പുന്നപ്രയുടെ മണ്ണ് രക്തസാക്ഷികളുടേത്, വഞ്ചനകാണിച്ചവരെ പ്രോല്‍സാഹിപ്പിക്കില്ല: പിണറായി വിജയന്‍

Apr 1, 2026 - 13:38
 0  4
പുന്നപ്രയുടെ മണ്ണ്  രക്തസാക്ഷികളുടേത്,  വഞ്ചനകാണിച്ചവരെ പ്രോല്‍സാഹിപ്പിക്കില്ല: പിണറായി വിജയന്‍

ആലപ്പുഴ: പുന്നപ്രയുടെ മണ്ണ് രക്തസാക്ഷികളുടേതാണെന്നും വഞ്ചന കാണിച്ചവരെ ഒരിക്കലും പ്രോല്‍സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്പലപ്പുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എച്ച്. സലാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് സി.പി.എം വിട്ട ജി.സുധാകരനെതിരെ പിണറായി പരോക്ഷമായി വിമര്‍ശനം ഉന്നയിച്ചത്. 

മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ഒരു അവസരവാദിയാണെന്നും ഇത്തരം അവസരവാദ നിലപാടുള്ളവര്‍ ചരിത്രത്തിന്റെ ചെളിക്കുണ്ടില്‍ താഴ്ന്നു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിന്റെ ഏറ്റവും പ്രകടമായ അവസരവാദ നിലപാടിന്റെ പ്രതീകമായി അമ്പലപ്പുഴ മാറിയിരിക്കുകയാണെന്നും ഇതിലൂടെ എല്‍ഡിഎഫിനെ പരാജയപ്പെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു  കോണ്‍ഗ്രസും ബിജെപിയും ഈ അവസരവാദിയുമായി ചേര്‍ന്ന് വോട്ട് കച്ചവടം നടത്തി എല്‍ഡിഎഫിനെ പരാജയപ്പെടുത്താനാണ് പരീക്ഷിക്കുന്നത്.

കേരളത്തിലെ സിപിഎമ്മില്‍ നിര്‍ഭയമായും സത്യസന്ധമായും രാഷ്ട്രീയപ്രവര്‍ത്തനം തുടരാനാകാത്ത സാഹചര്യമായതിനാലാണ് പാര്‍ട്ടി വിട്ടതെന്ന് മുന്‍ മന്ത്രി ജി. സുധാകരന്‍ പറഞ്ഞിരുന്നു. 
അഴിമതിക്കാര്‍ക്കും ക്രിമിനല്‍- മാഫിയ രാഷ്ട്രീയം കൈയാളുന്നവര്‍ക്കും എതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.