പതിനേഴാം രാവിലെ പുഞ്ചിരി; മിനി സുരേഷ്

പതിനേഴാം രാവിലെ പുഞ്ചിരി; മിനി സുരേഷ്

 റോഡിനപ്പുറത്തുള്ള പൈപ്പിൽ നിന്നും വെള്ളം കുടത്തിലേന്തി വീട്ടിലേക്കു മടങ്ങുകയായിരുന്നു ഗീതമ്മ. വേനലായാൽ വെള്ളത്തിന് ക്ഷാമമാണ്.

മഴക്കാലം വന്നാലോ നിമിഷനേരം കൊണ്ടു വെള്ളം ഇരച്ചു കയറി വീടുകളെല്ലാം വെള്ളത്തിനടിയിലാകും. വിനോദ സഞ്ചാരകേന്ദ്രമാണത്രേ. ഇവിടെ താമസിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ വല്ലതും നാട് കാണാൻ വരുന്നവർക്കറിയണോ.

അതുമല്ല തങ്ങളുടെ കൂട്ടർ ആരുമില്ല. അധികവും മുസ്ലീം കുടുംബങ്ങൾ. എല്ലാവരോടും സംസാരിക്കുമെങ്കിലും അതിൻറെ ഒരു ഇഷ്ടക്കേടും അവളുടെ ഉള്ളിലുണ്ട്. വീട് വിറ്റിട്ടു പോകണമെന്നൊക്കെ പറഞ്ഞ് ഇടക്ക് അവൾ ഭർത്താവ് രാജപ്പനോട് വഴക്കു കൂടാറുണ്ട്.

 പക്ഷേ എങ്ങോട്ടു പോകുവാൻ. കുമരകം പക്ഷിസങ്കേതത്തിലേക്കു പോകുന്ന വഴി കരിക്ക് കച്ചവടമാണയാൾക്ക്. കൊറോണ വന്നതിൽ പിന്നെ

കച്ചവടവും മടുപ്പാണ്. എല്ലാം തൻറെ വിധി.  ആരോടെന്നില്ലാതെ സ്വയം പിറുപിറുത്തു കൊണ്ട് അവൾ നടന്നു. വഴിയിൽ വിലങ്ങനെ ഒരു കാർ

ആരോ കൊണ്ടു വന്നിട്ടിരിക്കുന്നു. 'മനുഷ്യർക്ക്  വഴി നടക്കണമെന്നൊരു ചിന്തയുമില്ല, ശല്യം'

 ഓ,അപ്പുറത്ത് ഖദീജയുടെ വീട്ടിലേക്കാവും. നോമ്പ് തുടങ്ങിയാൽ പിന്നെ ഇവിടുത്തെ വീടുകളിൽ കാറുകളുടെ തിരക്കാണ്. സക്കാത്ത് നൽകാൻ എത്തുന്ന സമ്പന്നരുടെ ബഹളമാണ്. അധികവും ആളുകൾ ഖദീജയ്ക്കാണ് സാധനങ്ങളും ,പണവും നൽകുന്നത്. ഖദീജയുടെ ഭർത്താവ് മരിച്ചു പോയതാണ്. വിധവകൾക്കും, യത്തീമായ കുഞ്ഞുങ്ങൾക്കും സക്കാത്ത് നൽകിയാൽ ഇരട്ടി കൂലിയാണത്രേ. ഗീതമ്മക്കു കലിയും,കുശുമ്പും മനസ്സിലേക്കു തികട്ടി വന്നു.

  വീട്ടിലെത്തുമ്പോൾ കെട്ടിയോൻ രാജപ്പൻ ടി.വിയും കണ്ടിരിക്കുന്നു. "ഓ,നിങ്ങൾക്കിവിടെ ഒരു പണിക്കും പോകാതെ സുഖിച്ചിരുന്നാൽ മതിയല്ലോ, ഞാൻ വേണം ഒരു മൈൽ നടന്ന് വെള്ളവും ചുമന്ന് വരാൻ ..എന്തിനാണോ ഇങ്ങനെയൊരു കെട്ടിയോൻ" മനസ്സിലടക്കിയ ദേഷ്യം മുഴുവനും അയാളുടെ നേരെയങ്ങു തീർക്കുന്നതിനിടയിലാണ് പുറത്ത് ഖദീജയുടെ വിളി കേട്ടത്.

 ഇവളെന്തു കാണാനാവോ എഴുന്നള്ളിയിരിക്കുന്നത്.

"ഗീതമ്മ ചേച്ചിക്ക്,  കുറച്ച് അരിയും ,സാധനങ്ങളും നൽകാൻ വന്നതാ". ബഹളത്തിനിടയിൽ കയറി വന്നതിൻറെ ഒരു ചമ്മൽ ഖദീജയുടെ മുഖത്ത്

നിറഞ്ഞു നിന്നിരുന്നു.

"നോമ്പിൻറെ പതിനേഴാം രാവാണ്. ഇന്ന് സക്കാത്ത്കൊടുത്താൽ പടച്ചവൻ ഇരട്ടി കൂലി കൊടുക്കുമെന്നാണ്. അതാണ് ഇന്ന് ഒരു പാട് ആളുകൾ വന്നത്. ചേച്ചിക്ക് വഴി നടക്കുവാൻ ബുദ്ധിമുട്ടായിക്കാണും അല്ലേ".

"ഓ,അതൊന്നും സാരമില്ല "സാധനങ്ങൾ കണ്ട സന്തോഷത്തിൽ ഗീതമമ പറഞ്ഞു. ഒരാഴ്ചത്തേക്കു വേണ്ട സാധനങ്ങളും ,കുറച്ച് ഇറച്ചിയും ഉണ്ട്. എത്ര

നാളായി ഇത്തിരി ഇറച്ചിക്കറി കൂട്ടിയിട്ട് . അല്ലേലും ഇക്കൂട്ടർ സ്നേഹമുള്ളവരാണ്.

 "ചേച്ചി  ഒരു കാര്യം പറഞ്ഞാൽ പിണക്കം തോന്നരുത്. ചേട്ടനുമായിങ്ങനെ വഴക്കു കൂടരുത്. എൻറെ ഇക്കാ പോയതിൻറെ സങ്കടം ഇതുവരെ മനസ്സിൽ നിന്നും പോയിട്ടില്ല. നമ്മൾക്കും കൊച്ചുങ്ങൾക്കും ഇവരല്ലാതെ ആരുമില്ല". ഖദീജ മടിയോടെ പറഞ്ഞു.

"അവളിങ്ങനെ ബഹളം കൂട്ടുമെന്നേ ഉള്ളു . പാവമാ"

അകത്തു നിന്ന് രാജപ്പൻ വിളിച്ചു പറഞ്ഞു.

അതു കേട്ട് ഗീതമ്മയുടെ മുഖത്തും ഒരു പുഞ്ചിരി

തെളിഞ്ഞു.