നവകേരള സർവെ: അടിയന്തര വാദത്തിന് സുപ്രീം കോടതി അനുമതി
ന്യൂഡല്‍ഹി: നവകേരള സർവെ റദ്ദാക്കിയതിനെതിരായ ഹര്‍ജിയില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന കേരള സർക്കാരിന്‍റെ ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.
സർവെ റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാണ് സർക്കാരിന്‍റെ ആവശ്യം. മന്ത്രിസഭയുടെ അനുമതിയോടെയാണ് സർവെ നടത്തുന്നതെന്നും ബജറ്റില്‍ വകയിരുത്തിയ പണമാണ് ഇതിനായി ഉപയോഗിക്കുന്നതെന്നുമാണ് സർക്കാർ കോടതിയെ അറിയിക്കുക.
സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനാണ് നവകേരള സര്‍വെക്കു തുടക്കമിട്ടതെന്നു സർക്കാർ പറയുന്നു. 20 കോടി രൂപ ഇതിനായി വകയിരുത്തി. എന്നാൽ, സിപിഎമ്മിന്‍റെ രാഷ്‌ട്രീയ പ്രചാരണത്തിന് സർക്കാർ പണം ഉപയോഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കെഎസ്‌യു നേതാക്കളായ അലോഷ്യസ് സേവ്യര്‍, മുബാസ് എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചു.