പിൻവിളി: കവിത, സുമിയ ശ്രീലകം

പിൻവിളി: കവിത, സുമിയ ശ്രീലകം

മാടിവിളിക്കുന്നുണ്ടെപ്പോഴു-
മൊരു പിൻവിളിയെവിടെനിന്നോ
സ്വച്ഛമെൻ ചേതനയുണരുമാ വിളിയിൽ.
തിരിഞ്ഞു നോക്കിയാലോടി മറയുന്ന-
തൊരാളല്ല, പലരും പലവട്ടം ..

കളഞ്ഞുപോയ മഞ്ചാടി
മണികൾ നാണിച്ചോടാറുണ്ടിടയ്ക്കിടെ...
കൊത്തങ്കല്ലു കളിച്ച
വരാന്തയോടി മറഞ്ഞൊരിക്കൽ …
കക്ക് കളിച്ചയിടവഴിയിന്നലെ
തെല്ലു നോവാർന്നു വന്നു ....
പടിക്കെട്ടുകൾ മുല്ലമാല കോർക്കാൻ
ക്ഷണവുമായ് വന്നിരുന്നു ..
ഇന്നും  പേരറിയാത്തൊരു കുഞ്ഞിച്ചെടി
മഞ്ഞപ്പൂക്കൾ വീഴ്ത്തി മറഞ്ഞൊരു ദിനം .....
കിണറ്റുകരയിലെ ഞവരക്കൂട്ടം 
സുഗന്ധവുമായ് വന്നൂ പലവട്ടം ...
വിരലുകളിൽ ചെറുനോവുമുണർത്തിയൊളി-
ച്ചതെന്റെ വളപ്പൊട്ടുകളായിരുന്നൊരിക്കൽ
മുത്തച്ഛൻ വരാറുണ്ടിടയ്ക്കിടെ ,
പൂവാലിപ്പയ്യിനൊപ്പം ..
കാവിലെ ദീപാരാധന തൊഴാൻ
വിളിക്കുമെന്നും പ്രിയമെഴും സഖിയൊരാൾ...

ഇങ്ങനെയേറെ പ്രിയമാർന്ന പലരും
പിൻവിളി വിളിക്കാറുണ്ടെന്നുമെൻ വഴികളിൽ ...
പതിറ്റാണ്ടുകളെത്ര കഴിഞ്ഞിട്ടും
മറന്നീലയോ കൂട്ടരേ നിങ്ങളെന്നെ!
ഏഴാം കടലിനിപ്പുറമിന്നും
വിതുമ്പി  വന്നൊരു പിൻവിളിയായ് മറയുന്നു.
ചുറ്റോടുചുറ്റും പൊള്ളിക്കുമീ
മരുഭൂമി പോലൂഷരമാമെൻ മനസിലും
ഇടവപ്പാതി തിമിർക്കുന്നൂ…
ഓർമ്മകളേറ്റിയ
കടലാസുവഞ്ചിയൊരെണ്ണം
തെന്നിത്തെന്നി നീങ്ങുന്നു…
ഞാൻ വീണ്ടുംവീണ്ടുമാ
പിൻവിളികൾക്കു കാതോർക്കുന്നു.

സുമിയ ശ്രീലകം