പശ്ചാത്താപം; കഥ, സൂസൻ പാലാത്ര

മാവേലിക്കരയുള്ള മകളുടെ വീട്ടിൽ പോകാൻ ധൃതിയിൽ ഒരുങ്ങുമ്പോഴാണ്. ഒരു ഫോൺകാൾ. സാരി വലിച്ചുവാരി കയ്യിൽ കൂട്ടിപ്പിടിച്ചുകൊണ്ട് ഓടിപ്പോയി ഫേണെടുത്തു. സഹോദരനാണ്. അല്പം പണം അത്യാവശ്യമാണെന്ന്. അവളെ സംബന്ധിച്ച് വളരെ വലിയ തുകയാണ് ചോദിച്ചിരിക്കുന്നത്. കയ്യിൽ അങ്ങേയറ്റം പോയാൽ ഒരു ആറായിരം രൂപയുണ്ട്. അതുമായിട്ടാണ് മകളുടെ വീട്ടിൽ ഒന്നുപോയി വരാമെന്നു കരുതിയത്. താൻ ചെല്ലുന്ന വിവരം അറിഞ്ഞതുമുതൽ മകളുടെ മക്കൾ ....കൊച്ചു മക്കൾ കാത്തിരിക്കുന്നതാണ്. മരുമകന് കൊള്ളാവുന്ന ഒരു ജോലിയുണ്ട്. മകൾക്ക് നല്ല പഠിപ്പുണ്ടെങ്കിലും ജോലിയില്ല. എന്നാലും അഷ്ടിക്ക് വകയുണ്ടല്ലോ എന്നതൊരു സന്തോഷമാണ്. എന്നാലും മോളുടെ വീട്ടിൽ ചെന്നു കയറുമ്പോൾ കുഞ്ഞുമക്കൾ ഓടിവരും... ഇപ്പോഴുള്ള ആകെ സന്തോഷം ആ ചില്ലറകളുടെ കിലുകിലാരവമാണ്.
കോഴിമുട്ടവിറ്റും പശൂവിൻപാലുവിറ്റും കഷ്ടിച്ച് ഉപജീവനം നടത്തുന്ന വൃദ്ധ ദമ്പതികളുടെ കയ്യിൽ നിന്ന് ഒന്നും ഇനി കിട്ടാനില്ലെന്നറിഞ്ഞിട്ടും മകളോ മരുമകനോ പുച്ഛമൊന്നും ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അച്ഛനമ്മമാർ മക്കളെയും ഒന്നിനും ആശ്രയിക്കുകയോ ഒന്നും അവരെ ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല. ആരുടെ കഴുത്തിലും നുകം വച്ചുകെട്ടാൻ ഇടയാവരുതേ എന്ന പ്രാർത്ഥനയിലാണ്.
രണ്ടാമത്തെ സഹോദരന് രണ്ടാൺ മക്കൾ. ഇരുവർക്കും വലിയ ശമ്പളമില്ലാത്ത ചെറിയ ജോലികളുണ്ട്. എന്നിട്ടും അവർക്ക് അപ്പിടി കടമാണുപോലും. സഹോദരൻ ആളുഡീസൻറാണ്. തീരെ ഗതികെട്ടെങ്കിലേ തന്നോടു പണം ചോദിയ്ക്കൂ... ബാക്കി സഹോദരങ്ങളൊക്കെ അന്നിത്ര കൊടുത്തു... ഇന്നിത്ര കൊടുത്തു എന്ന് അവനു കൊടുത്തതിൻ്റെ കണക്കുകൾ ഇടയ്ക്കൊക്കെ വിളിച്ചു പറയാറുണ്ട്.
രാജൂ... ഞാൻ മാവേലിക്കരയ്ക്കു പോകാൻ ഒരുങ്ങിനില്ക്കുവാ. ഞാൻ വരുമ്പോൾ നീ ചോദിച്ച അത്രയും തന്നില്ലെങ്കിലും ഒരു രണ്ടായിരം രൂപ സംഘടിപ്പിച്ചു തരാം... പോയിട്ടു വരട്ടെ. ഘനഗംഭീരമായി സംസാരിച്ചിരുന്ന രാജുവിൻ്റെ ചിലമ്പിച്ച സ്വരം. ഞാൻ അത്രയുമൊന്നും പഴക്കം ഇല്ലെടീ. രണ്ടായിരം കിട്ടിയിട്ടു കാര്യമില്ല, എന്നാ വേണ്ട.
" എന്നാടാ അത്യാവശ്യം "
"അതൊക്കെപ്പറയാം, കാശൊണ്ടോ കയ്യില് "
"നീ പൂമ്പാറ്റക്കവലവരെ വരാവൊടാ"
"എനിക്കു യാത്ര ചെയ്യാമ്മേല "
" നിൻ്റെ പിള്ളേരെന്തിയേ?"
" അവരു ജോലിക്കു പോയി "
" അവരൊന്നും തരുവേലേടാ "
" അതുങ്ങൾക്കപ്പിടി കടമാ. നിനക്കു തരാമ്പറ്റുവോന്നുപറ"
"ഞാൻ പോയിട്ട് ഉടനെ വരും "
"അളിയൻ്റെ കയ്യിൽ കൊടുത്തു വിട്"
"ചേട്ടനും കൂടെ എൻ്റൊപ്പം വരുവാ"
"വിഷമിയ്ക്കണ്ട വന്നാലുടൻ പണം സംഘടിപ്പിച്ചോണ്ടു വരാം"
മോളെ പോയിക്കണ്ടിട്ട് വല്ലതും പണയം വച്ചിട്ടെങ്കിലും സഹോദരനെ സഹായിക്കണം. രാജി തീർച്ചപ്പെടുത്തി.
അവൾക്കു് ഈയിടെയായി അപ്പിടി മറവിയാണ്.
കുഞ്ഞുമക്കളുടെ കളിയിലും ചിരിയിലും എല്ലാം മറന്നു. പിറ്റേന്നു തിരിച്ചു വരാൻ പോയ തങ്ങളെ മക്കൾ അവിടെ നിർബ്ബന്ധിച്ചു പിടിച്ചു നിർത്തി.
സന്തോഷം അലയടിച്ചു. ജീവിതത്തിലെ മടുപ്പുള്ള ദിനങ്ങൾക്ക് അവധി കൊടുത്തു.
പെട്ടെന്നാണ് ഒരു ഫോൺ കോൾ... മറുതലയ്ക്കൽ ഇളയ സഹോദരനാണ്. എല്ലാ സഹോദരങ്ങളുടെയും ക്ഷേമം എപ്പോഴും അന്വേഷിക്കുന്നവൻ. ഫോൺ എടുത്തു.
"വറീച്ചാ എന്നാടാ"
"നീ എവിടെയാ "
"മാവേലിക്കര, അമ്പിളി മോടടുത്ത് "
" എന്നാ മോടെ കയ്യിൽ ഫോൺ കൊടുത്തേ"
" എന്നാടാ എന്നോടു പറയെടാ "
" നമ്മുടെ രാജു "
"രാജൂ.... രാജൂന് എന്നാ പറ്റി..."
വറീച്ചൻ മിണ്ടുന്നില്ല... ഒരു തേക്കം കേൾക്കാം.. ഫോൺ ഡിസ്കണക്ടായി.
"അയ്യോ എൻ്റെ വറീച്ചൻ വല്ലാതെ തേങ്ങുന്നു. എന്തൊരു തേങ്ങലാണ്. രാജിയ്ക്ക് ഒന്നും പിടികിട്ടിയില്ല.
മോൾ വിളിച്ചു....
" അങ്കിൾ ഞാനാണ് അമ്പിളി മോൾ പറയൂ... "
ഫോൺ സ്പീക്കറിലാണ്.
രാജുച്ചായൻ നമ്മളെ ഇട്ടിട്ടു പോയെടാ..."
മോളുടെ കയ്യിൽ നിന്ന് ഫോൺ താഴെ വീണു...
......
" എപ്പം .... എൻ്റെ ദൈവമേ, എന്നോട് എൻ്റെ കുഞ്ഞ് അവസാനമായി ചോദിച്ച ആ പണം, കൊടുത്തില്ലല്ലോ രാജി പൊട്ടിക്കരഞ്ഞു.....
ഇന്നും അവൾ അതു പറഞ്ഞ് ആ കരച്ചിൽ തുടർന്നു കൊണ്ടേയിരിക്കുന്നു...
.......