ പ്രസംഗിക്കുകയും ചെയ്യാം.ഇരു കൂട്ടരും ഒന്നും പ്രവർത്തിപഥത്തിൽ എത്തിക്കുകയില്ല എന്നു മാത്രം. അതു ശരിയല്ല എന്നാണ് ഈ പഴഞ്ചൊല്ലു കൊണ്ട് അർത്ഥമാക്കുന്നത്.വാക്കും പ്രവർത്തിയും ഒരുപോലെ ആകണം.നാം എന്ത് പറയുന്നോ അല്ലെങ്കിൽ എന്ത് എഴുതുന്നോ അതു പ്രവർത്തിച്ചു കാണിക്കണം 
അതാണ് വേണ്ടത് എന്നാണ് 
ഈ പഴഞ്ചൊല്ല് നമ്മെ മനസ്സിലാ‌ക്കിത്തരുന്നത് .
4.'ഏഷണിയാർക്കും ഭൂഷണമല്ല '
           മറ്റുള്ളവരെക്കുറിച്ച് നുണ അല്ലെങ്കിൽ ഇല്ലായ്മ പറഞ്ഞുണ്ടാക്കുക,അതാണ് ഏഷണി.ഭൂഷണം എന്നാൽ നല്ലത്.ഭൂഷണമല്ല എന്നാൽ നന്നല്ല.
      ചിലർക്ക്  ഏഷണി കൂട്ടൽ
 വലിയ ഹരമാണ്. ഒരാളുടെ ഇല്ലാത്ത കാര്യം മറ്റൊരാളോട് പറയുക, കേൾക്കുന്ന ആൾ അതു മറ്റേ ആളോട് കൂട്ടിച്ചോദിക്കുക അങ്ങനെ തമ്മിലടിപ്പിക്കുക. ഇങ്ങനെ ചെയ്താൽ ഉണ്ടാവുന്ന ഭവിഷ്യത്ത് അവർ അറിയുന്നില്ല. സ്നേഹിതർ തമ്മിൽ പിണങ്ങും, കുടുംബങ്ങൾ തമ്മിൽ അകലും, കുടുംബത്തിനുള്ളിൽത്തന്നെ അന്ത:ശ്ചിദ്രങ്ങൾ ഉണ്ടാവും,അത് ഒരിക്കലും തീരാത്ത പകയായി മാറി,കൊല്ലും കൊലയും വരെ നടക്കും. ഇതാണ് ഏഷണി ആർക്കും ഭൂഷണമല്ല എന്ന ചൊല്ല് മനസ്സിലാക്കി തരുന്നത്.  
5.'ഏത്തവാഴയ്ക്കേത്തമിടണം '
         ഏത്തവാഴ ഒരിനം വാഴയാണെന്ന് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്.
ഏത്തമിടുക. പഴയ കാലത്തെ ഒരു ശിക്ഷാവിധിയാണ്.ഒരോ കയ്യും ഒന്നിനു മേൽ ഒന്നു വച്ച് ഇടത്തെ കൈ കൊണ്ട് വലത്തേ ചെവിയിലും വലത്തേതു കൊണ്ട് 
ഇടത്തെ ചെവിയിലും പിടിച്ച് മുട്ടു കുത്തി നിലത്തു നെറ്റി മുട്ടിക്കണം 
അങ്ങനെ എത്ര പ്രാവശ്യം പറഞ്ഞുവോ അത്രയും പ്രാവശ്യം
മുട്ടുകുത്തിയും എഴുന്നേറ്റും വീണ്ടും വീണ്ടും ചെയ്യണം. ചാട്ടവാറുകൊണ്ട് അടി കൊള്ളുന്നതിലും പ്രയാസമാണ് ഈ ശിക്ഷ. 
    എന്നാൽ ഈ പഴഞ്ചൊല്ലിൽ പറയുന്ന ഏത്തം അതല്ല. അത് ഊന്ന് അല്ലെങ്കിൽ താങ്ങ് എന്ന അർത്ഥത്തിലാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. ഏത്തവാഴ വളരുമ്പോൾ നല്ല പൊക്കം വയ്ക്കും. വാഴ
ശിഖരങ്ങളില്ലാത്ത വെറും പോള കളാൽ ചുറ്റപ്പെട്ട് നടുവിൽ പിണ്ടി എന്ന ഒടിയുന്ന തണ്ടോടു കൂടിയ ഒരു ബലം കുറഞ്ഞ സസ്യമാണ്.
കുലയ്ക്കാറാകുമ്പോൾ അതിന് ഊന്ന് കൊടുത്തില്ലെങ്കിൽ കുലയുടെ ഭാരം കൊണ്ടും വാഴയുടെ പൊക്കം കൊണ്ടും അത് ഒടിഞ്ഞു വീഴും .ഈ പഴഞ്ചൊല്ല് നമ്മെ പഠിപ്പിക്കുന്നത് ധനത്തിലും ആരോഗ്യത്തിലും എന്തിലായാലും നമ്മെക്കാൾ താഴ്ന്നവർക്ക്, ബലം കുറഞ്ഞവർക്ക്  നാം താങ്ങായി മാറണം എന്നാണ്.
6.'ഏട്ടിലെ ശർക്കര മധുരിക്കില്ല.'
            പുസ്തകത്തിൽ ശർക്കരയുടെ ചിത്രം വരച്ച് ഏതെല്ലാം രീതിയിൽ അതിന്റെ മധുരത്തെക്കുറിച്ച് വർണ്ണിച്ചാലും ആർക്കും അതിന്റെ മധുരം തോന്നുകയില്ല. ശർക്കരയുടെ രുചിയും മധുരവും അറിയണമെങ്കിൽ അതു വായിലിട്ട് നുണയുക തന്നെ വേണം. അതായത്  എന്തിനെ സംബന്ധിച്ചായാലും വാ തോരാതെ പ്രകീർത്തിച്ചാൽ വെറുതേ കേട്ടിരിക്കാമെന്നല്ലാതെ 
സ്വയം അനുഭവിക്കുന്നതിന്റെ രസം അറിയാനൊക്കില്ല, എന്തും അനുഭവിച്ചറിയണമെന്ന് സാരം.
          'ഏട്ടിലെ പശു പുല്ലു തിന്നുകില്ല ' എന്ന ചൊല്ലും ഇതുപോലെ തന്നെ മനസ്സിലാക്കേണ്ടതാണ്. പുസ്തകത്തിൽ വരച്ചിരിക്കുന്ന പശുവിന്റെ ചിത്രത്തിൽ കുറച്ചു പുല്ലു വച്ചു കൊടുത്താൽ അത് അവിടെ ഇരിക്കുകയെ ഉള്ളു. എന്നാൽ ജീവനുള്ള ഒരു പശുവിന്റെ മുന്നിൽ കുറച്ചു തീറ്റ ഇട്ടു കൊടുത്താൽ അത് അപ്പാടെ കഴിക്കും.
7.'ഏറുന്ന കുരങ്ങിന് ഏണി ചാരണോ ' 
    കുരങ്ങുകൾ പൊതുവെ മരം ചാട്ടക്കാരാണ്.കാരണം അതു കുരങ്ങുകളുടെ ജന്മസിദ്ധമായ കഴിവാണ്. കുഞ്ഞുങ്ങൾ വളരുമ്പോൾ താനെ പഠിച്ചു കൊള്ളും. കയറുന്ന പോലെ ഇറങ്ങാനും അവയ്ക്കറിയാം. അതു പോലെയാണ്‌
മനുഷ്യരുടേയും കാര്യങ്ങൾ.
കുടുംബപരമായ ചില കഴിവുകൾ ജന്മസിദ്ധമാണ്.പാരമ്പര്യത്തിലൂടെ നേടുന്നവയാണത്.ചിലർ സ്വയം ആർജിച്ചെടുക്കുന്ന കഴിവുകളും ഉണ്ട്. സ്വതസിദ്ധമായ ഒരു കഴിവാണത്
ഇങ്ങനെയുള്ളവർക്ക് അവർ ചരിക്കുന്ന പന്ഥാവിൽ ആരുടേയും ഉപദേശങ്ങളോ സഹായങ്ങളോ ആവശ്യം വരുകയില്ല. ഔന്നത്യങ്ങൾ എന്തും
സ്വയം നേടിക്കൊള്ളും,അതിലുള്ള വീഴ്ചയിലും  താഴ്ചയിലും തനിയെ നേരിട്ടുകൊള്ളുകയും ചെയ്യും.
8. ' ഏറെ ചിരിച്ചാലൂറിക്കരയും '
    ഈ ചൊല്ല് പലർക്കും അനുഭ വവേദ്യമായി പറഞ്ഞു കേട്ടിട്ടുള്ള ഒന്നാണ്. 'ഇന്നലെ ഒരു പാടു ചിരിച്ചു, അതാ ഇന്നീ വിധത്തിൽ '
അമിതമായി ആഹ്ലാദിക്കുമ്പോൾ പിന്നാലേ നിസ്സാരമായാലും  കരച്ചിലിന് വഴി വയ്ക്കുന്ന ഒരു സംഭവം ഉണ്ടാകും.ചിലപ്പോൾ നാം അത് ഓർക്കാറില്ല.കൂട്ടാക്കാറില്ല പരിഗണിക്കാറുമില്ല.എന്നാൽ വലിയ ദുരന്തങ്ങൾ ആണെങ്കിൽ നാം  അതു മനസ്സിലാക്കും, കണക്കിലെടുക്കും. അപ്പോൾ ഒരു തീരുമാനവും എടുക്കും. പക്ഷെ സാഹചര്യം ഒത്തു വരുമ്പോൾ അവസ്ഥ വീണ്ടും പഴയതാകും. അതാണ് ജീവിതം.
അനുവദിക്കുമ്പോഴൊക്കെ ആഹ്ലാദിക്കുക എന്നാൽ ആ ആഹ്ലാദം അമിതമാകാതിരി ക്കാൻ ശ്രദ്ധിക്കുക.
9.'ഏനേമ്പിയേമ്പി പിള്ള തേമ്പിത്തേമ്പി '
     പഴയകാലത്ത്  ഞാൻ എന്ന പദത്തിന് 'ഏൻ ' എന്നായിരുന്നു താഴ്ന്ന ജാതിക്കാർ പറഞ്ഞിരു ന്നത്. ജന്മി കുടിയാൻ കാലം. 'എങ്ങനുണ്ടടാ നിന്റ കൊച്ച് 'എന്നു ജന്മി ചോദിച്ചാൽ അടിയാന്റെ
 മറുപടി ഇങ്ങനെയായിരിക്കും. 'ഏനേമ്പിയേമ്പി പിള്ള തേമ്പി തേമ്പി 'അതായത് ഞാനേ ഇങ്ങനാണ് പിന്നെ എന്റെ കുഞ്ഞ് അതുപോലല്ലാതെ വരുമോ എന്ന്. മാതാപിതാക്കളെ പോലെയേ കുഞ്ഞുങ്ങൾ ജനിക്കൂ, അവരുടെ ജീവിത രീതിയിലെ അവർ വളരൂ എന്നർത്ഥം.'ഏമ്പിപ്പിള്ള തേമ്പി ത്തേമ്പി 'എന്നും ഇതേ കാഴ്ചപ്പാടിൽ മറ്റൊരു ചൊല്ലുണ്ട്.
10.'ഏറെ  അനന്തരവരുള്ള കാരണവർ വെള്ളമിറങ്ങിച്ചാവില്ല '
            അനന്തരവർ എന്നു പറഞ്ഞാൽ സഹോദരിമാരുടെ മക്കൾ. പഴയ കാലത്ത് എല്ലാ തറവാടുകളിലും മുതിർന്ന അമ്മാവന്മാർ ആയിരുന്നു കാരണവർ.അവരാണ് കുടുംബം നടത്തുന്നത്.വസ്തു ഭാഗം വച്ചു പോകാതിരിക്കാനും കുടുംബത്തിന്റെ കെട്ടുറപ്പിനും സഹോദരീ സഹോദരന്മാരുടെ മക്കൾ തമ്മിൽ വിവാഹവും നടത്തിയിരുന്നു. അങ്ങനെ വിവാഹം കഴിഞ്ഞവരും കഴിച്ചവരും ആ വീട്ടിൽത്തന്നെ താമസമാക്കും അവർക്കും മക്കളും മരുമക്കളും ഒക്കെയായി വിപുലമായ കുടുംബത്തിന്റെ അധിപനായി ജീവിച്ച കാരണവർ രോഗശയ്യയിൽ കിടക്കുമ്പോൾ ആരാണ് അമ്മാവനെ നോക്കാൻ  ബാധ്യസ്ഥൻ എന്ന തർക്കം മരുമക്കൾക്കിടയിൽ ഉയരും. ചിലർക്ക് ജോലിത്തിരക്ക് കൊണ്ട് മറ്റു ചിലർക്ക് ജോലിയില്ലെങ്കിലും  ചെലവിന് കൊടുത്തത് പോരാഞ്ഞിട്ട്. പലവിധ തർക്കങ്ങളാൽ ശുശ്രുഷിക്കാൻ ആളില്ലാതെ, അവസാനകാലത്തു വെള്ളം കൊടുക്കനാളില്ലാതെ അമ്മാവനു മരിക്കേണ്ടി വരും എന്നു സാരം.
11.'ഏഴരശനിയുടെ വരവാണെ ങ്കിലും വരവല്ലേ ചെലവല്ലല്ലോ'
     ഒരു കുഞ്ഞു ജനിച്ചാൽ ദിവസവും ജനന സമയവും പറഞ്ഞു ജ്യോൽസ്യനെക്കൊണ്ട് അവന്റെ അല്ലെങ്കിൽ അവളുടെ നാളും ജനിച്ച സമയത്തെ ദശാഫലവും മരണം വരെയുള്ള ബാക്കി ദശകളും അവയുടെ ഫലങ്ങളും എഴുതി വാങ്ങും. ഹിന്ദു സിസ്റ്റത്തിൽ ഇത് ഒഴിച്ചുകൂ ടാൻ വയ്യാത്ത ഒരു ആവശ്യം ആണ്. വിവാഹകാര്യങ്ങൾ വരുമ്പോൾ ജാതകപ്പൊരുത്തം നോക്കിയാണ്‌ വിവാഹം നടത്തുക. മറ്റു മതങ്ങളിൽ ഇങ്ങനെ ഒരു സംഭവം കണ്ടു വരുന്നില്ല.എങ്കിലും ചിലരൊക്കെ ഒളിഞ്ഞും തെളിഞ്ഞും നാളും നാൾഫലങ്ങളും രാഹു കാലവും ഒക്കെ നോക്കാറുണ്ട്.
     എന്റെ അനുഭവത്തിൽ ഒരു സംഗതി ഉണ്ട്. ഞങ്ങളുടെ രണ്ടാമത്തെ പുത്രൻ ജനിച്ചപ്പോൾ ഭർത്തൃ വീട്ടുകാർ ജാതകം എഴുതിച്ചു. അതിൽ ഒരു വയസ്സു തികയുന്നതിനു മുൻപേ വീട്ടിൽ രണ്ടു കർമ്മങ്ങൾ നടക്കും എന്നു ണ്ടായിരുന്നു. അത് ആദ്യം ഭർത്താവിന്റെ അമ്മയുടേയും രണ്ടാമത് അദ്ദേഹത്തിന്റെ അപ്പച്ച ന്റെയും വിയോഗം ആയിരുന്നു. രണ്ടും അവന്റെ ഒന്നാം ജന്മ ദിനത്തിനു  മുൻപേ.
      ഇവിടെ നമ്മൾ പഴഞ്ചൊല്ലിനെ ക്കുറിച്ചാണല്ലോ പറഞ്ഞു വന്നത്. ദശകൾ ആകെ ഒൻപതാണ്. സൂര്യ, ചന്ദ്ര, ചൊവ്വ, രാഹു, വ്യാഴം,ശനി,ബുധൻ,കേതു,
ശുക്രൻ എന്നിവയാണ് അവ. ഇതിൽ ഏറ്റവും മോശമായത് ശനിയാണ്.ഏറ്റവും നല്ലത് ശുക്രനും.,,,,,, ഏഴരശനിയിലാണ് കുഞ്ഞിന്റെ ജനനം (വരവ്) എന്നു പറയുമ്പോൾ കുഞ്ഞിന്റെ ജനനത്തിന് മുൻപും അതിനു ശേഷവും ജനന സമയവു മുൾപ്പെടെ ഏഴര വർഷക്കാല മാണ്.അതിനെക്കുറിച്ച് ഒരാൾ  കുഞ്ഞിന്റെ വീട്ടുകാരെ ആശ്വസിപ്പിക്കുന്നതാണ് ഈ ചൊല്ല്. ഏഴരശനിയുടെ വരവാണെങ്കിലും വരവ് 
വരവല്ലേ ചെലവല്ലല്ലോ എന്ന്. വരവു ചെലവുകളുടെ കണക്കു കൂട്ടലുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോൾ അത് ഒരു തമാശയായും കണക്കാക്കാം.
 12..'ഏകാദശിക്കു വരി നിറയെ തിരുവാതിരയ്ക്ക് പുര നിറയെ '
      വെളുത്ത വാവു കഴിഞ്ഞുള്ള പതിനൊന്നാം ദിവസമാണ് ഏകാദശി.ഏകാദശിക്കു കൃഷി ഇറക്കിയാൽ അടുത്ത വർഷം തിരുവാതിരയ്ക്ക് വീട് നിറയെ വിളവുകൾ കൂട്ടിയിടാം എന്നാണ് ഈ ചൊല്ല് നമ്മെ മനസ്സിലാ‌ക്കി തരുന്നത് 
         പഴയകാലത്തു നെല്ലു മാത്രമായിരുന്നു കൃഷി. ഒരു കണ്ടം നിറയെ നെൽവിത്തു പാകും. അതു കിളിർത്തു വരുന്ന ഞാറാണ് പിന്നീട് മറ്റു കണ്ടങ്ങളിൽ  നടുന്നത്.കണ്ടം എന്നു പറയുന്നത് നാലതിരിലും വരമ്പു തിരിച്ച് ഒരോ ഭാഗങ്ങളാ ക്കുന്നതാണ്.  കാളയെക്കൊണ്ട്  നിലം ഉഴുതു മറിച്ചു തയ്യാറാക്കിയ നിലങ്ങളിൽ സ്ത്രീകൾ വരി വരിയായി നിന്ന് ഞാറു നടുന്നത് എല്ലാവരും കണ്ടിട്ടുള്ള നല്ല ഭംഗിയുള്ള ഒരു കാഴ്ചയാണല്ലോ.
നെല്ലു മാത്രമല്ല ഇപ്പോൾ നമ്മുടെ നാട്ടിൽ  പലതരം കൃഷി നടത്തി വിളകൾ എടുക്കാറുണ്ട്.ഇഞ്ചി, മഞ്ഞൾ, കപ്പ, ചേന, ചേമ്പ്,വാഴ ഇവയൊക്കെ വരി വരിയായാണ് നടാറുള്ളതും.
     തിരുവാതിര ഒരു നക്ഷത്രമാണ്
 ഉത്സവമായി ഹിന്ദുക്കൾ ആഘോഷിക്കുന്ന ഒരു വിശേഷ ദിവസം . അന്ന് പലതരം കിഴങ്ങുകളും ചുവന്ന പയറും ചേർത്തുണ്ടാക്കുന്ന പുഴുക്ക് ഒരു പ്രധാനപ്പെട്ട വിഭവമാണ്.പേര്.
തിരുവാതിരപ്പുഴുക്ക്. അതുപോലെ തിരുവാതിരയ്ക്ക് സ്ത്രീകൾ ഒരേ രീതിയിൽ വസ്ത്രം ധരിച്ച്, നടുവിൽ ഒരു വിളക്കും വച്ച് വൃത്തത്തിൽ നിന്ന് ഒരു പ്രത്യേക താളത്തിൽ ഡാൻസ് കളിക്കുക പതിവാണ്. തിരുവാതിരപ്പുഴുക്ക് പോലെ ഇതും തിരുവാതിരകളി എന്ന പേരിൽ അറിയപ്പെടുന്നു.
   കൃഷിയിറക്കേണ്ട സമയത്ത് കൃഷിയിറക്കി  വേണ്ട വിധം പരി പാലിച്ചാൽ യഥാസമയങ്ങളിൽ വിളവെടുപ്പ് നടത്തി ജീവിതം സുഗമമാക്കാമെന്ന് രത്നച്ചുരുക്കം .