കിടപ്പുരോഗികൾക്ക് പരിചരണം; സംസ്ഥാന സര്‍ക്കാർ നടപ്പാക്കുന്ന സാര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതി അടുത്ത മാസം മുതല്‍

Jun 24, 2025 - 12:44
 0  11
കിടപ്പുരോഗികൾക്ക്  പരിചരണം; സംസ്ഥാന സര്‍ക്കാർ നടപ്പാക്കുന്ന  സാര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതി  അടുത്ത മാസം മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കിടപ്പുരോഗികളായ എല്ലാവര്‍ക്കും കൃത്യമായ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയുടെ പ്രവര്‍ത്തനം അടുത്ത മാസം മുതല്‍. പാലിയേറ്റീവ് പരിചരണ പദ്ധതിയുടെയും 'കേരള കെയര്‍' പാലിയേറ്റീവ് ശൃംഖലയുടെ പ്രവര്‍ത്തനത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 28ന് വൈകിട്ട് 4ന് എറണാകുളം കളമശ്ശേരി രാജഗിരി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കേരളം പാലിയേറ്റീവ് പരിചരണ രംഗത്ത് നടത്തുന്ന സുപ്രധാന ഇടപെടലുകളിലൊന്നാണ് സാര്‍വത്രിക പാലിയേറ്റീവ് പരിചരണ പദ്ധതിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നവകേരളം കര്‍മ്മപദ്ധതി രണ്ട് ആര്‍ദ്രം മിഷനിലെ പത്ത് പ്രധാന പ്രവര്‍ത്തന മേഖലകളിലൊന്നാണ് പാലിയേറ്റീവ് കെയര്‍. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ചു. കിടപ്പിലായ എല്ലാ രോഗികള്‍ക്കും ശാസ്ത്രീയ പരിചരണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി