യേശു ലാസറിനെ ഉയിർപ്പിക്കുന്നു സൂസൻ പാലാത്ര

യേശു ലാസറിനെ ഉയിർപ്പിക്കുന്നു  സൂസൻ പാലാത്ര



അധ്യായം - 1



ബഥാന്യയിലെ ലാസറിൻ്റെ ഭവനം. ലാസർ ഒരു കട്ടിലിന്മേൽ ദീനമായി കിടക്കുന്നു. ലാസറിനെ പരിചരിക്കുന്നത് പീലാത്തോസ് അയച്ച അതിസമർത്ഥനായ ഒരു വൈദ്യനാണ്. ചികിത്സാ ചിലവുകൾ അരമനയിൽ നിന്ന് സൗജന്യമാണ്. ലാസർ യെരുശലേം ദേവാലയത്തിലെ ആചാര്യന്മാർക്കും നാട്ടുകാർക്കും ഏറെ വേണ്ടപ്പെട്ടവനാണ്.
പീലാത്തോസിൻ്റെ ഭാര്യയ്ക്ക് ലാസറിൻ്റെ ഇളയ സഹോദരി മറിയയെ വലിയ ഇഷ്ടമാണ്. മറിയയാണ് അരമനയിലേയ്ക്കാവശ്യമായ കർട്ടനുകളും, പരവതാനികളും വിരിയൻ പടങ്ങളും വിരിപ്പുകളും തലപ്പാവുകളുമെല്ലാം അലങ്കാര ഭംഗിയേറിയ ചിത്രങ്ങളോടെ തുന്നി നല്കുന്നത്.
മാത്രമല്ല യെരുശലേം ദേവാലയത്തിലെ അലങ്കാരത്തയ്യലുകളും ആചാര്യന്മാരുടെ അങ്കികളും മറിയയാണ് തുന്നുന്നത്.
ലാസർ രാപകൽ ഭേദമെന്യേ വേദപുസ്തകം പകർത്തിയെഴുതി അതിൻ്റെ വരുമാനം കൊണ്ടാണ് ഉപജീവിക്കുന്നത്. മറിയയുടെ തുന്നലിൻ്റെ വരുമാനവും ലാസറിൻ്റെ എഴുത്തിൻ്റെ വരുമാനവും കൊണ്ട് ആ കുടുംബം വളരെസന്തോഷമായി മുന്നോട്ടോടിച്ചുവരവെയാണ്. ലാസറിൻ്റെ കൂടെക്കൂടെയുള്ള ഈ ദീനം.
യെരുശലേം ദേവാലയത്തിലെ ആചാര്യന്മാർക്കുവേണ്ടി ന്യായപ്രമാണങ്ങൾ, സങ്കീർത്തനങ്ങൾ, പ്രവാചകപ്പുസ്തകങ്ങൾ എല്ലാം ലാസർ നിരന്തരം പകർത്തിഎഴുതുന്നു. പുസ്തകം എഴുതി സമർപ്പിച്ചാലുടൻ ആചാര്യന്മാർ പരിശോധിച്ചുനോക്കി ഒരു തെറ്റെങ്കിലും കണ്ടു പിടിച്ചാൽ പുസ്തകം ലാസറിനു മടക്കിനല്കും, കൊണ്ടുപോയി അഗ്നിക്കിരയാക്കുവാൻ. ഇപ്രകാരം നൂറ്റേഴുദിവസങ്ങൾ കൊണ്ട് എഴുതിത്തീർത്ത ഏശയ്യായുടെ പുസ്തകം ഒരൊറ്റ തെറ്റിനാൽ അഗ്നിക്കിരയാക്കി.
വിശ്രമരഹിതമായ ജീവിതംകൊണ്ട് ലാസർ നിത്യരോഗിയാണ്. ഇന്നവൻ മരണാസന്നനായി കിടക്കുന്നു. ഏവർക്കും പ്രിയങ്കരനായ ലാസറിനെ കാണുവാൻ ജനക്കൂട്ടം ആ കൊച്ചുഭവനത്തിൽ നിറഞ്ഞുകവിഞ്ഞു.
അവിടെ ഒരു മുറിയിൽ, തങ്ങളുടെ മിഴിയിണയിൽ നിന്നൊഴുകിവരുന്ന കണ്ണീരടക്കാൻ പാടില്ലാതെ രണ്ടുയുവതികൾ, ലാസറിൻ്റെ സഹോദരിമാർ മാർത്തയും മറിയയും ഇരിക്കുന്നു. അവരുടെ നടുവിലേയ്ക്ക് ലാസറിൻ്റെ സുഹൃത്തും യേശുവിൻ്റെ അനുയായിയുമായ യോഹന്നാന് വിവാഹനിശ്ചയം നടത്തിയിരിക്കുന്ന മറിയ എന്ന സുശീലയായ യുവതിക്കൊപ്പം അദീനയെന്ന മിസ്രയീം പെൺകുട്ടി കടന്നുചെല്ലുന്നു. മറിയ യെരുശലേം ദേവാലയത്തിലെ ആമോസ് റബിയുടെ പുത്രിയാണ്. അദീന അലക്സാണ്ട്രിയയിലെ മനശ്ശെബന്യമാമിൻ എന്ന കപ്പൽ വ്യവസായിയുടെ ഏകപുത്രിയാണ്. ഗുരുകുലവിദ്യാഭ്യാസപ്രകാരം വിദ്യഅഭ്യസിക്കുവാൻ ഇസ്രായേല്യനായ മനശ്ശെ മകളെ യരുശലേമിലേക്ക് അയച്ചതാണ്. അവൾ ആമോസ് റബിയുടെ വീട്ടിൽ റബിയുടെ മകളായ മറിയയോടൊപ്പം വസിച്ചു കൊണ്ടാണ് പഠനം നടത്തുന്നത്. അദീന നല്ല നിരീക്ഷണ പാടവും ബുദ്ധി പ്രഭാവവും ഒത്തുചേർന്നിട്ടുള്ള ഒരു തരുണീമണിയാണ്.

മാർത്തയും മറിയയും സഹോദരനുവേണ്ടി പ്രാർത്ഥിക്കുകയും കരയുകയും ചെയ്യുന്നു.

മാർത്ത: "എന്നാലും ആ യേശു വന്നില്ലല്ലോ... യേശു വന്നിരുന്നേൽ നമ്മുടെ ലാസറിനു സൗഖ്യം ലഭിച്ചേനേ ''

മറിയ അകത്തു പോയി ഒരു സന്ദേശം എഴുതി ഒരു ഭൃത്യൻ വശം യേശുവിനു കൊടുത്തു വിട്ടു. "ഈ കത്ത് ലാസറിൻ്റെ സ്നേഹിതൻ യേശുവിന് കൊടുത്തിട്ട് പറയണം, നിൻ്റെ സ്നേഹിതൻ ലാസർ ദീനമായി മരിപ്പാറായി കിടക്കുന്നെന്ന് "
ക്ഷണത്തിൽ ആ ഭൃത്യൻ മറിയ നല്കിയ തോൽചുരുളുമായി ഒരു കുതിരപ്പുറത്ത് യേശുവിനെ അന്വേഷിച്ചു പോയി. ഒരു ദിവസത്തെ വഴിദൂരം ചെന്നപ്പോൾ യേശു യോർദ്ദാന്നരികെ ഒരു ചെറിയഭവനത്തിൽ തന്നെ പൊതിഞ്ഞു നില്ക്കുന്ന ജനക്കൂട്ടത്തോട് ദൈവരാജ്യത്തിൻ്റെ മർമ്മങ്ങൾ പ്രസ്താവിക്കുന്നതായി കണ്ടെത്തി. ഭൃത്യൻ കൊടുത്ത കത്തു വായിച്ചിട്ട് യേശു ശാന്തനായി മൊഴിഞ്ഞു. "ഈ ദീനം മരണത്തിലേയ്ക്കല്ല നിത്യജീവനിലേയ്ക്കാണ്. ദൈവപുത്രനെ മഹിമപ്പെടുത്തുവാനുള്ളതാണ് "
മടങ്ങിവന്ന ഭൃത്യൻ്റെ അടുത്ത് സഹോദരിമാർ ഓടിച്ചെന്നു ചോദിച്ചു: " എന്ത് യേശു എന്തു പറഞ്ഞു" അവർക്കറിയാം യേശു ഒരു വാക്കു കല്പിച്ചാൽ സൗഖ്യം ലഭിക്കുമെന്ന്.
ഭൃത്യനിൽ നിന്നു കേട്ട വാക്കുകൾ മാർത്തയെ അസ്വസ്ഥതപ്പെടുത്തി.
"അവൻ എന്താണ് വരാത്തത്? വന്നിരുന്നെങ്കിൽ എൻ്റെ സഹോദരനു സൗഖ്യം ലഭിച്ചേനേ" മാർത്ത കരഞ്ഞുതുടങ്ങി.
മാർത്തയുടെ കണ്ണീർ ഒപ്പിക്കൊണ്ട് മറിയ പറഞ്ഞു "ഗുരു പറഞ്ഞില്ലേ ഈ ദീനം ദൈവപുത്രനെ മഹത്വപ്പെടുത്താനാണെന്ന്, പിന്നെ നാം കരയുന്നതെന്തിന്?"
ഈ സമയം ലാസറിനെ പരിചരിച്ച വൈദ്യശ്രേഷ്ഠൻ വന്ന് അവരോടു പറഞ്ഞു:
"നമ്മുടെ ലാസർ നമ്മെ വിട്ടുപോയി. ഏറ്റവും നല്ല ചികിത്സയാണ് അവനു നല്കിയത്, എന്നാൽ എൻ്റെ ചികിത്സാവിധികൾ ഫലിച്ചില്ല"

മാർത്ത: 'യേശു പെട്ടെന്നു വന്നാൽ അവനെ ഉയിർപ്പിക്കും. ധനികനായ ശതാധിപൻ്റെ മകൻ ലൂയിസ്സിനെയും നയീനിലെ വിധവയുടെ പുത്രനെയും ഒറ്റ വാക്കിനാൽ ഉയിർപ്പിച്ചല്ലോ "

യേശു വരാൻ താമസിച്ചു. യഹൂദമര്യാദപ്രകാരം ലാസറിൻ്റെ ശവം സംസ്ക്കരിച്ചു. ശവക്കല്ലറ ഒരു വലിയ ഗുഹയാണ്. ഗുഹയുടെ വാതില്ക്കൽ വൃത്താകാരത്തിലുള്ള ഒരു വലിയ കല്ലുവച്ച് ഗുഹ അടച്ചു.
ജനക്കൂട്ടം കല്ലറയ്ക്കടുത്തു നിന്നു പോയിട്ടും മറിയ, മാർത്ത, അദീന, യോഹന്നാനു വിവാഹനിശ്ചയം ചെയ്ത മറിയ എന്നിവർ പോയില്ല. അവർ കരഞ്ഞും വിലാപങ്ങൾ പാടിയും കല്ലറയ്ക്കൽ നിന്നു. അവിടെ സംസ്ക്കാര സമയത്ത് പീലാത്തോസിൻ്റെ നിർദ്ദേശപ്രകാരം എമലീയൂസ് എന്ന സൈന്യാധിപൻ തൻ്റെ കുതിരപ്പുറത്ത് ലാസറിനോടുള്ള ആദരവ് അറിയിയ്ക്കാൻ എത്തിച്ചേർന്നു.
ദൂരെനിന്ന് മഹാകള്ളനും ഭീകരകുലപാതകിയുമായ ബറബ്ബാസ് തൻ്റെ കൂട്ടാളികളോടൊപ്പം എത്തി. കൂട്ടാളികൾ സ്ത്രീജനങ്ങളെ കൊള്ളയിടാനും ആക്രമിയ്ക്കാനും തുടങ്ങി. ബറബ്ബാസ് എമലീയൂസിനെ കുന്തംകൊണ്ട് ആക്രമിച്ചു. എന്നാൽ എമലീയൂസ് കുഴൽവിളിച്ച് വളരെപ്പെട്ടെന്നുതന്നെ സൈന്യത്തെ ഒപ്പംകൂട്ടി അദീനയെയും സംഘത്തെയും രക്ഷിച്ചു.
എമലീയൂസ് ബറബ്ബാസിനെ തൻ്റെ കയ്യിലിരുന്ന കുന്തത്താൽ കുത്തി കീഴ്പ്പെടുത്തി, ഭേദ്യംചെയ്ത് അവനെ പീലാത്തോസിൻ്റെ അരമനയിലേയ്ക്ക് കൊടുത്തയച്ചു.
അദീനയോട് എമലീയൂസ് പറഞ്ഞു: "പീലാത്തോസ് അവന് ക്രൂശുമരണം വിധിയ്ക്കും. അവൻ കള്ളനും കുലപാതകിയുമാണ്
ക്രൂശിൽത്തറച്ചു കൊല്ലുന്ന ശിക്ഷ അതിക്രൂരമാണ്. ഘനവും നീളവുമുള്ള വലിയ ആണികൾ കൊണ്ട് കൈകാലുകൾ ക്രൂശിനോട് ചേർത്തടിച്ച് മലയിൽ ക്രൂശുനാട്ടി മൂന്നുനാലു ദിവസം അതിതീക്ഷ്ണമായ വെയിലേറ്റ് ... വെയിലാറിയാൽ പറവജാലങ്ങളുടെ ഉപദ്രവമേറ്റ് ദണ്ഡിക്കപ്പെട്ട്, ദാഹിച്ചു ദാഹിച്ചു മരിക്കും"
എമലീയൂസ് സഹോദരിമാരെ സുരക്ഷിതരായി ഭവനത്തിലെത്തിച്ചു. വീട്ടിലെത്തിയ മാർത്തയും മറിയയും അവരോടുകൂടെയുള്ള മറ്റ് യെരുശലേം പുത്രിമാരും മുറ്റത്തെ മുന്തിരിപ്പന്തലിൻ ചോട്ടിലിരുന്ന് മാറത്തടിച്ചു വിലപിയ്ക്കുകയാണ്.
ദിവസങ്ങൾ മൂന്നു കഴിഞ്ഞു. ഇനിയും യേശു വന്നിട്ടില്ല.

മാർത്ത: " ഇനി യേശു വന്നിട്ടെന്തിന്? എൻ്റെ പ്രത്യാശവറ്റി. നയീനിലെ വിധവാനന്ദനനെ സംസ്ക്കരിയ്ക്കാൻ കൊണ്ടുപോയ വഴിയ്ക്കും, ശതാധിപൻ്റെ മകനെ മരിച്ചയുടനെയുമാണ് യേശു വാക്കിനാൽ ഉയിർത്തെഴുന്നേല്പിച്ചത്. ഇതിപ്പോൾ മരിച്ച് നാലു നാളായല്ലോ"

യരുശലേം ദേവാലയത്തിലെ ഒരു പുരോഹിതൻ: " മകളെ, ഈ യേശു ലാസറിൻ്റെ സ്നേഹിതനെന്നല്ലേ പറഞ്ഞത്. മരിച്ചു നാലുനാളായി അഴുകി നാറ്റംവമിച്ച ജഡത്തെ ഉയിർപ്പിയ്ക്കാൻ അയാളുടെ മായാജാലത്തിന് കഴിയില്ല "
മറിയ: "അല്ലല്ല, പുരോഹിതാ, നിങ്ങൾ അരുതാത്തതൊന്നും പറയരുതേ. ഈ ദീനവും മരണവും ദൈവപുത്രന്റെ മഹത്വം വെളിപ്പെടുത്താനാണ്. എന്നല്ലേ ഗുരു പറഞ്ഞത്. യേശുവിന് ഒരു അത്ഭുതത്തിന് അധിക സമയമൊന്നും വേണ്ട. അവൻ സാക്ഷാൽ മശിഹാ ആണ്. മശിഹാ വരും. എൻ്റെ സഹോദരൻ ലാസറിനെ ഉയിർപ്പിക്കും"

പെട്ടെന്നാണ് ഒരു ആരവം അവരുടെ ചെവിയിൽ കേട്ടത്.

"മിശിഹാ വരുന്നു തൻ്റെ ശിഷ്യരുമായി"

മാർത്തയും സഖിമാരും അവൻ്റെ സന്നിധിയിലേക്കോടി.
മറിയ ക്ഷണത്തിൽ വീടിനുള്ളിൽ കയറി യേശുവിനു വസിപ്പാൻ മുറിയൊരുക്കി. എന്നിട്ട് അദീനയോടൊപ്പം വന്ന് മുന്തിരിപ്പന്തലിൻചോട്ടിലിരുന്നു. മറിയയുടെ മുഖത്തു കണ്ട ദ്യുതിയും ശാന്തതയും അദീനയെ വിസ്മയിപ്പിച്ചു.
യേശു ലാസറിന്റെ ഭവനത്തിലേയ്ക്ക് കയറാതെ ഏശയ്യായുടെ കിണറ്റിനരികെയിരുന്നു.
യേശുവിൻ്റെ പക്കലെത്തിയ മാർത്ത
"കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എൻ്റെ സഹോദരൻ ലാസർ മരിക്കയില്ലായിരുന്നു. മാർത്തയും സഖിമാരും പൊട്ടിക്കരഞ്ഞു.



അധ്യായം - 2



യേശുവിൻ്റെ പാദത്തിൽ വീണുകരഞ്ഞ മാർത്തയെ യേശു കൈയ്ക്കു പിടിച്ചെഴുന്നേല്പിച്ചു. യേശുവും മാർത്തയുമായി വളരെ പ്രസക്തമായ ഒരു സംവാദം നടക്കുകയാണ്.
യേശു: മാർത്തയെ! ലാസർ ഉറങ്ങുകയാണ്, ഞാൻ അവനെ ഉണർത്താനായിട്ടാണ് വന്നിരിയ്ക്കുന്നത് "
മാർത്ത: കർത്താവേ! ഞങ്ങളുടെ സഹോദരൻ മരിച്ചുപോയി, ഉറങ്ങുകയല്ല, മരിച്ചടക്കി നാലുനാളായി.
യേശു: മാർത്തയെ, ഞാൻ അവൻ്റെ മരണത്തെക്കുറിച്ചാണ് പറഞ്ഞത്. ലാസർ മരിച്ചെങ്കിലും എൻ്റെ പിതാവു സ്നേഹിക്കുന്നവർക്കു മരണം ഉറക്കത്തിന് തുല്യമാണ്. നീതിമാന്മാർ മരിക്കുന്നില്ല; മരണം ദുഷ്ടന്മാർക്കുള്ളതാണ്. അവരുടെ മരണം പുഴു ചാകാത്ത ഇടത്തേക്കു എന്നന്നേക്കുമുള്ളതാണ്.
മാർത്ത: നല്ല ഗുരോ! അവസാനത്തെ പൊതുവിലുള്ള ഉയർപ്പിങ്കൽ അവൻ ഉയർത്തെഴുന്നേല്ക്കുമെന്നു ഞാൻ വിശ്വസിക്കുന്നു.
യേശു: സ്വർഗ്ഗത്തേയ്ക്കു നോക്കിക്കൊണ്ട് ഞാൻ തന്നെ പുനരുത്ഥാനവും ജീവനുമാകുന്നു. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്ന് എന്നിൽ വിശ്വസിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കുകയില്ല.
മാർത്ത: കർത്താവേ നീ ലോകത്തിലേയ്ക്കു വരുവാനുള്ള മിശിഹായാണെന്നു ഞാൻ വിശ്വസിക്കുന്നു. അവിടുന്ന് പിതാവിനോട് എന്തുചോദിച്ചാലും തരുമെന്നും ലാസറിനെ ഉയിർപ്പിക്കാൻ അങ്ങേയ്ക്കു കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നു.
അവിടെ ഒരു പരീശൻ യേശുവിനു നേരെ പരിഹാസശരങ്ങൾ എയ്തുകൊണ്ടിരുന്നു. യേശു അവനെ ഗണ്യമാക്കാതെ മാർത്തയോടു പറഞ്ഞു:
"ഞാൻ വരാൻ താമസിച്ചപ്പോൾ നിങ്ങളുടെ വിശ്വാസം തണുത്തുപോയോ? ഇന്ന് ലാസറിലൂടെ എൻ്റെ പിതാവ് മഹത്വപ്പെടും. ഞാൻ ജീവനും ജീവനെ നല്കുന്നവൻ്റെ പക്കൽനിന്നുവന്നവനുമെന്ന് ഇന്ന് ലോകർക്കു വെളിപ്പെടും. നീ ചെന്ന് നിൻ്റെ സഹോദരിയെ വിളിച്ചുകൊണ്ടുവരിക. എനിക്ക് അവളോട് സംസാരിപ്പാനുണ്ടെന്നും പറയുവിൻ"
യേശുവിനെ സംശയിച്ചതിൻ്റെ കുറ്റബോധത്തോടെ ഓടിച്ചെന്ന് അവൾ മറിയയെ വിളിച്ചു. ഗുരു നിന്നെ വിളിക്കുന്നു. ഏശയ്യായുടെ കിണറ്റിനരികെ ഇരിക്കുന്നു. യേശു ലാസറിനോടൊപ്പമല്ലാതെ ഈ വീട്ടിൽ ഇനി വരികയില്ല, എന്നു പറഞ്ഞു.
മറിയ യേശുവിന്നരികെ ചെല്ലുമ്പോൾ, കിണറിനടുത്തുനിന്ന് യേശു തൻ്റെ പാദങ്ങങ്ങളെ കഴുകിക്കൊണ്ട്, തനിക്കു ചുറ്റും കൂടി നില്ക്കുന്ന ജനത്തോട് മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. മറിയ വീട്ടിൽ നിന്നിറങ്ങി ഓടുന്നതുകണ്ട മറിയയുടെ സഖിമാരും മറ്റാൾക്കാരും വേഗം അവിടെ ഓടിവന്നു.
മറിയ യേശുവിൻ്റെ പാദത്തിങ്കൽ വീണു. കണ്ണുനീരിനാൽ യേശുവിൻ്റെ പാദങ്ങൾ നനച്ചു. അവളുടെ നീണ്ടു ചുരുണ്ടു കിടക്കുന്ന സമൃദ്ധമായ കേശം കൊണ്ട് അവൾ ആ കണ്ണീർ തുവർത്തി. എന്നിട്ട് ഉച്ചത്തിൽ വിലപിച്ചു:
"കർത്താവേ അവിടുന്ന് ഇവിടെ ഉണ്ടായിരുന്നുവെങ്കിൽ എൻ്റെ സഹോദരൻ മരിക്കയില്ലായിരുന്നു" ഇങ്ങനെ തന്നെയാണ് മാർത്തയും പറഞ്ഞത്. മറിയ വീണ്ടും നിർത്താതെ നിലവിളിച്ചുകൊണ്ടിരുന്നു. അവിടെ കൂടിനിന്ന ശ്രേഷ്ഠജനവും സാമാന്യജനവും കണ്ടു നിന്ന എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. യേശു അവളുടെ കണ്ണീർകണ്ട് മനമലിഞ്ഞ്, എഴുന്നേല്ക്ക, അവൻ്റെ കല്ലറയിങ്കൽ പോകാം, നിങ്ങൾ അവനെ എവിടെ വച്ചു? എന്നുചോദിച്ചു. മറിയ യേശുവിൻ്റെ കുപ്പായവിളുമ്പിന്മേൽ പിടിച്ചുകൊണ്ട്, ഒലിവുമലയുടെ താഴ്‌വരയിലുള്ള കല്ലറയിലേയ്ക്ക് നടന്നു.
ഈസമയം മാർത്ത ഓടിപ്പോയി ലാസറിൻ്റെ മുറി അടിച്ചുവാരി അതിവിശേഷങ്ങളായ സുഗന്ധ പുഷ്പങ്ങൾ കൊണ്ട് അവൻ്റെ മുറിയും അവൻ കിടന്നിരുന്ന കട്ടിലും അലങ്കരിച്ചു. കണ്ടുനിന്ന, ഒരയൽവാസി ചോദിച്ചു: " നീ ഇതെല്ലാം യേശുവിനായി ഒരുക്കുന്നുവോ?"
മാർത്ത പറഞ്ഞു: "അല്ലല്ല, യേശുവിനുള്ള മുറി മുമ്പേ തന്നെ മറിയ വെടിപ്പാക്കിയിട്ടുണ്ട്. ഇത് ലാസറിനു വേണ്ടിയാണ്."
"മരിച്ചുപോയ ആൾക്കോ?"
"അല്ല, ലാസർ ഇന്ന് ഈ മേശയിൽനിന്ന് യേശുവിനൊപ്പം ഭക്ഷണം കഴിച്ച് ഈ പൂമെത്തയിൽ ഉറങ്ങും, ഒരു സംശയവും വേണ്ട"
യേശു കല്ലറയിങ്കലേയ്ക്കു പോയി എന്ന വിവരം അറിഞ്ഞ മാർത്തയും അദീനയും യോഹന്നാൻ്റെ പ്രതിശ്രുതവധുവായ മറിയയും കൂടി കല്ലറയിങ്കലേക്ക് ബദ്ധപ്പെട്ട് ഓടിച്ചെന്നു. അവിടെ ഒരു ജനക്കൂട്ടം ഉണ്ടായിരുന്നു
മാർത്തയും മറിയയും മറ്റെല്ലാവരും യേശുവിനെ ഉറ്റുനോക്കിക്കൊണ്ടുനിന്നു. യേശു കരയുന്ന മറിയയേയും മാർത്തയേയും കല്ലറയേയും നോക്കി, യേശുവും കണ്ണുനീർ വാർത്തു. യേശുവിൻ്റെ കണ്ണീർധാരകൾ കവിൾത്തടങ്ങളിലൂടെ താടിയിലൂടെ ഒലിച്ചിറങ്ങി ഒരു തുള്ളി അദീനയുടെ കൈമേലും വീണു. അദീന ആ കണ്ണീർത്തുള്ളിയിൽ ചുംബിച്ച് അതൊരു മഹാഭാഗ്യമായിക്കരുതി ദൈവത്തെ മനസ്സാൽ സ്തുതിച്ചു. കൂടിനിന്ന യഹൂദന്മാർ പറഞ്ഞു:
" കണ്ടോ, യേശു കരയുന്നേ, ഇവന് ലാസറിനെ എത്രയധികം ഇഷ്ടമായിരുന്നെന്ന് ഇതിനാലറിയാമല്ലോ?"
യേശു കല്ലറയ്ക്കടുത്തേയ്ക്കു വന്ന്, കല്ലറ ഗുഹയുടെ വാതിൽക്കൽ വച്ചിരുന്ന കല്ല് ഉരുട്ടിനീക്കുവാൻ കല്പിച്ചു. മാർത്ത പറഞ്ഞു:
"കർത്താവേ! ജഡം ചീഞ്ഞഴുകി നാറ്റം വമിച്ചു കാണും, നാലു ദിവസം കഴിഞ്ഞില്ലേ?"
യേശു ഉത്തരമായി പറഞ്ഞു: "മകളെ വിശ്വസിക്ക, വിശ്വസിച്ചാൽ നീ ദൈവത്തിൻ്റെ മഹത്വവും ശക്തിയും കാണും "
ജനങ്ങൾ വളരെ ക്ലേശിച്ച് കല്ലറ വാതില്ക്കലെ കല്ലുരുട്ടിമാറ്റി. തിങ്ങിക്കൂടിനിന്ന ജനം ദുർഗന്ധം സഹിക്കവയ്യാതെ, മൂക്കുപൊത്തിക്കൊണ്ട് ദൂരേയ്ക്ക് ഓടിമാറിനിന്നു.
യേശുവും മറിയയും തനിച്ചായി. മാർത്ത പോലും മാറിക്കളഞ്ഞു.
യേശു കല്ലറയ്ക്കുള്ളിലേയ്ക്ക് സൂക്ഷിച്ചുനോക്കി. ശവക്കച്ചകൊണ്ടു പൊതിഞ്ഞ ലാസറിൻ്റെ ഉടലും വെള്ളപ്പട്ടുറുമാലുകൊണ്ടു മൂടിക്കെട്ടിയിരുന്ന മുഖവും കണ്ടു. യേശു നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ സ്വർഗ്ഗത്തേയ്ക്കുനോക്കി ബഹു വണക്കത്തോടെ പ്രാർത്ഥിച്ചു:
"പിതാവേ! നീ എന്നെ ചെവിക്കൊണ്ടതു കൊണ്ടു ഞാൻ നിന്നെ സ്തുതിക്കുന്നു. ഇപ്പോഴും എൻ്റെശക്തി നിന്നിൽനിന്നാകുന്നുവെന്നും, നീതന്നെയാണ് എന്നെ അയച്ചത് എന്നും ഈ നില്ക്കുന്ന ജനക്കൂട്ടത്തെ അറിയിക്കേണമെ! വിശുദ്ധനായ പിതാവേ! നീ എനിക്കു നല്കിയ ശക്തിയാൽ ഞാൻ ഭൂമിയിൽ മഹത്വപ്പെടട്ടെ"

യേശു കല്ലറയിങ്കലേയ്ക്ക് കൈനീട്ടിക്കൊണ്ടു "ലാസറസേ പുറപ്പെട്ടു വരിക" എന്ന് അധികാരത്തോടെ ഉറക്കെ വിളിച്ചുപറഞ്ഞു. ഉടനെ ആ ശവം എണീറ്റ് ഇറങ്ങി വന്നു. അവൻ്റെ ശരീരം ശവശീലയാലും മുഖം ഒരു പട്ടുറുമ്മാലുകൊണ്ടും കെട്ടിയിരുന്നു. അവൻ ഇറങ്ങി വരുന്നതുകണ്ട് അവിടെ നിന്നിരുന്നവരെല്ലാം ഭയന്നു പിന്നോക്കമോടി.
മാർത്ത"ലാസറസേ" എന്നു വിളിച്ചു ബോധരഹിതയായി കവിണ്ണുവീണു. "അവനെ കെട്ടഴിച്ചുവിടുവിൻ" എന്ന് യേശു കല്പിച്ചപ്പോൾ അവനോട് അടുക്കുന്നതിനും തൊടുന്നതിനും മറിയയ്ക്കു മാത്രമേ ധൈര്യമുണ്ടായിരുന്നുള്ളൂ. അവൾ ചെന്നു മുഖത്തെ തൂവാല അഴിച്ചു നീക്കിയപ്പോൾ മറ്റുള്ളവർ കൈകാലുകളിലെ കെട്ടുകളഴിച്ചു. ലാസറസ് യേശുവിനെ കണ്ടു. ഉടനെ നാഥനെ വന്ദിപ്പാൻ അവൻ യേശുവിൻ്റെ കാല്ക്കൽവീണു. യേശു ലാസറിനെ കൈയ്ക്കു പിടിച്ചെഴുന്നേല്പിച്ച് അവനെ ആലിംഗനം ചെയ്തു. മറിയയും കരഞ്ഞുകൊണ്ടോടി വന്ന് ലാസറിനെ ചുംബിച്ചു. ലാസർ തന്നെ മാർത്തയെ താങ്ങി എഴുന്നേല്പിച്ചു. "സഹോദരീ" എന്ന ലാസറിൻ്റെ വിളികേട്ടു സുബോധം വീണ്ടുകിട്ടിയ മാർത്തയും ലാസറിനെ സന്തോഷാധിക്യത്താൽ കെട്ടിപ്പിടിച്ചു ചുംബിച്ചു.
കൂടിനിന്ന ജനം ആഹ്ലാദ ചിത്തരായി സങ്കീർത്തനങ്ങൾ പാടി ദൈവത്തെ മഹത്വപ്പെടുത്തി.
യേശുവും ലാസറും ഒന്നിച്ച് ഭവനത്തിലേയ്ക്കു നടന്നു. അനേകംപേർ യേശുവിൻ്റെ മുമ്പിൽ സാഷ്ടാംഗം വീണു.
മാർത്ത അലങ്കരിച്ചൊരുക്കിയ ഭക്ഷണമേശയിങ്കൽ ലാസർ യേശുനാഥനൊപ്പമിരുന്ന് യേശു വാഴ്ത്തി അനുഗ്രഹിച്ച ഭക്ഷണം കഴിച്ച് പിതാവാം ദൈവത്തെ മഹത്വപ്പെടുത്തി. മാർത്ത ഒരുക്കിയ പുഷ്പാലംകൃതമായ ശയ്യയിൽ ലാസർ ആ രാത്രി ഉറങ്ങി. കൂടി നിന്ന ജനമെല്ലാം യേശു സാക്ഷാൽ ദൈവപുത്രൻ, ഇവനാണ് വരാനിരുന്ന മിശിഹാ എന്ന് അട്ടഹസിച്ചു പറഞ്ഞ് പിതാവാം ദൈവത്തെ സ്തുതിച്ചു.

photo courtesy; fb