മഴക്കാലമെത്തി; ജാഗ്രതവേണം

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. തോരാതെ പെയ്യുന്ന മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ മാത്രം സംസ്ഥാനത്ത് ഒരു ഡസനിലേറെ പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. മഴവെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽ വെള്ളത്തിൽ വീണും മരച്ചില്ലകൾ വീണുണ്ടായ അപകടങ്ങളിലും ഷോക്കേറ്റും വീടുകളും മതിലുകളും ഇടിഞ്ഞുമാണ് പല അപകടങ്ങളും സംഭവിച്ചിട്ടുള്ളത്.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) ജൂണ്‍ ഒന്നോടെയും തുലാവര്‍ഷം ഒക്ടോബര്‍ പാതിയോടെയും എത്തുമെന്ന കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് ഇത്തവണ 8 ദിവസം മുൻപേ സംസ്ഥാനത്ത് കാലവര്ഷമെത്തിയത്. മാത്രമല്ല ചെറിയ തോതില്‍ തുടങ്ങി ക്രമേണ മഴ ശക്തിപ്പെടുന്ന പതിവ് തെറ്റിച്ച് ഇത്തവണ കാലവർഷത്തിലെ ആദ്യ ദിനം മുതലേ അതിതീവ്ര മഴയാണ് പെയ്യുന്നത് .
ഇതിനിടെ പ്രളയ ഭീഷണി .മുന്നറിയിപ്പുകൾ വന്നുകൊണ്ടേയിരിക്കുന്നു. 2018 ലെ പ്രളയത്തിന്റെ രൂക്ഷത വർദ്ധിപ്പിച്ചത് മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നുവിട്ടതുകൊണ്ടാണെന്ന ആരോപണം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിനാൽ ജനങ്ങൾക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകിക്കൊണ്ടോ അപകടകരമായ സ്ഥലങ്ങളിൽ നിന്ന് അവരെ മാറ്റിപ്പാർപ്പിച്ചതിനു ശേഷമോ മാത്രമേ ഡാമുകൾ തുറക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കാവൂ.
ദിവസങ്ങള്‍ നീളുന്ന അതിതീവ്രമഴ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും കാരണമാകുന്നു. മണ്ണിടിച്ചിലും ഉരുൾപൊട്ടലും പ്രളയവുമുണ്ടായാൽ നേരിടാനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കേണ്ടതുണ്ട്. പ്രകൃതി ദുരന്തങ്ങൾക്കു സാധ്യതയുള്ള മേഖലകൾ കണ്ടെത്തി അവിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടിയിരിക്കുന്നു. ദുരന്തങ്ങളിൽ മനുഷ്യജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള മുന്നൊരുക്കം നടത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ദുരന്തങ്ങളുണ്ടാവാതിരിക്കാൻ ഏറെ ജാഗ്രത ആവശ്യമുള്ള സമയമാണിത്.