സമാഗമം : കവിത, പുഷ്പ ബേബി തോമസ്

സമാഗമം : കവിത, പുഷ്പ ബേബി തോമസ്

നീണ്ട കാത്തിരിപ്പിന് വിരാമമേകി

നീയെൻ ചാരത്ത് ഇന്നലെ അണഞ്ഞപ്പോൾ

തൊണ്ടയിൽ കുടുങ്ങി പതുങ്ങി നിന്നു;

നിന്നോട് പറയാൻ കാത്ത പരിഭവങ്ങൾ

 

നിറഞ്ഞൊഴുകിയ കണ്ണീരാൽ

അണഞ്ഞൊഴുകി

നെഞ്ചിൽ കത്തിപ്പടർന്ന നോവുകളും

 

സീമന്തരേഖയിലെ  ചുംബനത്താൽ

മാണിക്യകാന്തിയിൽ തിളങ്ങി വീണ്ടുമെൻ

സിന്ദൂരം

 

ആ മാറിൽ  ചേർത്തെന്നെ പുണർന്നപ്പോൾ

തളിരണിഞ്ഞു വീണ്ടുമെൻ  താരുണ്യം

 

നിൻ മൃദുകരത്തിൻ തലോടലിനാൽ

വിരഹാഗ്നിയിൽ വെന്ത മുറിവുകൾ മാഞ്ഞു പോയി.

 

തേൻ മൊഴി കാതിൽ പൊഴിഞ്ഞപ്പോൾ

നിർവൃതിയാൽ കൂമ്പിയെൻ മിഴികളും

 

' ഇനി പിരിയില്ല തോഴീ..... ''

എന്നൊരു വാക്കു മാത്രം മതിയെനിക്ക്

ഈ ജന്മം സഫലമായി തീരുവാനായി......

 

പുഷ്പ ബേബി തോമസ്